'തീ കത്തുമ്പോള്‍ കത്തിച്ചവന് എതിരെ നില്‍ക്കണം': ദില്ലി കലാപത്തില്‍ പ്രതികരിച്ച് ഹരീഷ് ശിവരാമകൃഷ്ണന്‍

By Web TeamFirst Published Feb 26, 2020, 12:30 PM IST
Highlights

മനുഷ്യനെ വിഭജിച്ചും, തമ്മിലടിപ്പിച്ചും, തെരുവുകൾ കത്തിച്ചും ഭീതി പരത്തുന്നവർക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയമായെന്ന് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍.

തിരുവനന്തപുരം: വടക്കു കിഴക്കന്‍ ദില്ലിയിലെ അക്രമ സംഭവങ്ങളില്‍ പ്രതികരണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിച്ചും, തമ്മിലടിപ്പിച്ചും, തെരുവുകൾ കത്തിച്ചും ഭീതി പരത്തുന്നവർക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയമായെന്നും തീ കത്തിക്കുമ്പോള്‍ കത്തിച്ചവന് എതിരെ നില്‍ക്കണമെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. പാടിയാല്‍ മതി, രാഷ്ട്രീയം പറയേണ്ട എന്ന് പറയുന്നവരോട് - പാടിയാലും ഇല്ലെങ്കിലും പ്രതികരിക്കേണ്ടപ്പോള്‍ പ്രതികരിക്കുകയും, രാഷ്ട്രീയം പറയുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിച്ചും , തമ്മിലടിപ്പിച്ചും, തെരുവുകൾ കത്തിച്ചും ഭീതി പരത്തുന്നവർക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയം ആണ് ഇത്. ചെറുത്തു തോൽപ്പിക്കേണ്ട സമയം ആണിത് .‘അവന്മാർക്ക് രണ്ടെണ്ണം കിട്ടട്ടെ’ എന്ന് പറഞ്ഞു ഇതിനു മൂക സാക്ഷ്യം വഹിക്കുന്ന സുഹൃത്തുക്കളോട് , ഈ തീ നമ്മുടെ വീടുകളിലേക്ക് പടരാൻ ഏറെ സമയം ഒന്നും ആവില്ല. മതം നമ്മളെ പരസ്പരം വെറുക്കാൻ പഠിപ്പിക്കുന്നില്ല എന്ന് ‘സാരേ ജഹാൻ സെ അച്ഛാ’ എന്ന ഗാനം പാടി പഠിച്ച നമ്മളാണ് ഇതിനു കൂട്ട് നിൽക്കുന്നതെങ്കിൽ കാലം നമുക്ക് മാപ്പു തരില്ല. തീ കത്തുമ്പോൾ കത്തിച്ചവന് എതിരെ നിൽക്കുന്നതായിരിക്കണം നിങ്ങളുടെ രാഷ്ട്രീയം. അത് മാത്രം.

നബി: താൻ പാടിയ മതി, രാഷ്ട്രീയം പറയണ്ട എന്ന് പറയുന്നവരോട് - പാടിയാലും ഇല്ലെങ്കിലും പ്രതികരിക്കേണ്ടപ്പോ പ്രതികരിക്കുകയും, രാഷ്ട്രീയം പറയുകയും ചെയ്യും. തെരുവ് കത്തിക്കുന്നതിനെ പിന്തുണക്കാൻ ന്യായീകരണം പറയുന്നതിനെ അവജ്ഞയോടെ അവഗണിക്കും.

click me!