തെലുങ്കിലെ 'സ്റ്റീഫനും' 'ബോബി'യും; ഗോഡ്‍ഫാദര്‍ ബിഹൈന്‍ഡ് ദ് സീന്‍സ്

By Web TeamFirst Published Oct 3, 2022, 3:42 PM IST
Highlights

മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

തെലുങ്ക് സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ചിരഞ്ജീവി നായകനാവുന്ന ചിത്രം ഗോഡ്‍ഫാദര്‍. മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയം ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആണ് ഇത്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അതിഥി താരമായും എത്തുന്നുണ്ട്. ചിത്രത്തിന്‍റെ ഒരു ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ അണിയറക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. സത്യദേവ് അവതരിപ്പിക്കുന്ന ജയദേവ് എന്ന കഥാപാത്രത്തെയാണ് പ്രധാനമായും വീഡിയോയില്‍ കാണിക്കുന്നതെങ്കിലും ചിരഞ്ജീവിയുടെ നായക കഥാപാത്രവും ഉണ്ട്. മലയാളത്തില്‍ വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രമാണ് ഇത്. നയന്‍താരയാണ് ജയദേവിന്‍റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്.

മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്‍മാന്‍ തെലുങ്കില്‍ അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്. ചിരഞ്ജീവിയുടെ പിറന്നാളിന് തലേദിവസം ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍. 

ALSO READ : 'ആ സിനിമകളുടെ താരപ്രതിഫലം മാത്രം 35 കോടി, പത്തൊമ്പതാം നൂറ്റാണ്ടില്‍ ഒന്നര കോടി'; വിനയന്‍ പറയുന്നു

മൂന്ന് സംവിധായകരുടെ പേരുകള്‍ വന്നുപോയതിനു ശേഷമാണ് മോഹന്‍ രാജയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്‍റെ സംവിധായകനായി ആദ്യം കേട്ടത് പുഷ്പ ഒരുക്കിയ സുകുമാറിന്‍റെ പേരായിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ച വിവരമായിരുന്നില്ല. പിന്നീട് സാഹൊ ഒരുക്കിയ സുജീതിന്‍റെ പേരും ലൂസിഫര്‍ റീമേക്കിന്‍റെ സംവിധായകനായി കേട്ടു. എന്നാല്‍ സുജീത് നല്‍കിയ ഫൈനല്‍ ഡ്രാഫ്റ്റില്‍ തൃപ്തി പോരാഞ്ഞ് ചിരഞ്ജീവി അദ്ദേഹത്തെയും നീക്കിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആദി, ടാഗോര്‍, ബണ്ണി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ വി വി വിനായകിന്‍റെ പേരും പിന്നീട് ഉയര്‍ന്നുകേട്ടിരുന്നു. പിന്നീടാണ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം മോഹന്‍ രാജ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക. ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് വില്‍പ്പനയായതായും അപ്ഡേറ്റ് എത്തിയിരുന്നു. ലെറ്റ്സ് ഒടിടി ഗ്ലോബലിന്‍റെ റിപ്പോര്‍ട്ട് പ്രകാരം നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് റൈറ്റ്സ്.

click me!