'വേട്ടൈയാട് വിളൈയാട്' രണ്ട് സംഭവിക്കും', കമല്‍ഹാസനോട് ചര്‍ച്ച ചെയ്യുമെന്ന് ഗൗതം മേനോൻ

By Web TeamFirst Published Sep 21, 2022, 11:52 PM IST
Highlights

'വേട്ടൈയാട് വിളൈയാട്' രണ്ടാം ഭാഗം സംഭവിക്കുമെന്ന് ഗൗതം മേനോൻ.

കമല്‍ഹാസൻ നായകനായി 2006ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'വേട്ടൈയാട് വിളൈയാട്'. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‍ത ചിത്രത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥനായി എത്തിയ കമല്‍ഹാസൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ചിത്രം തിയറ്ററുകളില്‍ വൻ ഹിറ്റായിരുന്നു. 'വേട്ടൈയാട് വിളൈയാടി'ന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

'വേട്ടൈയാട് വിളൈയാടി'ന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ ഗൗതം വാസുദേവ് മേനോൻ സൂചനകള്‍ നല്‍കുകയും കമല്‍ഹാസനുമായി ചര്‍ച്ച നടത്തുകയും ചെയ്‍തിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയടക്കമുള്ള കാരണങ്ങളാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം തുടങ്ങാനായിരുന്നില്ല. ഇപ്പോഴിതാ 'വേട്ടൈയാട് വിളൈയാട്' രണ്ടാം ഭാഗം വീണ്ടും ചര്‍ച്ചകളില്‍ വരുകയാണ്. 'വേട്ടൈയാട് വിളൈയാട്' രണ്ടാം ഭാഗത്തിന്റെ ആലോചനകളിലാണ് എന്ന് ഗൗതം വാസുദേവ് മേനോൻ പിങ്ക് വില്ലയോട് വെളിപ്പെടുത്തി. കമല്‍ഹാസനൊപ്പം വീണ്ടും ജോലി ചെയ്യുന്നത് സ്വപ്‍നം കണ്ടാണ് ഓരോ ദിവസം രാവിലെ എഴുന്നേല്‍ക്കുന്നത്. 'വേട്ടൈയാട് വിളൈയാട് രണ്ട്' സംഭവിക്കുകയാണ്. ഇതിനകം തന്നെ ചിത്രത്തിന്റെ തിരക്കഥയുടെ ജോലികളിലാണ് എന്നും വൈകാതെ കമല്‍ഹാസനോട് അവതരിപ്പിക്കുമെന്നും ഗൗതം വാസുദേവ് മേനോൻ അറിയിച്ചു.

'വെന്തു തനിന്തതു കാടി'ന്റെ വിജയത്തിളക്കത്തിലാണ് ഇപ്പോള്‍ ഗൗതം വാസുദേവ് മേനോൻ. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ചിമ്പു വീണ്ടും നായകനായി എന്ന പ്രത്യേകതയുമുണ്ടായിരുന്നു ചിത്രത്തിന്.  'വെന്തു തനിന്തതു കാട്'  ഇരുവരുടെയും വൻ തിരിച്ചുവരവുമായി . 'വെന്തു തനിന്തതു കാട്' എന്ന ചിത്രത്തിനും രണ്ടാം ഭാഗം ഉണ്ടാകും.

ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലുമാണ്ണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും  ഗൗതം വാസുദേവ മേനോനും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ 'അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയത്. 'ഉറിയടി' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു. 'വെന്തു തനിന്തതു കാട്' എന്ന ചിത്രം ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് വിതരണം ചെയ്‍തത്. ഗൗതം വാസുദേവ് മേനോനും ചിമ്പുവും ഒന്നിക്കുമ്പോള്‍ ചിത്രം മോശമാകില്ല എന്ന പ്രതീക്ഷ നിറവേറ്റിയിരിക്കുന്നു എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍.

Read More : 'പൊന്നിയിൻ സെല്‍വനി'ലെ വിസ്‍മയിപ്പിക്കുന്ന സെറ്റുകള്‍ക്ക് പിന്നില്‍, വീഡിയോ

click me!