'പെണ്ണിൻ്റെ പൊട്ടിൻ്റെ വലിപ്പം കൂടുംതോറും ആണുങ്ങൾക്കിടയിലെ പൊട്ടൻമാർക്ക് വെറളിപിടിക്കും'; ഹരീഷ് പേരടി

By Web TeamFirst Published Jun 30, 2021, 4:44 PM IST
Highlights

എപ്പോൾ പൊട്ട് തൊട്ടാലും അച്ഛൻ അല്ല അമ്മയാണ് തന്റെ മനസ്സിലേക്ക് വരാറുള്ളത് എന്ന് പരീഷ് പറയുന്നു. 

പ്രതിസന്ധികളെ തരണം ചെയ്ത് സബ് ഇൻസ്പെക്ട്ടറായി ജോലി നേടിയ ആനി ശിവയെ അഭിനന്ദിച്ചു കൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. നിരവധി പേരാണ് നടനെ അനുകൂലിച്ചും പ്രതികൂലിച്ചും രം​ഗത്തെത്തിയത്. ഇപ്പോഴിതാ നടൻ ഹരീഷ് പേരടി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

എപ്പോൾ പൊട്ട് തൊട്ടാലും അച്ഛൻ അല്ല അമ്മയാണ് തന്റെ മനസ്സിലേക്ക് വരാറുള്ളത് എന്ന് പരീഷ് പറയുന്നു. പൊട്ടുകൾ എപ്പോഴും സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്ന വലിയ അടയാളങ്ങൾ തന്നെയാണ്. അത് കാണുമ്പോൾ ആണുങ്ങളിലെ പല പൊട്ടന്മാർക്കും കലി കയറുമെന്നും താരം പറഞ്ഞു. 

ഹരീഷ് പേരടിയുടെ വാക്കുകൾ

തടിച്ചും,നീണ്ടും,ഉരുണ്ടും,വിലങ്ങനെയും,കുറങ്ങനെയും,അങ്ങിനെ എത്ര,എത്ര വലിയ പൊട്ടുകൾ ഈ നെറ്റിയിൽ കിടന്ന് അമ്മാനമാടി...എത്രയെത്ര അമ്മദൈവങ്ങൾക്കുവേണ്ടി ഉറഞ്ഞ് തുള്ളി...മേക്കപ്പ് ആർട്ടിസ്റ്റ് പൊട്ടുതൊടുമ്പോൾ അച്ഛൻ എൻ്റെ മനസ്സിലേക്ക് വരാറേയില്ല...എപ്പോഴും അമ്മയാണ് വരാറ്..അതിനുകാരണം അച്ഛൻ മരിച്ചതിനു ശേഷവും ഞാൻ അമ്മയെ നിർബന്ധിച്ച് സിന്ദൂരം തലയിൽ ചാർത്തുന്ന മംഗല്യകുറി തൊടിയിപ്പിക്കാറുണ്ടായിരുന്നു...അത് അച്ഛനെ ഓർക്കാനുമല്ല..മംഗല്യകുറിയോടുള്ള വിശ്വാസവുമല്ല...മറിച്ച് ഭർത്താവ് മരിച്ച എൻ്റെ അമ്മ പൊട്ടുതൊട്ടാൽ ആരുണ്ടെടാ ചോദിക്കാൻ?..എന്ന്..അന്ന്20ത് വയസ്സുള്ള ഒരു ചെക്കൻ്റെ പൊട്ടിതെറിപ്പ്...അത്തരം പൊട്ടിതെറിപ്പുകൾ തന്നെയാണ് യഥാർത്ഥ രാഷ്ട്രിയം എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു..."പൊട്ടുകൾ"  എപ്പോഴും സ്ത്രീപക്ഷ രാഷ്ട്രിയം പറയുന്ന വലിയ അടയാളങ്ങൾ തന്നെയാണ്...പെണ്ണിൻ്റെ പൊട്ടിൻ്റെ വലിപ്പം കൂടുതോറും ആണുകൾക്കിടയിലെ പൊട്ടൻമാർക്ക് വെറളിപിടിക്കും...കാലുകൾ വിടർത്തിയിരിക്കൽ ഇപ്പോഴും ആണിന് മാത്രമായുള്ള ശരീരഭാഷയാണന്ന് കരുതുപോലെ...പക്ഷെ ഒരു സ്ത്രീ ഏറ്റവും വലിപ്പത്തിൽ ഒരു പാട് വേദന സഹിച്ച് കാലുകൾ വിടർത്തുമ്പോളാണ് എല്ലാ പൊട്ടൻമാരും ഈ ഭൂമി കാണാൻ തുടങ്ങുന്നത് എന്നത് മറ്റൊരു യാഥാർത്ഥ്യം..ആ വലിയ പൊട്ടുകളൂടെ ഓർമ്മക്ക്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!