'ഗുണ കേവ്‍സി'ല്‍ കാത്തിരിക്കുന്നതെന്ത്? ആകാംക്ഷയേറ്റി 'മഞ്ഞുമ്മല്‍ ബോയ്‍സ്'

Published : Feb 16, 2024, 05:01 PM IST
'ഗുണ കേവ്‍സി'ല്‍ കാത്തിരിക്കുന്നതെന്ത്? ആകാംക്ഷയേറ്റി 'മഞ്ഞുമ്മല്‍ ബോയ്‍സ്'

Synopsis

'ഡെവിൾസ് കിച്ചൻ' എന്നറിയപ്പെടുന്ന 'ഗുണാ കേവ്സ്' കൊടൈക്കനാൽ ടൗണിന് പുറത്താണ് സ്ഥിതി ചെയ്യുന്നത്

പ്രഖ്യാപനം വന്നത് മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഗുണാ കേവ്സും' അതിനോടനുബന്ധിച്ച് നടന്ന യഥാർത്ഥ സംഭവത്തെയും ആസ്പദമാക്കി ഒരുങ്ങുന്ന ‌ഒരു സർവൈവൽ ത്രില്ലറാണിത്. ചിത്രത്തിന്റെ ട്രെയ്‍ലര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചിത്രം പറയാൻ പോവുന്ന കഥ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. 

'ഡെവിൾസ് കിച്ചൻ' എന്നറിയപ്പെടുന്ന 'ഗുണാ കേവ്സ്' കൊടൈക്കനാൽ ടൗണിന് പുറത്താണ് സ്ഥിതി ചെയ്യുന്നത്. 1821-ൽ ബ്രിട്ടീഷ് ഫോറസ്റ്റ് ഓഫീസറായിരുന്ന ബി എസ് വാർഡാണ് ഈ ഗുഹ കണ്ടെത്തിയത്. സമുദ്ര നിരപ്പിൽ നിന്നും 2230 മീറ്റർ ഉയരത്തിലായാണ് ഇതിന്റെ സ്ഥാനം. അധികാരികൾ ഗുഹക്ക് ചുറ്റും സംരക്ഷണഭിത്തി കെട്ടിയിട്ടുണ്ടെങ്കിലും പലർക്കും അങ്ങോട്ടേക്ക് പോവാൻ ഭയമാണ്. കണക്കുകൾ പ്രകാരം ഏകദേശം 13 പേരാണ് വവ്വാലുകൾ സ്ഥിര താമസമാക്കിയ ഈ ഗുഹയിൽ വീണ് മരണപ്പെട്ടിട്ടുള്ളത്. ചെകുത്താന്റെ അടുക്കളയിൽ വീണിട്ടും ജീവനോടെ രക്ഷപ്പെട്ട ഒരു മലയാളിയുണ്ട്. 2006-ൽ എറണാകുളത്ത് നിന്നും കൊടൈക്കനാലിലേക്ക് വിനോദ സഞ്ചാര യാത്രക്ക് എത്തിയ സംഘത്തിലെ യുവാക്കളിൽ ഒരാളാണ് ആ ഭാഗ്യവാൻ. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഏകദേശം 600 അടിയോളം ചെന്നെത്തുന്ന ഈ ഗുഹ യഥാർത്ഥത്തിൽ ഒരു അത്ഭുത കാഴ്‌ച സമ്മാനിക്കുന്നുണ്ട്. പൈൻ മരങ്ങളുടെ വേരുകളാൽ ചുറ്റപ്പെട്ട അതിന്റെ പ്രകൃതി ഭംഗി കാണാനുള്ള ആഗ്രഹത്തിലാണ് പലരും ഗുഹയിലേക്ക് ഇറങ്ങുന്നത്. 

1992-ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'ഗുണ'യിലെ 'കണ്മണി അൻപോട് കാതലൻ' എന്ന ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് 'ഡെവിൾസ് കിച്ചൻ' ഗുഹയിലാണ്. സിനിമ പുറത്തിറങ്ങിയതിൽ പിന്നെയാണ് ഈ ഗുഹ 'ഗുണ ഗുഹ' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. ഗുഹക്ക് സമീപത്തായി ഒരു വാച്ച് ടവർ നിർമ്മിച്ചിട്ടുണ്ട്‌. കൊടൈക്കനാലിന്റെ മനോഹരമായ കാഴ്ചയും കാലാവസ്ഥയും ആസ്വദിക്കാൻ കഴിയുന്ന സ്ഥലമാണ് ഈ വാച്ച് ടവർ. 

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന 'മഞ്ഞുമ്മൽ ബോയ്സ്'ന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായി ചിത്രികരണം പൂർത്തിയാക്കിയ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. നടൻ സലിം കുമാറിന്റെ മകൻ ചന്തു സുപ്രധാനമായോരു വേഷം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃദ് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്.

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി,  ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ & മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ. 

ALSO READ : മാറ്റമില്ലാതെ ഒന്നാം സ്ഥാനം, ടോപ്പ് 5 ലെ പുതിയ എന്‍ട്രിയായി നിഖില; മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നടിമാര്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മലയാളത്തില്‍ നിന്ന് വേറിട്ട ഹൊറര്‍ ത്രില്ലര്‍; 'മദനമോഹം' ഫെബ്രുവരി 6 ന്
മോഹൻലാലിന്റെ L366ന് നാളെ തുടക്കം, അണിയറ പ്രവർത്തകരുടെ പേരുകൾ പുറത്തുവിട്ട് തരുൺ മൂർത്തി