'ബിലാല്‍' ആരംഭിക്കുന്നു? അമല്‍ നീരദുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഗോപി സുന്ദര്‍

By Web TeamFirst Published Jan 24, 2020, 8:29 PM IST
Highlights

അമല്‍ നീരദുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഗോപി സുന്ദര്‍ പ്രതികരിക്കുന്നു
 

ഒരു രണ്ടാംഭാഗത്തിനുവേണ്ടി സിനിമാപ്രേമികള്‍ക്കിടയില്‍ ഇത്രയും കാത്തിരിപ്പുണ്ടാക്കിയ ഒരു ചിത്രം മറ്റൊന്നുണ്ടാവില്ല, ബിഗ് ബി പോലെ. അമല്‍ നീരദിന്റെ അരങ്ങേറ്റചിത്രമായി 2007ല്‍ തീയേറ്ററുകളിലെത്തിയ ബിഗ് ബി അന്ന് ഒരു വമ്പന്‍ തീയേറ്റര്‍ വിജയം നേടിയില്ലെങ്കിലും പോയകാലങ്ങളില്‍ യുവാക്കളായ സിനിമാപ്രേമികള്‍ക്കിടയില്‍ ഒരു കള്‍ട്ട് സ്റ്റാറ്റസ് തന്നെ ചിത്രം നേടിയെടുത്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബിഗ് ബിക്ക് ഒരു രണ്ടാംഭാഗം ഉണ്ടാവുമെന്ന് അമല്‍ അനൗണ്‍സ് ചെയ്തത്. 'ബിലാല്‍' എന്ന പേരിലൊരുങ്ങുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ അമല്‍ നീരദ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത മറ്റൊരു ചിത്രം ഇതിനിടയില്‍ തീയേറ്ററുകളിലെത്തി. ഫഹദിനെ നായകനാക്കി 2018ല്‍ എത്തിയ 'വരത്തന്‍'. അദ്ദേഹം ഛായാഗ്രഹണം നിര്‍വ്വഹിച്ച അന്‍വര്‍ റഷീദ് ചിത്രം 'ട്രാന്‍സ്' തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നുമുണ്ട്. എന്നാല്‍ അമല്‍ നീരദിനെപ്പറ്റിയുള്ള എന്ത് അപ്‌ഡേറ്റ് വന്നാലും സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യമുണ്ട്- 'എന്നാണ് ബിലാല്‍' എന്ന്. ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ ഈ ചോദ്യം ഉയര്‍ത്തുന്നത്.

അമല്‍ നീരദിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഗോപി സുന്ദര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ബിലാലിനുവേണ്ടി അമലിനൊപ്പം ഒന്നിക്കുകയാണെന്നും നിങ്ങളുടെ പ്രാര്‍ഥനകള്‍ ഒപ്പമുണ്ടാവണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. വലിയ പ്രതികരണമാണ് ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ 11,000ല്‍ അധികം ലൈക്കുകളും 1500ലേറെ കമന്റുകളും പോസ്റ്റിന് ലഭിച്ചു. ബിലാല്‍ എന്ന് തുടങ്ങും എന്നാണ് കൂടുതല്‍ പേര്‍ക്കും അറിയാനുള്ളത്. എന്താണ് അത് സംബന്ധിച്ച് ഗോപി സുന്ദറിന് പറയാനുള്ളത്?

'ബിലാല്‍' സംബന്ധിച്ച് അമല്‍ നീരദുമായുള്ള ഒഫിഷ്യല്‍ ഫസ്റ്റ് ഡിസ്‌കഷനാണ് ഇന്ന് നടന്നതെന്ന് ഗോപി സുന്ദര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 'അതിന്റെ ഒഫിഷ്യല്‍ ഫസ്റ്റ് ഡിസ്‌കഷന്‍ കഴിഞ്ഞിട്ടേയുള്ളൂ. ഇന്നായിരുന്നു അത്. ചിത്രം എന്ന് തുടങ്ങും എന്നത് സംബന്ധിച്ച കാര്യങ്ങളൊന്നും പുറത്തുപറയാറായിട്ടില്ല', ഗോപി സുന്ദര്‍ പറഞ്ഞു. ബിഗ് ബിയുടെ പശ്ചാത്തലസംഗീതം ഏറെ ശ്രദ്ധേയമായിരുന്നു. ബിലാലിലെത്തുമ്പോള്‍ പശ്ചാത്തല സംഗീതത്തിനൊപ്പം ഗാനങ്ങളും ഒരുക്കുന്നത് ഗോപി സുന്ദര്‍ ആണ്. 

click me!