'അടുത്ത നിയമസഭയില്‍ വലതുപക്ഷം ശൂന്യമായിരിക്കും'; ഹരീഷ് പേരടി പറയുന്നു

By Web TeamFirst Published Oct 15, 2020, 10:49 PM IST
Highlights

"ഈ മഹാമാരിയുടെ കാലത്തും നിങ്ങളിങ്ങനെ ജനക്ഷേമ പ്രവർത്തനങ്ങളുമായി ഭരണം തുടർന്നാൽ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും"

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗുണകരമായി ഭവിക്കുമെന്ന് നടന്‍ ഹരീഷ് പേരടി. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറിയ കേരള കോണ്‍ഗ്രസ് എമ്മിനെക്കുറിച്ചും ഹരീഷ് പേരടി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറയുന്നു. ഇടതുപക്ഷ സഹയാത്രികനായ ഹരീഷ് പേരടി മുന്‍പും പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്.

ഹരീഷ് പേരടിയുടെ കുറിപ്പ്

"പ്രിയപ്പെട്ട സഖാവേ എന്താണ് പരിപാടി? ഇപ്പം ജോസ് കെ മാണി വന്നു. ഇനിയും ആളുകൾ ഇടത്തോട്ട് വരാൻ കാത്തിരിക്കുന്നു. ഈ മഹാമാരിയുടെ കാലത്തും നിങ്ങളിങ്ങനെ ജനക്ഷേമ പ്രവർത്തനങ്ങളുമായി ഭരണം തുടർന്നാൽ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും. പറയുന്നത് തെറ്റാണെന്നറിയാം എന്നാലും പറയുകയാണ്. നമ്മുടെ പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570 തും നടപ്പിലാക്കിയില്ലേ. ഇനി ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട. അതിന്‍റെ പേരിൽ ആ പാവങ്ങൾ ഒരു അഞ്ച് സീറ്റെങ്കിലും  പിടിച്ചോട്ടെ. താങ്കളുടെ പേര് പിണറായി വിജയൻ എന്നായതുകൊണ്ട് ബാക്കിയുള്ള മുപ്പതും നടപ്പാക്കിയിട്ടേ താങ്കൾ തിരഞ്ഞെടുപ്പിനെ നേരിടുകയുള്ളൂ എന്നറിയാം. പക്ഷെ അടുത്ത നിയമസഭയിൽ വലതുപക്ഷം ശൂന്യമായിരിക്കും എന്നു മാത്രം. അഭിവാദ്യങ്ങൾ."

അതേസമയം കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയില്‍ എത്തിയതോടെ ഐക്യ ജനാധിപത്യമുന്നണിയുടെ ജീവനാഡി അറ്റുപോയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. ഈ രാഷ്ട്രീയമാറ്റം എല്‍ഡിഎഫിന് കരുത്ത് പകരുമെന്നും രാജ്യസഭാ സീറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 
 

click me!