
തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് റിലീസിനൊരുങ്ങുകയാണ്. ഇന്നലെ പുറത്ത്‌വിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യമുള്ളൊരു സിനിമയാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തില്‍ ഇരട്ട വേഷത്തിലാകും യാഷെന്നും സൂചനയും ട്രെയിലർ നല്‍കുന്നുണ്ട്. ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും.
ഇപ്പോഴിതാ ഇന്നലെ നടന്ന ട്രെയ്‌ലർ ലോഞ്ച് ഇവന്റിനിടെ യഷിനെ കുറിച്ച് ഗീതു മോഹൻദാസ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. പലരും തന്റെ കഴിവിനെ സംശയിച്ചപ്പോൾ തന്നിൽ വിശ്വാസമർപ്പിച്ച ഒരേയൊരാൾ യഷ് ആണെന്നായിരുന്നു ഗീതു മോഹൻദാസ് പറഞ്ഞത്. ഈ സിനിമയുടെ യാത്രയിൽ തനിക്ക് ഏറ്റവും വലിയ പ്രചോദനം തന്നത് യഷ് ആണെന്നും ഗീതു കൂട്ടിച്ചേർത്തു.
"യഷിനെക്കുറിച്ച് എടുത്തുപറയണം. ഈ സിനിമയുടെ യാത്രയില്‍ എനിക്ക് ഏറ്റവും വലിയ പ്രചോദനം തന്നത് യഷ് ആണ്. അയാളുമായുള്ള ഓരോ സംഭാഷണവും എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു. ഈ സിനിമക്ക് ശേഷവും യഷിന്റെ ഒരു ഭാഗം എന്നോടൊപ്പം എപ്പോഴും ഉണ്ടാകും. അത്രമാത്രം ഇന്‍ഫ്‌ളുവന്‍സ് യഷിനുണ്ട്. ചുറ്റുമുള്ള എല്ലാവരും എന്റെ കഴിവിലും കാര്യപ്രാപ്തിയിലും സംശയം പ്രകടിപ്പിച്ചപ്പോള്‍ എന്നില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ച ഒരേയൊരാള്‍ യഷ് മാത്രമാണ്. അതിന് അദ്ദേഹത്തോട് വലിയൊരു നന്ദി പറയണം. അതുപോലെ ഈ സിനിമയുടെ ഭാഗമായി നിന്ന നൂറുകണക്കിന് ആളുകളോടും ഹൃദയം തൊട്ട് നന്ദി അറിയിക്കുന്നു." ഗീതു മോഹൻദാസ് പറഞ്ഞു.
അതേസമയം ടോക്സിക് ലോകത്തെ ആദ്യമായി പരിചയപ്പെടുത്തുമ്പോൾ, യാഷ് സ്വയം പിന്നിലേക്ക് നീങ്ങി, ചിത്രത്തിലെ വനിതാ കഥാപാത്രങ്ങളായ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരെ മുൻനിരയിലേക്കു കൊണ്ടുവന്നത് ശ്രദ്ധേയമായിരുന്നു. കഥയും കഥാപാത്രങ്ങളും മുൻതൂക്കം നൽകുന്ന, ആഖ്യാനമാണ് ടോക്സിക് എന്നതിന്റെ ആദ്യ സൂചന അതായിരുന്നു. ഇപ്പോൾ, ആ ലോകത്തിന്റെ കേന്ദ്ര ശക്തി അരങ്ങേറ്റം കുറിക്കുന്ന കഥാപാത്രമായി റായയും കടന്നുവരുമ്പോൾ ടോക്സിനെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ പതിന്മടങ്ങു വർദ്ധിക്കുന്നു.
യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. സാങ്കേതികമായി മികച്ചൊരു ടീമും ചിത്രത്തിനുണ്ട്.
ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ). ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ടോക്സിക്, പിആര്‍ഒ പ്രതീഷ് ശേഖർ ആണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ