
കാണുന്നവരിലെല്ലാം വിസ്മയം ജനിപ്പിച്ച് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഫാന്‍റസി ഹൊറർ ജോണറിലെത്തിയ 'ഗു' എന്ന ചിത്രം. ദേവനന്ദയും സൈജു കുറുപ്പും പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്ന ചിത്രം കുട്ടികളും കുടുംബങ്ങളും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്. മനു രാധാകൃഷ്ണൻ ഒരുക്കിയിരിക്കുന്ന ചിത്രം മനോഹരമായ ദൃശ്യങ്ങളാലും സമ്പന്നമാണ്. തിരുവനന്തപുരം സ്വദേശിയായ ചന്ദ്രകാന്ത് മാധവനാണ് സിനിമയുടെ ഛായാഗ്രാഹകൻ. ക്യാമറ എക്യുപ്മെന്‍റ് മേക്കറും റിഗ്ഗ് മേക്കറുമൊക്കെയായി 2010- മുതൽ സിനിമാലോകത്ത് സജീവമായിരുന്ന ചന്ദ്രകാന്തിന്‍റെ ആദ്യ സ്വതന്ത്ര ഛായാഗ്രഹണമാണ് 'ഗു' എന്നതൊരു പ്രത്യേകതയാണ്.
'ഈ അടുത്ത കാലത്ത്' ആദ്യ സിനിമ
സിഇടിയിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്ത് ഒരു എക്സിബിഷനിൽ ഒരു പ്രത്യേക രീതിയിലുള്ള ഗിമ്പൽ ഒരുക്കിയിരുന്നു. അന്നതിന് നല്ല മീഡിയ കവറേജ് ലഭിച്ചു. ശേഷം കുറെ കോളുകള്‍ വന്നു, സിനിമയിലോട്ടെക്കെ അങ്ങനെ അവസരങ്ങള്‍ വന്നു. 2010-ൽ 'ഈ അടുത്ത കാലത്ത്' എന്ന സിനിമയിൽ ഷെഹ്നാദ് ചേട്ടനുവേണ്ടി ഒരു റിഗ്ഗ് ചെയ്താണ് സിനിമാലോകത്തേക്ക് എത്തിയതെന്ന് ചന്ദ്രകാന്ത് പറയുന്നു. ഷെഹ്നാദ് ചേട്ടനാണ് ഈയടുത്ത് 'ഭ്രമയുഗം' എന്ന മമ്മൂട്ടി സാറിന്‍റെ ചിത്രം ചെയ്തത്.
സിനിമാറ്റോഗ്രഫി എനിക്ക് പാഷനായിരുന്നു. കുടുംബത്തിലൊന്നും ആര്‍ക്കും സിനിമയുമായി ബന്ധമൊന്നുമില്ല. ഏതെങ്കിലും ക്യാമറമാനെ അസിസ്റ്റ് ചെയ്താൽ ഒന്നോ രണ്ടോ പേരുടെ കൂടെ അവരുടെ പാറ്റേണല്ലേ നമുക്ക് പഠിക്കാൻ കഴിയൂ. റിഗ്ഗ് ചെയ്യുമ്പോള്‍ ഗുണം എന്തെന്നാൽ കുറെ സിനിമാറ്റോഗ്രാഫേഴ്സിന്‍റെ കൂടെ വർക്ക് ചെയ്യാൻ കഴിയും. അങ്ങനെ തെന്നിന്ത്യയിലെ ഒട്ടേറെ ക്യാമറമാൻമാരോടൊപ്പം എനിക്ക് സഹകരിക്കാൻ പറ്റിയിട്ടുണ്ട്. രാജീവ് രവി. സന്തോഷ് ശിവൻ, രവിവര്‍മ്മൻ, മധു നീലകണ്ഠന്‍, രത്നവേൽ, നീരവ് ഷാ, സനു ജോൺ വര്‍ഗ്ഗീസ്, സുജിത് വാസുദേവ്, വിനോദ് ഇല്ലംപിള്ളി, സുരേഷ് രാജൻ അങ്ങനെ നിരവധിപേരോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. അതിനാൽ അവരുടെ മേക്കിംഗ് പാറ്റേൺ നേരിട്ട് കാണുമ്പോള്‍ നമുക്ക് അതൊക്കെ കിട്ടും. അതിനാൽ നമ്മൾ ഒരു സീൻ ചെയ്യുമ്പോള്‍ അതും നമ്മുടെ രീതിയും കൂടെ മിക്സ് ചെയ്ത് വേഗത്തിൽ ചെയ്യാൻ കഴിയും. അപ്പോള്‍ സമയപരിധി പ്രശ്നമാകില്ല.
'ഗു' അവർക്കുള്ള ഗുരുദക്ഷിണ
രാജീവേട്ടനും സന്തോഷ് സാറിനുമുള്ള ഒരു ഗുരുദക്ഷിണപോലെയാണ് 'ഗു' ചെയ്തത്. അവര്‍ 'ഗു' തിയേറ്ററിൽ കാണുമ്പോള്‍ ഇഷ്ടപ്പെടണം. നമ്മള് പറഞ്ഞതൊക്കെ അവൻ ചെയ്തല്ലോ എന്ന് തോന്നണം, ചന്ദ്രകാന്തിന്‍റെ വാക്കുകള്‍. രാജീവേട്ടന്‍റെ സിനിമകളിലെ ഡാര്‍ക്ക് സീക്വൻസുകള്‍ എന്നെ ഏറെ ഇൻസ്പയർ ചെയ്തിട്ടുണ്ട്. ലൈറ്റിംഗ് പാറ്റേണും കോൺട്രാസ്റ്റ് കൂടിയ രീതിയുമൊക്കെ അദ്ദേഹം ചെയ്യുന്നത് കണ്ട് ഞാൻ ഹൃദിസ്ഥമാക്കിയിട്ടുണ്ട്. കളര്‍ഫുള്‍, വൈബ്രന്‍റ് പാറ്റേൺ രീതിയിലുള്ള ദൃശ്യങ്ങൾ ഒരുക്കുന്നയാളാണ് സന്തോഷ് സാര്‍. 'ഗു' ചെയ്തപ്പോൾ കുട്ടികളുടെ സീനുകളൊക്കെ ഒരുക്കിയപ്പോൾ അതായിരുന്നു എനിക്ക് ഇൻസ്പിരേഷൻ. സന്തോഷ് സാറിനോടൊപ്പം 'ബറോസി'ലും നിരവധി പരസ്യചിത്രങ്ങളിലും ഞാൻ അസിസ്റ്റ് ചെയ്തിട്ടുണ്ട്. രാജീവേട്ടനോടൊപ്പം 'തൊണ്ടിമുതലും ദൃക്സാക്ഷിയും' മുതലുള്ള സിനിമകളിൽ അസിസ്റ്റ് ചെയ്യുന്നതിന് അവസരം ലഭിച്ചിരുന്നു. ഏറ്റവും ഒടുവിൽ ശ്രീലങ്കൻ ചിത്രം 'പാരഡൈസി'ലും ഒപ്പം ഉണ്ടായിരുന്നു. ഛായാഗ്രാഹകൻ ആകുന്നതിനായുള്ള എന്‍റെ യാത്രകളിൽ അതൊക്കെ എന്നെ ഏറെ പിന്തുണച്ചിട്ടുണ്ട്.
എട്ട് കൊല്ലം മുൻപുള്ള കൂടിക്കാഴ്ച
എട്ട് വർഷം മുമ്പേ യൂട്യൂബ് ചാനലിന് കണ്ടന്‍റ് ഉണ്ടാക്കാൻ എന്നു പറഞ്ഞാണ് മനുവും സുഹൃത്ത് ആഷ്‍ലിയും കൂടെ ആദ്യമായി എന്‍റെ വീട്ടിൽ വന്നത്. പിന്നീടാണ് അറിഞ്ഞത് മനു ചെയ്യാൻ പോകുന്ന ഒരു സിനിമയുടെ ക്യാമറമാനാക്കാൻ പറ്റിയ ആളാണോ ഞാൻ എന്ന് പരിശോധിച്ചറിയാൻ ഒരു കാരണമുണ്ടാക്കി വന്നതാണ് എന്ന്. പിന്നീട് കുറെ വർഷങ്ങള്‍ കഴിഞ്ഞാണ് ഞങ്ങള്‍ 'ഗു' ചെയ്തത്. ഷൂട്ടിന് രണ്ടു മൂന്ന് മാസം മുമ്പാണ് കഥ ഡിസ്കസ് ചെയ്തത്. ഇത് പെട്ടെന്ന് സംഭവിച്ചതാണ്. രാജു സാറുമായി മനു വേറൊരു സിനിമ പ്ലാൻ ചെയ്തിരുന്നതാണ്, ഇത് അതിനിടയിലേക്ക് കയറി വരികയായിരുന്നു.
ഡ്രോണിൽ മത്താപ്പൂ കെട്ടിവെച്ചൊരു ടെക്നിക്ക്..
ഫാന്‍റസി സിനിമയായതിനാൽ തന്നെ പ്രാക്ടിക്കലായി കുറെ പരീക്ഷണങ്ങള്‍ ഛായാഗ്രഹണത്തിൽ നടത്തിയിട്ടുണ്ടെന്ന് ചന്ദ്രകാന്ത് പറയുന്നു. ചിത്രത്തിൽ കംപ്യൂട്ടർ ഗ്രാഫിക്സ് വേറിട്ട് നിൽക്കാതെ ഒറിജിനലായി തോന്നുന്നത് പ്രാക്ടിക്കലി 70 ശതമാനം ഷൂട്ട് ചെയ്തിട്ടുള്ളതിനാലാണ്. സി.ജി ഒറിജിനാലിറ്റിക്കായി ആഡ് ചെയ്യുകയാണ് ചെയ്തത്. ഡ്രോണിൽ മത്താപ്പൂ കെട്ടിവെച്ച് പറത്തിയാണ് ഗുളികൻ വരവ് ഷൂട്ട് ചെയ്തതെന്ന് അദ്ദേഹത്തിന്‍റെ വാക്കുകള്‍. പട്ടാമ്പിയിലെ ആളുകള്‍ ചിലപ്പോള്‍ അത് കണ്ടിരുന്നെങ്കിൽ പേടിച്ചുപോകും. അങ്ങനെ ചെയ്യുമ്പോഴുള്ള ഗുണം എന്തെന്നാൽ ചുറ്റുമൊക്കെ പശ്ചാത്തലത്തിൽ റിഫ്ലക്ഷൻസും ടെക്ചറുമൊക്കെ നല്ല രസമായി കിട്ടും. ക്യാമറ മൂവ്മെന്‍റ്‍സൊക്കെ നമ്മള്‍ ഡിസൈൻ ചെയ്തിട്ടാണ് ഒരുക്കിയത്. വിഷ്വലിന് ഒരു ഗും കിട്ടാനായാണ് പിന്നീട് സി.ജി ചെയ്യുന്നത്, ചന്ദ്രകാന്തിൻ്റെ വാക്കുകള്‍.
പാറുവിനെ 360 ഡിഗ്രി കറക്കി
ചിത്രത്തിൽ പാറു എന്ന കഥാപാത്രത്തിന്‍റെ ദേഹത്ത് ബാധ കൂടുന്ന സീനുണ്ട്. അതിനായി ആ വേഷം ചെയ്ത അനീന ഏയ്ഞ്ചലയെ 360 ഡിഗ്രി വട്ടം കറക്കിയാണ് ഷൂട്ട് ചെയ്തത്. അവളുടെ ജീവിതം അതോടെ മൊത്തത്തിൽ കറങ്ങുന്നതായിട്ടൊരു ഫീലിനായാണ് അങ്ങനെ ചെയ്തത്. അതുപോലെ തന്നെ മിന്നയായെത്തിയ ദേവുവിന്‍റെ ഇൻട്രോ ഷോട്ടിനായി കാറിന് മുകളിൽ നിന്നും ക്യാമറ ഉള്ളിലേക്ക് വരുന്ന ഷോട്ടിനായി മോട്ടോറൈസ്ഡ് ആയി സെറ്റ് ചെയ്താണ് ഒരുക്കിയത്. ലോ ലൈറ്റിലും ഒട്ടേറെ സീനുകള്‍ എടുത്തിട്ടുണ്ട്. ഭാരതപ്പുഴയിൽ രാത്രി ഷൂട്ട് ചെയ്യുന്ന സമയത്ത് അവിചാരിതമായി സൂപ്പർ മൂൺ എക്സ്‍പോഷർ കിട്ടിയത് ആ സീനിന് ഒരു പ്രത്യേക ഭംഗി നൽകിയിട്ടുണ്ട്. തെയ്യത്തിന്‍റെ ഓട്ടമൊക്കെ സ്പെഷൽ റിഗ്ഗ് സെറ്റ് ചെയ്ത് റോപ്പിൽ ക്യാമറയും ഗിമ്പലും അറ്റാച്ച് ചെയ്താണ് ഒരുക്കിയിട്ടുള്ളത്.
കണ്ടുപരിചയിച്ച ഷോട്ടുകള്‍ വേണ്ടെന്ന് തീരുമാനിച്ചിരുന്നു
കഥാപരമായി പുതിയ ഷോട്ടുകള്‍ ചെയ്യാൻ ഞങ്ങള്‍ നോക്കിയിരുന്നു. കഥാപാത്രത്തെ 360 ഡിഗ്രി കറക്കാം എന്നൊക്കെയുള്ളത് അങ്ങനെ ചെയ്തതാണ്. ആദ്യമായി ചെയ്യുന്ന സിനിമയിൽ കുറച്ച് പുതിയ ക്യാമറ മൂവ് മെന്‍റ് ഇൻട്രൊഡ്യൂസ് ചെയ്യണമെന്ന് ഉണ്ടായിരുന്നു. ഈ സിനിമയിൽ മാത്രം കാണുന്ന ചില ഷോട്ടുകള്‍ വേണമെന്ന് ഉദ്ദേശിച്ചിരുന്നു. അതിനായി മനസ്സിൽ പ്ലാനുണ്ടായിരുന്നു. അതൊക്കെ കുഴപ്പമില്ലാതെ വന്നിട്ടുണ്ടെന്ന് പലരും പറഞ്ഞു. പിന്നെ ഫാന്‍റസി ജോണർ പടത്തിൽ കുറെ ഷോട്ടുകള്‍ നമുക്ക് പരീക്ഷിക്കാൻ പറ്റും. ഒരു റിയലിസ്റ്റിക് പടത്തിൽ അങ്ങനെ പറ്റില്ല. സമയപരിമിതി ഉള്ളതിനാൽ കുറച്ചൊക്കെ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.
എഐ റഫറൻസ്
എഐയിൽ കുറച്ച് റഫറൻസൊക്കെ ഞങ്ങള്‍ നോക്കിയിരുന്നു. കഥ ഡിസ്കസ് ചെയ്ത സമയത്ത് എഐ ബൂമായി വരുന്ന സമയമായിരുന്നു. ഇപ്പോൾ അത് നോര്‍മലായി. മറ്റ് ഇൻഡസ്ട്രിയിലൊക്കെ എഐ വെച്ച് വർക്ക് ചെയ്യുന്നവരോടൊക്കെ കാര്യങ്ങള്‍ തിരക്കിയിരുന്നു. കളര്‍ സെലക്ഷൻ, ഡ്രസ് പാറ്റേൺ, സെറ്റ് വർക്ക് അതിലൊക്കെ എഐ സജഷൻ നോക്കിയിരുന്നു.
മനുവിന്‍റെ വിഷ്വൽ സെൻസ് അത്ഭുതപ്പെടുത്തി
മനുവിനെ ഒരു പുതിയ ഡയറക്ടറായല്ല എനിക്ക് തോന്നിയത്, എക്സ്പീരിയൻസുള്ള ഒരു ഡയറക്ടര്‍ ഷോട്ട് പറയുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. മനുവിന്‍റെ വിഷ്വൽ സെൻസ് ഭയങ്കരമാണ്. മനസ്സിലുള്ളത് ഞങ്ങള്‍ പരസ്പരം ഡിസ്കസ് ചെയ്യും. അതിനാൽ തന്നെ ഏറെ വേഗത്തിൽ മനസ്സിൽ കണ്ടതുപോലെ ഞങ്ങള്‍ക്ക് ഗു ഷൂട്ട് തീർക്കാൻ കഴിഞ്ഞിരുന്നു.
രാജു സാറിന്‍റെ സിനിമകളെല്ലാം വിഷ്വലി സ്റ്റണ്ണിംഗ് ആണ്
മണിയൻപിള്ള രാജു സാർ നിർമ്മിച്ച സിനിമകളെല്ലാം വിഷ്വലി സ്റ്റണ്ണിംഗ് അല്ലേ. രവി കെ ചന്ദ്രൻ, എസ് കുമാര്‍, രവി വർമ്മൻ, സന്തോഷ് ശിവൻ അങ്ങനെ എത്രയെത്ര മികവുറ്റ ഛായാഗ്രാഹകരാണ് അദ്ദേഹം നിർമ്മിച്ച സിനിമകളിൽ ക്യാമറ ചെയ്തിട്ടുള്ളത്. അദ്ദേഹം നിർമ്മിച്ച സിനിമയ്ക്ക് ക്യാമറ ചെയ്യാൻ കഴിഞ്ഞു എന്നതു തന്നെ എന്നെ സംബന്ധിച്ച് ഒരു ഭാഗ്യമാണ്, അതൊരു വലിയ കാര്യമാണ്.
ഓണം സെറ്റിൽ
കഴിഞ്ഞ ഓണത്തിന്‍റെ സമയത്തായിരുന്നു ഷൂട്ട്. കുട്ടികള്‍ ഷൂട്ട് സമയത്ത് പണി തരും പറയുന്ന പൊസിഷനിൽ ഒന്നും നിൽക്കാൻ സാധ്യതയില്ലെന്നൊക്കെയായിരുന്നു എന്‍റെ ധാരണ. പക്ഷേ ഡയറക്ടറും ടീമും ഒരു മാസം മുമ്പേ അവരെ ട്രെയിൻ ചെയ്യിച്ചിരുന്നു. അതോടെ ഷൂട്ട് സമയത്ത് ഞങ്ങളുടെ കെമിസ്ട്രി വർക്കൗട്ടായി. ദേവനന്ദയൊക്കെ തികഞ്ഞ പ്രൊഫഷണൽ രീതിയിലാണ് ഷൂട്ടിന് വരുന്നത്. ഞാൻ ശരിക്കും ഞെട്ടിപോയിട്ടുണ്ട്. ലോ ലൈറ്റിൽ പോലും ഔട്ട് ഓഫ് ഫോക്കസ് ആകാതെ കറക്ട് പൊസിഷനിലൊക്കെ വന്ന് നിൽക്കും. മാത്രമല്ല മറ്റ് കുട്ടികളേയും സഹായിക്കും. അതിനാൽ എല്ലാവരും വളരെ എൻജോയ് ചെയ്താണ് ഷൂട്ടിനുണ്ടായിരുന്നത്. കുട്ടികള്‍ എല്ലാവരും പടം പാക്കപ്പായപ്പോള്‍ വലിയ കരച്ചിലും ബഹളവുമായിരുന്നു.
'മാളികപ്പുറം' ടീം വീണ്ടും, ഒപ്പം അർജുൻ അശോകനും; പുതിയ യാത്ര 'സുമതി വളവി'ലേക്ക്
ഡേ ടൈം ഹൊറർ
തെയ്യം വരുന്നതിനാൽ കാന്താരയുമായി ഒരു താരതമ്യം വരരുതെന്ന് ഉണ്ടായിരുന്നു. അതിനാൽ ഡേ ടൈം ഹൊറർ എന്ന രീതിയിലാണ് ഞങ്ങള്‍ ട്രീറ്റ് ചെയ്തത്. ഗുളികന് കുറച്ച് കൂടുതൽ റെഡ് കളര്‍ പരീക്ഷിച്ചിട്ടുണ്ട്. ഗുളികന്‍റെ ഒരു പോസിറ്റിവിറ്റി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്.
'മഞ്ഞുമ്മൽ' ചലഞ്ചിംഗ് ആയിരുന്നു
അടുത്തിടെ ചെയ്തതിൽ വലിയ ചലഞ്ചിംഗ് ആയിരുന്നത് 'മഞ്ഞുമ്മൽ ബോയ്സി'ലെ വർക്കായിരുന്നു. 40 അടി ഉയരമുള്ള സെറ്റായതിനാൽ തന്നെ ഗിമ്പലിന്‍റേയും മറ്റുമൊക്കെ അളവുകള്‍ തന്നെ ഭയങ്കരമായിരുന്നു. ഷൈജു ചേട്ടനുവേണ്ടി അതിൽ മെക്കാനിക്കലി കുറെ വര്‍ക് ചെയ്തിട്ടുണ്ട്. കൃത്യം ക്യാമറയും ഗിമ്പലും പോകാനുള്ള കുറച്ച് സ്ഥലമുള്ള സ്ഥലത്ത് കൂടെയൊക്കെയുള്ള വർക്ക് ചലഞ്ചിംഗ് ആയിരുന്നു. ധനരാജ് തിയറ്ററിൽ 'തല്ലുമാല'യ്ക്ക് വേണ്ടി ഫൈറ്റ് സീനിനായുള്ള റിഗ്ഗ് ഒരുക്കിയതും ഏറെ പ്രശംസ ലഭിച്ച വർക്കാണ്. ബറോസിൽ ജിജോ സാറിനും സന്തോഷ് സാറിനും ഒപ്പം വർക്ക് ചെയ്തത് ഗുവിൽ ഏറെ ഗുണം ചെയ്തിട്ടുണ്ട്. രണ്ടും ഒരു ഫാന്‍റസി സബ്‍ജക്ട് കടന്നുവരുന്ന സിനിമകളാണല്ലോ. ഇനി ഇറങ്ങാനിരിക്കുന്ന കങ്കുവാ, കത്തനാര്‍ തുടങ്ങിയ സിനിമകളിലും റിസ്കി ഷോട്ടുകള്‍ക്കായുള്ള റിഗ്ഗുകള്‍ ഒരുക്കിയിട്ടുണ്ട്, ചന്ദ്രകാന്ത് പറഞ്ഞിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..