Valentine's Day 2022 : മമ്മൂട്ടിയും മോഹൻലാലും സിനിമയില്‍ പ്രണയം തുറന്നുപറഞ്ഞപ്പോള്‍, ഹിറ്റ് സംഭാഷണങ്ങള്‍

Web Desk   | Asianet News
Published : Feb 14, 2022, 12:12 PM ISTUpdated : Feb 14, 2022, 12:39 PM IST
Valentine's Day 2022 : മമ്മൂട്ടിയും മോഹൻലാലും സിനിമയില്‍ പ്രണയം തുറന്നുപറഞ്ഞപ്പോള്‍, ഹിറ്റ് സംഭാഷണങ്ങള്‍

Synopsis

മലയാള സിനിമയില്‍ വാക്കുകളിലിലൂടെയും സൂചനയിലൂടെയും പ്രണയം അനുഭവിപ്പിച്ച ചില കഥാ സന്ദര്‍ഭങ്ങള്‍.

വാക്കുകളില്‍ ഒതുക്കാവുന്നതല്ല ഒരു പ്രണയവും. വാക്കുകള്‍ക്ക് അപ്പുറത്തേയ്‍ക്ക് ഒരു മൂളലിന്റെയോ നോട്ടത്തിന്റെയോ സ്‍പര്‍ശനത്തിന്റെയോ നറുപുഞ്ചിരിയുടെയോ ചാരുതയിലും പ്രണയത്തിന്റെ തീപ്പൊരിയൊളിഞ്ഞിരിപ്പുണ്ടാകും. പറയാതെ പറയുന്ന പ്രണയം പോലെ.  ഇതാ മലയാള സിനിമയില്‍ അങ്ങനെ വാക്കുകളിലിലൂടെയും സൂചനയിലൂടെയും പ്രണയം അനുഭവിപ്പിച്ച ചില കഥാ സന്ദര്‍ഭങ്ങള്‍.

രണ്ടാള്‍ക്കുള്ള കസേര

'ടി പി ബാലഗോപാല'നെ മലയാളികള്‍ ആരും മറന്നിട്ടുണ്ടാകില്ല. വിദ്യാസമ്പന്നനായ നിഷ്‍കളങ്കനായ ഒരു ചെറുപ്പക്കാരൻ. അവിചാരിതമായി തന്റെ ജോലിക്കിടയില്‍ പരിചയപ്പെടുന്ന പെണ്‍കുട്ടിയില്‍ ആകൃഷ്‍ടനാകുന്നു.  'ടി പി ബാലഗോപാലൻ എ എം' പ്രണയ സിനിമയായിട്ടല്ല എത്തിയതെങ്കിലും വേര്‍പിടിത്താനാവാത്ത വിധം അങ്ങനൊരു അടരുകൂടിയുണ്ട്. ടി പി ബാലഗോപാലൻ 'അനിത'യോടെ പറയാതെ പറയുകയാണ് തന്റെ പ്രണയം. വീടിന്റെ പ്ലാൻ വിശദീകരിക്കുമ്പോള്‍ ബാല്‍ക്കണിയില്‍ രണ്ട് കസേരയുണ്ടാകും എന്ന് ബാലഗോപാലൻ അനിതയോട് പറയുന്നു. ഒരാള്‍ക്ക് എന്തിനാ രണ്ട് കസേര എന്ന് അനിത തിരിച്ചുചോദിക്കുന്നു. ഒരാളല്ല, രണ്ടാളുണ്ടാകും, ഉണ്ടാകണമല്ലോ അല്ലേ എന്നായിരുന്നു പ്രണയം വാക്കുകളില്‍ ഒളിപ്പിച്ച് ബാലഗോപാലൻ മറുപടി പറഞ്ഞത്. ടി പി ബാലഗോപാലനായി മോഹൻലാല്‍ എത്തിയപ്പോള്‍ അനിതയുടെ വേഷം ശോഭനയ്‍ക്കായിരുന്നു.

ഒപ്പം നടക്കുന്ന പ്രണയം

'ബാംഗ്ലൂർ ഡേയ്‍സി'ലെ പ്രണയം ഒപ്പം നടക്കുന്നവരുടേതായിരുന്നു. ഭിന്നശേഷിക്കാരിയായ 'ആര്‍ജെ സൈറ'യെ സ്വന്തമാക്കാൻ കൊതിക്കുന്നവനാണ് 'അജു'. സൈറയെ പിന്തുടരുകയാണ് ഒരു ഘട്ടത്തില്‍ അജു. എന്തിനാണ് പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതെന്ന ചോദ്യത്തിന് അജുന്റെ മറുപടി പ്രണയം വെളിപ്പെടുത്തംവിധമായിരുന്നു- 'എനിക്ക് നിന്റെ പിന്നാലെ നടക്കാനല്ല.. ഒപ്പം നടക്കാനാണ് ഇഷ്‍ടം'. ദുല്‍ഖറിന്റെ അജുവും  പാര്‍വതിയുടെ സൈറയും അങ്ങനെ പ്രണയത്തിലാകുന്നു.

മനസ്സിന്റെ വിങ്ങല്‍

'കാണാമറയത്തെ' സ്‍നേഹം ഒരു വിങ്ങലാണ്. മധ്യവയസ്‍കനായ 'റോയി'ക്ക് ടീനേജുകാരിയായ 'ഷേര്‍ളി' അയക്കുന്ന വാചകം തന്നെ സ്‍നേഹത്തിന്റെ വിങ്ങലാണ്. തിരിച്ചുകിട്ടാത്ത സ്‍നേഹം മനസ്സിന്റെ വിങ്ങലാണ് എന്നാണ് ഷേര്‍ളി എഴുതിയത്. 'കാണാമറയത്ത്' എന്ന സിനിമയില്‍ റോയിയായി മമ്മൂട്ടിയും ഷേര്‍ളിയായി ശോഭനയുമായിരുന്നു വേഷമിട്ടത്.

 അവിടെവെച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും

മുത്തിരിത്തോപ്പുകളല്‍ പൂത്തുതളിര്‍ത്ത പ്രണയമായിരുന്നു 'സോളമന്റേ'യും 'സോഫിയ'യുടേതും. നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്‍തുവോ എന്ന് നോക്കാം. അവിടെവെച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും എന്ന വാക്കുക്കള്‍ കേള്‍ക്കുമ്പോള്‍ പ്രണയത്തിലാകാത്തവര്‍ ആരുണ്ട്. 'നമുക്ക് പാര്‍ക്കാൻ മുന്തിരിത്തോപ്പുകള്‍' എന്ന സിനിമയില്‍ സോളമനായി മോഹൻലാലും സോഫിയായി ശാരിയുമാണ് എത്തിയത്.

നിന്റെ ചുണ്ടിലെ മുത്തമാകാൻ നിമിഷാര്‍ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി

പ്രണയിക്കാൻ വേണ്ടി മാത്രം ഭൂമിയില്‍ ജന്മമെടുക്കുന്നവനാണ് ഗന്ധര്‍വൻ. ആ ഗന്ധര്‍വന്റെ വാക്കുകളില്‍ പ്രണയം തുളുമ്പും. തന്നെ കുറിച്ച് ഗന്ധര്‍വൻ പറയുന്നത് ഇങ്ങനെയാണ്- 'ഞാൻ ഗന്ധര്‍വൻ. ചിത്രശലഭമാകാനും നിന്റെ ചുണ്ടിലെ മുത്തമാകാനും നിമിഷാര്‍ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി.'-  പത്‍മരാജന്റെ 'ഞാൻ ഗന്ധര്‍വൻ' എന്ന ചിത്രത്തില്‍ നിതീഷ് ഭരദ്വാജായിരുന്നു കേന്ദ്ര കഥാപാത്രമായി എത്തിയത്.

തട്ടമിട്ട പ്രണയം

തിരശീലയിലെ പ്രണയങ്ങള്‍ അങ്ങനങ്ങ് പൂത്തുവിടരാതിരുന്ന ഒരു സിനിമാക്കാലത്താണ് 'വിനോദാ'യി നിവിൻ പോളിയെത്തിയത്. 'ആയിഷ'യായി ഇഷയും. തലശ്ശേരി നാട്ടില്‍ ഒരു പ്രണയവും തളിര്‍ത്തത് കേരളമാകെ ഏറ്റെടുത്തു. 'ഓളാ തട്ടമിട്ട് കഴിഞ്ഞാ ന്റെ സാറേ, പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല' എന്നായിരുന്നു വിനോദ് പ്രണയിനിയെ കുറിച്ച് പറഞ്ഞത്. 'തട്ടത്തിൻ മറയത്ത്' സിനിമ സംവിധാനം വിനീത് ശ്രീനിവാസൻ.

പെണ്‍കുട്ടി 'നീന' തന്നെയായാല്‍ കൊള്ളാമെന്നുണ്ട്

'മണിവത്തൂരിലെ ആയിരം ശിവരാത്രിയില്‍' 'ഡോ. വിനയൻ' 'നീന'യോട് പ്രണയം വെളിപ്പെടുത്തത് മറ്റൊരു തരത്തിലാണ്. ഡോ. വിനയനായി പെണ്ണിനെ നോക്കാമെന്ന് നീന പറയുന്നു. നീന എനിക്ക് വേണ്ടി തെരഞ്ഞെടുക്കുന്ന പെണ്‍കുട്ടി നീന തന്നെയായാല്‍ കൊള്ളാമെന്നുണ്ട് എന്ന സംഭാഷണത്തില്‍ മറുപടിയായി ഡോ. വിനയൻ തന്റെ മനസ് തുറക്കുന്നു. ഡോ. വിനയനായി എത്തിയത് മമ്മൂട്ടിയും നീനയായത് സുഹാസിനിയും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി