
ബസിൽ മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ച യുവാവ് ആത്മഹത്യ ചെയ്തത് വലിയ വാർത്തയായിരിക്കുകയാണ്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. തതവസരത്തിൽ ദീപക്കിനെ കുറിച്ചൊരു പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടൻ ഹരീഷ് കണാരൻ. ബസിൽ വച്ച് ആർത്തവ വേദന നേരിട്ട പെൺകുട്ടിയെ ദീപക് പരിചരിച്ചതിനെ കുറിച്ചൊരു വ്ളോഗര്‍ പറഞ്ഞ കാര്യങ്ങളാണ് കുറിപ്പ്.
ഹരീഷ് കണാരൻ പങ്കുവച്ച വാക്കുകൾ ഇങ്ങനെ
ആത്മഹത്യ ചെയ്ത ദീപക്കിനെ കുറിച്ച് അതേ ബസ്സിൽ യാത്ര ചെയ്ത മറ്റൊരു പെൺകുട്ടി പറഞ്ഞത്.
സോഷ്യൽ മീഡിയ 'ലൈംഗികാതിക്രമി' എന്ന് മുദ്രകുത്തി കൊന്ന ദീപക്കിനെക്കുറിച്ച്, മാസങ്ങൾക്ക് മുൻപ് അതേ ബസ്സിൽ വെച്ച് അദ്ദേഹത്തെ പരിചയപ്പെട്ട മറ്റൊരു പെൺകുട്ടിക്ക് പറയാനുള്ളത് കേൾക്കുമ്പോൾ ആരുടേയും ഉള്ളൊന്ന് പിടയും. ദീപക് എന്ന വ്യക്തി ആരായിരുന്നു എന്ന് ദീപക്കിനെ വെറും ഒരു ദിവസം മാത്രം പരിചയമുള്ള ആ പെൺകുട്ടിയുടെ വാക്കുകളിൽ നമുക്ക് മനസ്സിലാകും.
ഏകദേശം ഒരു വർഷം മുൻപ് അതേ ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഈ പറഞ്ഞ പെൺകുട്ടി ദീപക്കിനെ കാണുന്നത്. അസഹനീയമായ പീരിയഡ്സ് വേദന കൊണ്ട് മുഖം വാടിയിരുന്ന ആ കുട്ടിയെ കണ്ട്, അടുത്ത സീറ്റിലിരുന്ന അപരിചിതനായ ദീപക് ചോദിച്ചത് 'മോളെ, എന്ത് പറ്റി?' എന്നാണ്. വെറുമൊരു ചോദ്യമായിരുന്നില്ല അത്. അവളുടെ വേദന കണ്ടപ്പോൾ സ്വന്തം മകളെപ്പോലെ കരുതിയ ഒരു അച്ഛന്റെയോ ജ്യേഷ്ഠന്റെയോ കരുതൽ ആയിരുന്നു അത്.
അമ്മയെ വിളിക്കണോ എന്ന് ചോദിച്ചപ്പോൾ വേണ്ടെന്ന് പറഞ്ഞ ആ കുട്ടിക്ക്, തന്റെ കയ്യിലുണ്ടായിരുന്ന പാരസെറ്റമോൾ ഗുളിക എടുത്തു നൽകി അദ്ദേഹം ആശ്വസിപ്പിച്ചു. വേദന മറക്കാൻ വേണ്ടി പരീക്ഷയെക്കുറിച്ചും പഠനത്തെക്കുറിച്ചും സംസാരിച്ച് അവളുടെ ശ്രദ്ധ മാറ്റാൻ ശ്രമിച്ചു. പരീക്ഷയെ ഓർത്ത് പേടിയാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം നൽകിയ ഉപദേശം ആ കുട്ടി ഇന്നും ഓർക്കുന്നുണ്ട്. "എന്തിനാ പേടിക്കുന്നത്? എന്റെ ഈ പ്രായത്തിലും ഞാൻ സ്ട്രഗിൾ ചെയ്യുകയാണ്. ജീവിതം എന്നും അങ്ങനെയാണ്. അതുകൊണ്ട് പേടിച്ചിരിക്കാൻ പറ്റുമോ?" എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
യാത്രയിലുടനീളം ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ, അത്രയും മാന്യമായി പെരുമാറിയ, സുരക്ഷിതത്വം നൽകിയ മനുഷ്യൻ. അതുകൊണ്ടാണ് ഒരു വർഷം കഴിഞ്ഞിട്ടും ആ മുഖം ആ കുട്ടി ഓർത്തിരുന്നത്. ആ പെൺകുട്ടിയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിലാകും, ദീപക് ഒരു ലൈംഗികാതിക്രമിയല്ല, മറിച്ച് സ്ത്രീകളെ ബഹുമാനിക്കാൻ അറിയുന്ന, അന്യന്റെ വേദന കണ്ടാൽ മനസ്സലിയുന്ന പച്ചയായ മനുഷ്യനായിരുന്നു എന്ന്. ആ മനുഷ്യനെയാണ് കുറച്ച് റീച്ചിന് വേണ്ടി ഒരുത്തി കൊലപ്പെടുത്തിയത്.
ചെയ്യാത്ത തെറ്റിന് ലോകം മുഴുവൻ തന്നെ നോക്കി കുറ്റപ്പെടുത്തിയപ്പോൾ, തന്റെ നിരപരാധിത്വം തെളിയിക്കാൻ നിൽക്കാതെ അദ്ദേഹം മരണം തിരഞ്ഞെടുത്തത് കുറ്റബോധം കൊണ്ടല്ല, മറിച്ച് താൻ ഒരിക്കലും ചെയ്യാത്ത ഒരു കാര്യത്തിന് പഴി കേൾക്കേണ്ടി വന്നതിലെ ഷോക്ക് കൊണ്ടാവണം. ദീപക് മരിച്ചില്ലായിരുന്നെങ്കിൽ ഈ സത്യം ഒരുപക്ഷെ ആരും അറിയില്ലായിരുന്നു എന്നത് മറ്റൊരു ദുരന്തം. ആദരാജ്ഞലികൾ സഹോദരാ.
ലിയാസ് ലത്തീഫ് എന്ന ഇൻസ്റ്റാഗ്രാം വ്ലോഗർ ആണ് ഈ പെൺകുട്ടിയുടെ അനുഭവം പങ്കുവെച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ