അന്ന് സിനിമാലോകം വിലക്കി, ഇന്ന് ആസ്‍തി 1200 കോടി! ആ നടന്‍ ഇപ്പോള്‍ അഭിനയിക്കുന്നത് പണം മുന്നില്‍ക്കണ്ട് അല്ല

Published : Dec 01, 2024, 12:59 PM IST
അന്ന് സിനിമാലോകം വിലക്കി, ഇന്ന് ആസ്‍തി 1200 കോടി! ആ നടന്‍ ഇപ്പോള്‍ അഭിനയിക്കുന്നത് പണം മുന്നില്‍ക്കണ്ട് അല്ല

Synopsis

സാമ്പത്തിക സ്വാതന്ത്ര്യം ഉള്ളതിനാല്‍ ഇഷ്‍ടമുള്ള വേഷങ്ങളില്‍ മാത്രം അഭിനയിക്കുന്ന നടന്‍

സിനിമയില്‍ മികച്ച തുടക്കം ലഭിച്ച എല്ലാവര്‍ക്കും അത് തുടരാനാവില്ല. അഭിനയത്തിലെ പ്രതിഭ കൊണ്ട് മാത്രം അത് സാധിക്കുകയുമില്ല. സിനിമാബാഹ്യമായ കാര്യങ്ങള്‍ കൊണ്ട് ആ മേഖലയില്‍ തിരിച്ചടിയും മാറ്റിനിര്‍ത്തലുമൊക്കെ നേരിട്ടവര്‍ എല്ലാ ഭാഷാ സിനിമകളിലുമുണ്ട്. ബോളിവുഡില്‍ അതിന് ഉദാഹരണമായി പറയാവുന്ന പേരാണ് വിവേക് ഒബ്റോയ്‍യുടേത്. 

രാം ​ഗോപാല്‍ വര്‍മ്മ തിളങ്ങി നിന്ന കാലത്ത് അദ്ദേഹത്തിന്‍റെ കമ്പനി എന്ന ചിത്രത്തിലൂടെ അരങ്ങേറാന്‍ ഭാ​ഗ്യം ലഭിച്ച നടനാണ് വിവേക് ഒബ്റോയ്. 2002 ല്‍ ആയിരുന്നു ഇത്. അതേവര്‍ഷം റോഡ്, സാഥിയാ എന്നീ ചിത്രങ്ങളും. എന്നാല്‍ ഐശ്വര്യ റായ്‍യുമായുള്ള അടുപ്പം മൂലം സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍റെ അപ്രീതിക്ക് പാത്രമായത് വിവേകിന് അവസരങ്ങള്‍ കുറച്ചു. 2003 ല്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് വിവേക് ആരോപിച്ചിരുന്നു. ഇതോടെ സിനിമാലോകത്ത് ഒരു അനഭിമതന്‍റെ പ്രതിച്ഛായയിലേക്ക് മാറി അദ്ദേഹം. ഇതേസമയം ലഭിച്ച ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ പരാജയങ്ങളുമായി. ഒരു അനൗദ്യോഗിക വിലക്ക് തന്നെ വിവേക് ഒബ്റോയ് ബോളിവുഡില്‍ ഈ സമയത്ത് നേരിട്ടുവെന്ന് വിലയിരുത്തലുകള്‍ ഉണ്ടായി. 

ലഭിക്കേണ്ട പല വലിയ അവസരങ്ങളും വഴുതിപ്പോയപ്പോള്‍ ബോളിവുഡിലെ മുന്‍നിരക്കാരുടെ പട്ടികയിലേക്ക് ഈ നടന്‍ എത്താതെപോയി. എന്നാല്‍ തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലേക്കും എത്തി ഇവിടുത്തെ പ്രേക്ഷകര്‍ക്കും സുപരിചിതനായി മാറി ഇക്കാലയളവില്‍ വിവേക്. അതേസമയം ഏറ്റവും ആസ്തിയുള്ള 15 ബോളിവുഡ് താരങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ വിവേക് ഒബ്റോയ് ഉണ്ടാവും. 1200 കോടിയാണ് അദ്ദേഹത്തിന്‍റെ ആസ്തി. സിനിമയില്‍ അത്രത്തോളം ശോഭിക്കാത്ത ഒരു നടന് എങ്ങനെ ഇത്ര സമ്പാദിച്ചു എന്ന് അത്ഭുതപ്പെടേണ്ട. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് വിവേക് ഒബ്റോയ് വിവിധ ബിസിനസുകളില്‍ നിന്ന് സമ്പാദിച്ചതാണ് അതില്‍ വലിയൊരു പങ്കും.

കര്‍മ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ നിന്നും മെഗാ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്ന ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയില്‍ നിന്നുമാണ് വിവേക് ഒബ്റോയ്‍യുടെ വരുമാനത്തില്‍ അധികവും വരുന്നത്. റാസല്‍ഖൈമയിലെ മര്‍ജാന്‍ ദ്വീപില്‍ അക്വ ആര്‍ക് എന്ന പേരിലുള്ള 2300 കോടി പ്രോജക്റ്റിന്‍റെ സ്ഥാപകനുമാണ് അദ്ദേഹം. സ്വര്‍ണിം യൂണിവേഴ്സിറ്റിയുടെ സഹസ്ഥാപകനുമാണ് വിവേക് ഒബ്റോയ്. ഒപ്പം നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളിലും അദ്ദേഹം നിക്ഷേപിച്ചിട്ടുണ്ട്. 

അഭിനയം തന്നെ സംബന്ധിച്ച് പാഷന്‍ ആണെന്ന് പിടിഐക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ആ മേഖലയില്‍ ഇഷ്ടമില്ലാത്തതൊന്നും ചെയ്യാനുള്ള സമ്മര്‍ദ്ദം എനിക്കില്ല. ബിസിനസ് ഉള്ളതുകൊണ്ടാണ് അത് സാധിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ഞാന്‍ ആളുകളോട് പറയുന്നത് അതുകൊണ്ടാണ്. തങ്ങളുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാന്‍ അത് നിങ്ങളെ സഹായിക്കും, വിവേക് ഒബ്റോയ് പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലൂടെ അതുവരെ അറിയാത്ത മലയാളികള്‍ക്കും വിവേക് ഒബ്റോയ് സുപരിചിതനായി. രോഹിത് ഷെട്ടി കോപ്പ് യൂണിവേഴ്സിന്‍റെ ഭാഗമായ വെബ് സിരീസ് ഇന്ത്യന്‍ പൊലീസ് ഫോഴ്സ് ആണ് അദ്ദേഹം അഭിനയിച്ച് അവസാനം പ്രേക്ഷകരിലേക്ക് എത്തിയത്. 

12 കോടി രൂപ വില വരുന്ന റോള്‍ഡ് റോയ്സിന്‍റെ കള്ളിനന്‍ എന്ന മോഡല്‍ വിവേക് ഒബ്റോയ് ഈയിടെ സ്വന്തമാക്കിയിരുന്നു. ഒരു നടനും വ്യവസായിയുമായ വിവേക് ഒബ്റോയിയുടെ ജീവിതം വീണ്ടും വാര്‍ത്തകളില്‍ എത്തിച്ചത് ഇതാണ്.

ALSO READ : മധു ബാലകൃഷ്‍ണന്‍റെ ആലാപനം; 'സ്വച്ഛന്ദമൃത്യു'വിലെ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അഭിമാനത്തിന് വില കൊടുക്കുന്നവർക്കേ അത് മനസിലാകൂ'; ദീപക്കിന്റെ മരണത്തിൽ‌ പ്രതികരിച്ച് ബിന്നി സെബാസ്റ്റ്യൻ
'ഭൂലോക അംഗവാലൻ കോഴികൾ'വരെ ഷിംജിതയ്ക്ക് എതിരെ വാചാലർ, ജീവിതം എല്ലാവർക്കും ഒരുപോലെ വിലപ്പെട്ടതെന്ന് ഷൈലജ