ഹിന്ദി 'ബിഗ് ബോസ്' സെപ്റ്റംബറില്‍; ഹൗസില്‍ പ്രവേശിക്കുന്നതിനു മുന്‍പ് മത്സരാര്‍ഥികള്‍ക്ക് ക്വാറന്‍റൈന്‍

By Web TeamFirst Published Jul 17, 2020, 9:14 PM IST
Highlights

പതിവുപോലെ സെലിബ്രിറ്റീസും അത്രയധികം അറിയപ്പെടാത്തവരും ഉള്‍പ്പെടുന്നവരായിരിക്കും മത്സരാര്‍ഥികളുടെ ലിസ്റ്റ്. ടെലിവിഷന്‍ താരങ്ങളായ നിയ ശര്‍മ്മ, വിവിയന്‍ സേന തുടങ്ങി നിരവധി പേര്‍ ഷോയില്‍ ഉണ്ടാവുമെന്ന് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. 

ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്‍റെ ഹിന്ദി പതിപ്പിന്‍റെ പുതിയ സീസണ്‍ സെപ്റ്റംബറില്‍ ആരംഭിക്കും. ഹിന്ദി ബിഗ് ബോസിന്‍റെ 14-ാം സീസണാണ് വരാനിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ തന്നെയാണ് ഇക്കുറിയും അവതാരകന്‍. ഇത് പതിനൊന്നാം തവണയാണ് സല്‍മാന്‍ ബിഗ് ബോസിന്‍റെ അവതാരകന്‍ ആവുന്നത്. കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ഒട്ടേറെ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ സെപ്റ്റംബറിലേക്ക് ചിത്രീകരണം പ്ലാന്‍ ചെയ്യുന്നത്.

നൂറു ദിവസം മറ്റു മത്സരാര്‍ഥികള്‍ക്കൊപ്പം അടച്ചിട്ട ഒരു വീട്ടില്‍ കഴിയുക എന്നതാണ് ബിഗ് ബോസ് ഓരോ മത്സരാര്‍ഥിക്കു മുന്നിലും വയ്ക്കുന്ന ചാലഞ്ച്. എന്നാല്‍ കൊറോണയുടെ കാലത്ത് നടക്കുന്ന സീസണില്‍ 'ലോക്ക് ഡൗണ്‍' എന്ന തീം കൂടുതല്‍ ഉപയോഗിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഗ് ബോസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ഥികള്‍ക്ക് ഹൗസിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് നിര്‍ബന്ധിത ക്വാറന്‍റൈന്‍ ഉണ്ടായിരിക്കുമെന്ന് ബിഗ് ബോസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മെഡിക്കല്‍ ടെസ്റ്റുകളും ഇന്‍ഷുറന്‍സ് നിബന്ധനകളുമൊക്കെ ഇത്തവണ കൂടുതലായിരിക്കും. 

പതിവുപോലെ സെലിബ്രിറ്റീസും അത്രയധികം അറിയപ്പെടാത്തവരും ഉള്‍പ്പെടുന്നവരായിരിക്കും മത്സരാര്‍ഥികളുടെ ലിസ്റ്റ്. ടെലിവിഷന്‍ താരങ്ങളായ നിയ ശര്‍മ്മ, വിവിയന്‍ സേന തുടങ്ങി നിരവധി പേര്‍ ഷോയില്‍ ഉണ്ടാവുമെന്ന് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പതിവുപോലെ ആദ്യ എപ്പിസോഡില്‍ മാത്രമാവും മത്സരാര്‍ഥികള്‍ ആരൊക്കെയെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. അതേതായാലും ബിഗ് ബോസ് ടീം സല്‍മാന്‍ ഖാനുമായി കരാര്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

click me!