
ടൈറ്റില്‍ കഥാപാത്രങ്ങളെപ്പോലെ സ്വഭാവ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു അയ്യപ്പനും കോശിയും. അയ്യപ്പന്‍റെ ഭാര്യ കണ്ണമ്മയും (ഗൗരി നന്ദ) സിഐ സതീഷും (അനില്‍ നെടുമങ്ങാട്) കുര്യന്‍ ജോണുമൊക്കെ (രഞ്ജിത്ത്) അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു. ചിത്രത്തിലെ ശ്രദ്ധേയ രംഗങ്ങളില്‍ ഒന്നായിരുന്നു കോശിയും കണ്ണമ്മയും തമ്മില്‍ ഉടലെടുക്കുന്ന അഭിപ്രായവ്യത്യാസം. അയ്യപ്പന്‍റെ വീട്ടിലെത്തി പരിഹാസത്തിന്‍റെയും ഭീഷണിയുടെയും സ്വരത്തില്‍ സംസാരിക്കുന്ന കോശിയോട് അതേ നാണയത്തില്‍ മറുപടി കൊടുക്കുന്നുണ്ട് കണ്ണമ്മ. തീയേറ്ററില്‍ കൈയ്യടികളുയര്‍ത്തിയ രംഗത്തെക്കുറിച്ച് പറയുകയാണ് ഗൗരി നന്ദ. ആ രംഗത്തിലേക്ക് സച്ചി തനിക്കു നല്‍കിയ നിര്‍ദേശത്തെക്കുറിച്ചും കട്ട് പറഞ്ഞപ്പോള്‍ സംവിധായകന്‍റെ മുഖത്തുണ്ടായിരുന്ന സന്തോഷത്തെക്കുറിച്ചും അവര്‍ പറയുന്നു.
ഗൗരി നന്ദ പറയുന്നു
കണ്ണമ്മയും കോശിയും നേർക്കുനേര്‍ കാണുന്ന ആ സീൻ
സച്ചിയേട്ടൻ: നീ ആ ഡയലോഗ് ഒന്ന് പറഞ്ഞേ നോക്കട്ടെ
ഞാൻ: മന്ത്രിമാരടക്കം മുഴുത്തവന്മാരൊക്കെ നിന്‍റെ കക്ഷത്തിൽ ഉണ്ടല്ലോ അപ്പോ ഇതൊക്കെ എന്ത്..
സച്ചിയേട്ടൻ: ദേഷ്യത്തിൽ പറയണ്ട.. അവൾക്ക് ഇതൊന്നും ഒരു പ്രശ്‌നം അല്ല, ഇതിനേക്കാൾ വലിയവന്മാരെ നിലക്ക് നിർത്തിയിട്ടുണ്ട് അവൾ. നിനക്ക് മനസിലായല്ലോ?
ഞാൻ: ആ സാർ മനസിലായി..
അടുത്തു നിന്ന രാജുവേട്ടൻ എന്നെ അടുത്ത് വിളിച്ചിട്ടു പറഞ്ഞു, ഗൗരി എന്നെ കളിയാകുന്നപോലെ ഒന്ന് പറയുമോ എന്ന്. അങ്ങനെ ഡയലോഗ് അദ്ദേഹം ഒരുവട്ടം പറഞ്ഞു.
ഞാൻ പറഞ്ഞു ഒകെ..
കണ്ണമ്മ എന്ന കഥാപാത്രത്തിന്‍റെ ഏറ്റവും നിർണ്ണായകമായ സീൻ ആണ് അത്..
സച്ചിയേട്ടൻ അത് എപ്പോഴും പറയും. ചിലപ്പൊ നല്ല ടെൻഷൻ ആൾക്ക് ഉണ്ടാകുമായിരുക്കും ഞാൻ അത് എങ്ങനെ ആകും ചെയുന്നത് എന്ന് ഓർത്തിട്ട്. പക്ഷെ കാണിക്കില്ല.
എനിക്ക് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ വളരെ കൂൾ ആയിരുന്നു.
റിഹേഴ്‍സല്‍ ഒന്നും ഇല്ല നേരെ ടേക്ക് ആണ്. കാരണം അതിന്‍റെ ആവശ്യം ഇല്ല. അത്ര വിശദമായിട്ടാണ് അദ്ദേഹം എല്ലാ ആർട്ടിസ്റ്റിന്‍റെ അടുത്തും ചെയ്യുന്ന കഥാപാത്രത്തെ പറ്റി പറഞ്ഞു കൊടുക്കുന്നത്.
ആദ്യത്തെ ടേക്കിൽ എനിക്ക് ഡയലോഗിന് സ്പീഡ് കൂടിപ്പോയി. അത്ര വേണ്ട എന്ന് പറഞ്ഞു.
രണ്ടാമത്തെ ടേക്കിൽ സീൻ ഓകെ.
കുറച്ചു മാറി മോണിറ്റർ ഉണ്ടെങ്കിലും അവിടെ ഇരിക്കാതെ ക്യാമറയുടെ അടുത്തു തന്നെ നിന്ന് അതിന്‍റെ സ്‌ക്രീനിൽ സൂക്ഷിച്ചു നോക്കി സാർ നിൽക്കുന്നത് ഞാൻ കണ്ടു..
അപ്പോഴും കാലിന്‍റെ വേദന സാറിന് നന്നായിട്ട് ഉണ്ട്.
അന്ന് ആ സീൻ ഞാൻ ചെയ്തുകഴിഞ്ഞപ്പോൾ ആ മുഖം ഞാൻ ശ്രദ്ധിച്ചു, ഭയങ്കര സന്തോഷം ആയിരുന്നു..
ഇന്നും എനിക്ക് ഓർമ്മയുണ്ട് ആ മുഖം..
തന്‍റെ മക്കൾ പരീക്ഷയിൽ ഫുൾ മാർക്ക് വാങ്ങി വരുമ്പോൾ ഒരു അച്ഛന് ഉണ്ടാകുന്ന സന്തോഷം..
ഏതൊരു രചിതാവിനും തന്‍റെ കഥാപാത്രങ്ങൾ സ്വന്തം മക്കളെപ്പോലെ ആകുമല്ലോ.
അദ്ദേഹം എല്ലാവരോടും അങ്ങനെ ആയിരുന്നു. ഓരോ കഥാപാത്രങ്ങളും അവർ നന്നായി ചെയുമ്പോൾ ആ സന്തോഷം അപ്പൊത്തന്നെ അവരോട് പ്രകടിപ്പിക്കുന്നത് കാണാം.
എല്ലാവരും സിനിമ കണ്ടു പറയുന്നു അതിൽ അഭിനയിച്ചവർ എല്ലാം ഗംഭീരം എന്ന്. അതിന്‍റെ കാരണം ഇതുതന്നെ ആണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ