വീണുപോയിടത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശരണ്യ; ആരോഗ്യനിലയില്‍ പുരോഗതി

By Web TeamFirst Published Sep 30, 2020, 7:23 PM IST
Highlights

കോതമംഗലത്തെ പീസ് വാലി ആശുപത്രിയിലാണ് രണ്ടര മാസമായി ശരണ്യ. ഈ ശനിയാഴ്ച ഇവിടെനിന്ന് ഡിസ്‍ചാര്‍ജ് ചെയ്യും

അര്‍ബുദ ബാധയെത്തുടര്‍ന്ന് ഏഴ് വര്‍ഷത്തിനുള്ളില്‍ ഒന്‍പത് ശസ്ത്രക്രിയകള്‍ക്ക് വിധേയയാവേണ്ടിവന്ന നടി ശരണ്യയുടെ ജീവിതം ഒരു വര്‍ഷം മുന്‍പാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഗുരുതരാവസ്ഥയിലായിരുന്ന ശരണ്യയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന ശുഭവാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാസങ്ങളായി സ്വയം എണീയ്ക്കാനാവാതെ കിടക്കയിലായിരുന്ന ശരണ്യയ്ക്ക് ഇപ്പോള്‍ എണീറ്റുനടക്കാനാവും. ഇരണ്യയുടെയും അമ്മയുടെയും പ്രതികരണമടങ്ങിയ വീഡിയോയും ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. നാസര്‍ മാനു എന്നയാളാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

കോതമംഗലത്തെ പീസ് വാലി ആശുപത്രിയിലാണ് രണ്ടര മാസമായി ശരണ്യ. ഈ ശനിയാഴ്ച ഇവിടെനിന്ന് ഡിസ്‍ചാര്‍ജ് ചെയ്യും. പ്രധാനമായും ഫിസിയോതെറാപ്പി ചെയ്യാന്‍ വേണ്ടിയാണ് ഈ ആശുപത്രിയിലേക്ക് വന്നതെന്ന് ശരണ്യയുടെ അമ്മ ഗീത പറയുന്നു. "വരുമ്പോള്‍ ട്രോളിയില്‍ ഇരുത്തിയാണ് കൊണ്ടുവന്നത്. ഒരു പ്രതികരണവുമില്ലായിരുന്നു, എന്ത് സംസാരിച്ചാലും ഒരു മറുപടിയുമില്ലായിരുന്നു. ഇങ്ങനെ നോക്കിയിരിക്കുകയേ ഉള്ളൂ. കൈയൊന്നും ഒട്ടും അനക്കാന്‍ പറ്റില്ലായിരുന്നു. ഇപ്പോള്‍ നടക്കാവുന്ന അവസ്ഥ ആയിട്ടുണ്ട്", ഗീത പറയുന്നു.

രോഗാവസ്ഥ നിരന്തരം വേട്ടയാടുമ്പോള്‍ ചികിത്സ ലഭ്യമാക്കാന്‍ ശരണ്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുന്‍പ് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തയായിരുന്നു. സാമൂഹ്യപ്രവര്‍ത്തകനായ സൂരജ് പാലാക്കാരനും നടി സീമ ജി നായരും ശരണ്യയുടെ അവസ്ഥ വ്യക്തമാക്കി സഹായമഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ശ്രീചിത്രയിലാണ് ട്യൂമറിന്‍റെ ചികിത്സ നടക്കുന്നത്. ഇനി ശ്രീചിത്രയിലെ ചികിത്സ തുടരാനുള്ള തീരുമാനത്തിലാണ് കുടുംബം. 

click me!