തെലുങ്കില്‍ നിന്ന് ഒരു സിനിമാറ്റിക് യൂണിവേഴ്സ്; 'ഹനു മാന്‍' റിലീസ് തീയതി പ്രഖ്യാപിച്ചു

By Web TeamFirst Published Jan 9, 2023, 12:23 PM IST
Highlights

 പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്

ഇത് സിനിമാ ഫ്രാഞ്ചൈസികളുടെ കാലമാണ്. സൂപ്പര്‍ഹീറോ ചിത്രങ്ങളില്‍ ഹോളിവുഡ് മുന്‍പേ പരീക്ഷിച്ച് വിജയിച്ചിട്ടുള്ള ഒന്ന്. ഒരു ചിത്രത്തിന്‍റെ തുടര്‍ച്ചകളോ അതിലെ ചില കഥാപാത്രങ്ങളുടെ തുടര്‍ച്ചകളോ ഒക്കെ ചേര്‍ന്നാണ് ഒരു ഫ്രാഞ്ചൈസി സൃഷ്ടിക്കുക. കെജിഎഫ്, വരാനിരിക്കുന്ന പുഷ്പ 2, ബോളിവുഡില്‍ ബ്രഹ്‍മാസ്ത്ര ഒക്കെയാണ് സമീപകാലത്ത് ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ ഫ്രാഞ്ചൈസികള്‍. ഇപ്പോഴിതാ തെലുങ്ക് സിനിമയില്‍ നിന്ന് ഒരു പാന്‍ ഇന്ത്യന്‍ ഫ്രാഞ്ചൈസി എത്തുകയാണ്. ആദ്യ ചിത്രം പുറത്തിറങ്ങും മുന്‍പ് സംവിധായകന്‍ തന്നെയാണ് ഇതൊരു ഫ്രാഞ്ചൈസിയുടെ തുടക്കം ആയിരിക്കുമെന്ന് പ്രഖ്യാപിച്ചത്.

പ്രശാന്ത് വര്‍മ്മ സംവിധാനം ചെയ്യുന്ന ഹനു മാന്‍ ആണ് ചിത്രം. പ്രശാന്ത് വര്‍മ്മ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായിരിക്കും ഇതെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. തെലുങ്കിലെ പ്രമുറ യുവതാരം തേജ സജ്ജയാണ് ചിത്രത്തിലെ നായകന്‍. അമൃത അയ്യര്‍, വരലക്ഷ്മി ശരത്കുമാര്‍, വിനയ് റായ്, വെണ്ണെല കിഷോര്‍, സത്യ, ഗെറ്റപ്പ് ശ്രീനു, രാജ് ദീപക് ഷെട്ടി തുടങ്ങിയവരാണ് ഹനു മാനില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. പ്രൈഷോ എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ കെ നിരഞ്ജന്‍ റെഡ്ഡിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍.

ALSO READ : 'കാത്തിരുപ്പിന് നന്ദി'; 'പഠാന്‍റെ' വന്‍ അപ്ഡേറ്റുമായി ഷാരൂഖ് ഖാന്‍

ചിത്രം മെയ് 12 ന് ആഗോള തലത്തില്‍ റിലീസ് ചെയ്യപ്പെടുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 2021 ല്‍ പുറത്തെത്തിയ സോംബി റെഡ്ഡിയുടെ വിജയത്തിനു ശേഷമാണ് പ്രശാന്ത് വര്‍മ്മ ഈ ചിത്രം പ്രഖ്യാപിച്ചത്. ഹനു മാന്‍ തെലുങ്ക് സിനിമയിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം ആയിരിക്കുമെന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗം 2024 ല്‍ പുറത്തെത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. അധീര എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്.

click me!