'ഈ വസ്‍തുതകള്‍ അറിയപ്പെടേണ്ടതാണെന്നു തോന്നി'; സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മകന്‍ ഗോകുല്‍ സുരേഷ്

By Web TeamFirst Published Apr 9, 2020, 10:55 AM IST
Highlights

കേരളത്തില്‍ കൊവിഡ് 19 ഏറ്റവുമധികം ആഘാതമേല്‍പ്പിച്ച ജില്ലയായ കാസര്‍കോടിന് സുരേഷ് ഗോപി എംപി അനുവദിച്ച ഫണ്ടിന്‍റെ വിവരങ്ങളെക്കുറിച്ചുള്ള വാട്‍സ് ആപ് ഫോര്‍വേഡിന്‍റെ സ്ക്രീന്‍ ഷോട്ട് ഫേസ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ടാണ് ഗോകുല്‍ സുരേഷിന്‍റെ കുറിപ്പ്. 

ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സുരേഷ് ഗോപി ചെയ്യുന്ന നല്ല കാര്യങ്ങള്‍ പലപ്പോഴും അര്‍ഹിക്കുന്ന ശ്രദ്ധ നേടാതെ പോകുന്നുവെന്ന് മകനും അഭിനേതാവുമായ ഗോകുല്‍ സുരേഷ്. കേരളത്തില്‍ കൊവിഡ് 19 ഏറ്റവുമധികം ആഘാതമേല്‍പ്പിച്ച ജില്ലയായ കാസര്‍കോടിന് സുരേഷ് ഗോപി എംപി അനുവദിച്ച ഫണ്ടിന്‍റെ വിവരങ്ങളെക്കുറിച്ചുള്ള വാട്‍സ് ആപ് ഫോര്‍വേഡിന്‍റെ സ്ക്രീന്‍ ഷോട്ട് ഫേസ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ടാണ് ഗോകുല്‍ സുരേഷിന്‍റെ കുറിപ്പ്. ഇത്തരം വിവരങ്ങള്‍ മിക്കപ്പോഴും ബോധപൂര്‍വ്വം അവഗണിക്കപ്പെടുന്നതാണെന്നും എന്നാല്‍ ഇത്തരം സന്ദേശങ്ങളിലാണ് ഈ ദിവസങ്ങളില്‍ തന്‍റെ ദിനം ആരംഭിക്കാറെന്നും ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'ഈ വസ്തുതകൾ അറിയപ്പെടേണ്ടത് ആണെന്ന് തോന്നി. പലപ്പോഴും ഇവ ശ്രദ്ധിക്കപ്പെടാതെയും മനപ്പൂർവ്വം സംസാരിക്കപ്പെടാതെയും പോകുന്നു. ഇതുപോലത്തെ മെസ്സേജുകൾ കണ്ടാണ് ഇപ്പോൾ എന്റെ ദിനം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകനായി ജനിച്ചതിൽ അങ്ങേയറ്റം അഭിമാനിക്കുന്നു!', എന്നാണ് ഗോകുല്‍ സുരേഷിന്‍റെ കുറിപ്പ്.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വെന്‍റിലേറ്ററും പോര്‍ട്ടബിള്‍ എക്സ്റേ മെഷീനും സ്ഥാപിക്കുന്നതിന് പ്രാദേശിക വികസന നിധിയില്‍ നിന്ന് സുരേഷ് ഗോപി 25 ലക്ഷം രൂപ അനുവദിച്ചത് വാര്‍ത്തയായിരുന്നു. പുറമെ കാസര്‍കോടിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളിലേക്ക് ഡയാലിസിസ് മെഷീനുകള്‍ സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപയും അനുവദിച്ചിരുന്നു സുരേഷ് ഗോപി എം പി.

click me!