ഹോളിവുഡ് താരം ജോണ്‍ സാക്സണ്‍ അന്തരിച്ചു

By Web TeamFirst Published Jul 26, 2020, 6:42 PM IST
Highlights

ആറ് പതിറ്റാണ്ടിലേറെ നീളുന്ന സിനിമാജീവിതത്തില്‍ ഇരുനൂറിലേറെ സിനിമകളിലും നൂറുകണക്കിന് ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുണ്ട് ജോണ്‍ സാക്സണ്‍.

വെസ്റ്റേണുകളിലും ഹൊറര്‍ ചിത്രങ്ങളിലും അവതരിപ്പിച്ച ക്യാരക്ടര്‍ റോളുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ഹോളിവുഡ് താരം ജോണ്‍ സാക്സണ്‍ (83) അന്തരിച്ചു. യുഎസിലെ ടെന്നസി സംസ്ഥാനത്തെ സ്വവസതിയില്‍ ഇന്നലെ ആയിരുന്നു അന്ത്യം. ന്യുമോണിയ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യയും നടിയുമായ ഗ്ലോറിയ മാര്‍ട്ടല്‍ ഹോളിവുഡ് എന്‍റര്‍ടെയ്ന്‍മെന്‍റ് മാധ്യമമായ ഹോളിവുഡ് റിപ്പോര്‍ട്ടറോട് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

ആറ് പതിറ്റാണ്ടിലേറെ നീളുന്ന സിനിമാജീവിതത്തില്‍ ഇരുനൂറിലേറെ സിനിമകളിലും നൂറുകണക്കിന് ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുണ്ട് ജോണ്‍ സാക്സണ്‍. ബ്രൂസ് ലീക്കൊപ്പം എത്തിയ 'എന്‍റര്‍ ദി ഡ്രാഗണ്‍', വെസ് ക്രാവെന്‍റെ 'എ നൈറ്റ്മെയര്‍ ഓണ്‍ എം സ്ട്രീറ്റ്', മെര്‍ലണ്‍ ബ്രാന്‍ഡോയ്ക്കൊപ്പമെത്തിയ 'അപ്പലൂസ' തുടങ്ങിയവയാണ് ഏറ്റവും പ്രധാന ചിത്രങ്ങള്‍. ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദേശവും ലഭിച്ചിരുന്നു.

 

1935ല്‍ ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിനില്‍ ജനിച്ച കര്‍മൈന്‍ ഒറികോയാണ് പില്‍ക്കാലത്ത് ജോണ്‍ സാക്സണ്‍ എന്ന പേരില്‍ സിനിമാസ്വാദകരുടെ പ്രിയം നേടിയത്. ഇറ്റലിയില്‍ നിന്നു കുടിയേറിയതാണ് കുടുംബം. ഹൈസ്‍കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ഒറികോ പ്രശസ്ത ആക്ടിംഗ് കോച്ച് ആയ സ്റ്റെല്ല ആഡ്‍ലറുടെ കളരിയില്‍ എത്തി. ഏറെ വൈകാതെ ഹോളിവുഡിലെ മുന്‍നിര ബാനറായ യൂണിവേഴ്‍സല്‍ സ്റ്റുഡിയോസ് അദ്ദേഹവുമായി കരാര്‍ ഒപ്പിട്ടു. യൂണിവേഴ്‍സലിന്‍റെ അഭ്യര്‍ഥനപ്രകാരമാണ് പേര് ജോണ്‍ സാക്സണ്‍ എന്നു മാറ്റിയത്. 

അഭിനയത്തിനൊപ്പം ജൂഡോയും കരാട്ടെയും ഉള്‍പ്പെടെയുള്ള ആയോധനകലകളിലും അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. 1954 മുതല്‍ അഭിനയജീവിതം ആരംഭിച്ചെങ്കിലും ആദ്യമായി പ്രേക്ഷകശ്രദ്ധ ലഭിക്കുന്നത് റണ്ണിംഗ് വൈല്‍ഡ് എന്ന ചിത്രത്തിലൂടെയാണ്. ഏറ്റവും ശ്രദ്ധേയനായ പുതുതലമുറ നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം 1958ല്‍ ലഭിച്ചു. 

click me!