
ഹൃദയാഘാതത്തിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദന്‍) യുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചുനിര്‍ത്താനുള്ള മരുന്നുകളോടെ സച്ചി വെന്‍റിലേറ്ററില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇന്നത്തെ സിടി സ്‍കാനിലും മോശം റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും ഇന്നലത്തേക്കാള്‍ മോശമാണ് അവസ്ഥയെന്നും സച്ചി ചികിത്സയിലുള്ള തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി വൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടു പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നും ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി മിഷന്‍ ആശുപത്രി 16ന് പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതുപ്രകാരമുള്ള നിരീക്ഷണത്തിലാണ് ഇപ്പോഴും അദ്ദേഹം.
അതേസമയം അനസ്തേഷ്യ നല്‍കിയതിലെ പിഴവല്ല സച്ചിയ്ക്കുണ്ടായ ഹൃദയാഘാതത്തിനു കാരണമെന്ന വിശദീകരണവുമായി കെജിഎംഒഎ സംസ്ഥാന പ്രസിഡന്‍റ് ഡോ: ജോസഫ് ചാക്കോ രംഗത്തെത്തിയിരുന്നു. അനസ്‍തേഷ്യയുടെ ഫലവും കഴിഞ്ഞ് പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡില്‍ ചെന്ന് അവിടെയുള്ളവരോടു സംസാരിക്കുകയും കാപ്പി കുടിക്കുകയും ചെയ്‍ത ശേഷമാണ് സച്ചിക്ക് ഹൃദയാഘാതവും ബാക്കി പ്രശ്‍നങ്ങളും ഉണ്ടായതെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‍തെറ്റിസ്റ്റ് ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നു വ്യക്തമായ കാര്യം ഇതാണെന്നാണ് അദ്ദേഹം പറയുന്നത്.
സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം വലിയ ജനപ്രീതിയും ബോക്സ് ഓഫീസ് വിജയവും സ്വന്തമാക്കിയിരുന്നു. അനാര്‍ക്കലി (2015)ക്കു ശേഷം സച്ചി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകള്‍ ഒരുക്കിയിട്ടുണ്ട് സച്ചി. സംവിധാനം ചെയ്ത സിനിമകളുടേതുള്‍പ്പെടെ സ്വന്തമായി രചിച്ചത് ഏഴ് തിരക്കഥകളും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ