ദീപിക ധരിച്ച ബിക്കിനിയുടെ നിറം ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുകയും ആയിരുന്നു.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'പഠാൻ'. അതുകൊണ്ട് തന്നെ സിനിമയുടെ പ്രമോഷൻ മെറ്റീരിയലുകൾക്ക് എല്ലാം തന്നെ വൻ വരവേൽപ്പ് ആയിരുന്നു എസ്ആർകെ ആരാധകർ നൽകിയത്. എന്നാൽ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തതോടെ പഠാൻ ബോയ്ക്കോട്ട് ക്യാംപെയ്നും ശക്തമായി. ഗാനരംഗത്ത് ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ആയിരുന്നു വിവാദങ്ങൾക്ക് വഴിവച്ചത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഗാനത്തെ ചൊല്ലിയുള്ള വിവാദം പുതുവർഷത്തിലും അവസാനിക്കുന്നില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ഷാരൂഖിനും ചിത്രത്തിനും എതിരെ ഓരോ ദിവസവും വിമർശനങ്ങളും ഭീഷണികളും ഉയരുകയാണ്.
പഠാന്‍ പ്രമോഷന്റെ ഭാഗമായി വച്ച ദീപിക പദുക്കോണിന്റെയും ഷാരൂഖ് ഖാന്റെയും കട്ടൗട്ടുകൾ ഒരു വിഭാഗം നശിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്. അഹമ്മദാബാദിലെ ആൽഫവൻ മാളിൽ ആണ് സംഭവം. ബജ്‌രാജ് ദൾ(Bajraj Dal ) എന്ന ഹിന്ദു സംഘടന പഠാന്റെ പ്രമോഷൻ മെറ്റീരിയലുകൾ നശിപ്പിക്കുകയും സിനിമ റിലീസ് ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
See what people of Ahmedabad did to pic.twitter.com/ss8QGJJSSO
— khushboo (@khushboo2323)
നേരത്തെ ഒരു വിഭാഗം ആളുകൾ ഷാരൂഖ് ഖാന്റെ പോസ്റ്ററും കോലവും കത്തിച്ചിരുന്നു. ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ ഷാരൂഖിന് ശേഷക്രിയയും ചെയ്തു. ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ ചുട്ടെരിക്കുമെന്ന് പരമഹംസ് ആചാര്യ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ആയിരുന്നു പഠാനിലെ ബേഷാരം രംഗ് എന്ന ആദ്യഗാനം റിലീസ് ചെയ്തത്. ഇതിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറം ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുകയും ആയിരുന്നു. പിന്നാലെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങൾ ഉയർന്നു.
'സുന്ദര മണിയായിരിക്കണു നീ..'; 'മാളികപ്പുറം' ചൈതന്യം നിറഞ്ഞ സിനിമയെന്ന് ജയസൂര്യ
2023 ജനുവരി 25നാണ് പഠാൻ റിലീസിന് എത്തുക. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകന്‍. ജോണ്‍ എബ്രഹാമും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും.