Milli : 'ഹെലനു'മായി മാത്തുക്കുട്ടി സേവ്യര്‍ ബോളിവുഡില്‍, 'മില്ലി' പൂര്‍ത്തിയതായി ജാൻവി കപൂര്‍

By Web TeamFirst Published Nov 27, 2021, 1:25 PM IST
Highlights

'ഹെലൻ' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് 'മില്ലി'.

മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്‍ത 'ഹെലൻ ' മലയാളത്തില്‍ മികച്ച അഭിപ്രായം നേടിയിരുന്നു. അന്ന ബെൻ ആയിരുന്നു ചിത്രത്തില്‍ നായികയായത്. നിരൂപപശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയ ചിത്രമായി 'ഹെലൻ'. 'ഹെലന്റെ' ഹിന്ദി റീമേക്ക് ചിത്രം 'മില്ലി' (Milli) അഭിനയിച്ച് പൂര്‍ത്തിയാക്കിയ വിവരം പങ്കുവയ്‍ക്കുകയാണ് ഇപോള്‍ ജാൻവി കപൂര്‍ (Janhvi Kapoor).

ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛനൊപ്പം ആദ്യമായി പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷം പങ്കുവെച്ച കുറിപ്പിലാണ് 'മില്ലി' ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതായി ജാൻവി കപൂര്‍ അറിയിച്ചിരിക്കുന്നത്. വളരെ രസകരമായിരുന്നു തന്റെ അച്ഛൻ നിര്‍മിച്ച സിനിമയിലെ അഭിനയം.  നിങ്ങൾ എടുക്കുന്ന ഓരോ ചിത്രത്തിനും നിങ്ങളുടെ ഹൃദയവും ആത്മാവും നൽകൂ എന്ന് പറയുമ്പോൾ എല്ലാവരും എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയാം. മാത്തുക്കുട്ടി സേവ്യർ സാർ, നിങ്ങളുടെ മാർഗനിർദേശത്തിനും ക്ഷമയ്ക്കും നന്ദി. നോബിൾ തോമസിനും നന്ദി. നിങ്ങള്‍ക്ക് അഭിമാനം തോന്നുന്നതായിരിക്കും അച്ഛാ 'മില്ലി'യെന്നും ജാൻവി കപൂര്‍ പറയുന്നു.

മലയാളത്തില്‍ 'ഹെലെൻ' എന്ന ചിത്രം നിര്‍മിച്ചത് വിനീത് ശ്രീനിവാസനാണ്. ആല്‍ഫ്രഡ് കുര്യൻ ജോസഫ്, നോബിള്‍ തോമസ്, മാത്തുക്കുട്ടി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയത്.  ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'ഹെലൻ' എന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത് ഷമീര്‍ മുഹമ്മദ് ആണ്.

മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് 'ഹെലനി'ലൂടെ മാത്തുക്കുട്ടി സേവ്യര്‍ക്ക് ലഭിച്ചിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം അന്നെ ബെന്നിനും ലഭിച്ചു. 'മില്ലി' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുനില്‍ കാര്‍ത്തികേയൻ ആണ്. മാത്തുക്കുട്ടി സേവ്യര്‍ തന്നെ ചിത്രം സംവിധാനം ചെയ്യുന്നു.

click me!