നൂറ് രാജ്യങ്ങളില്‍ റിലീസ്, ബോളിവുഡിനെ കരകയറ്റാൻ റെക്കോര്‍ഡ് പ്രദര്‍ശനവുമായി 'വിക്രം വേദ'യും

By Web TeamFirst Published Sep 15, 2022, 12:23 PM IST
Highlights

'വിക്രം വേദ' റിലീസ് ചെയ്യുന്നത് നൂറിലധികം രാജ്യങ്ങളില്‍.

തമിഴകത്ത് പുത്തൻ സിനിമാനുഭവം സമ്മാനിച്ചതാണ് 'വിക്രം വേദ'. പുഷ്‍കര്‍- ഗായത്രി ദമ്പതിമാരായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ തിരക്കഥയുമെഴുതിയ 'വിക്രം വേദ' ഹിന്ദിയിലേക്കും എത്തുകയാണ്.  'വിക്രം വേദ' ഹിന്ദിയില്‍ ആവേശമാകും എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

സെപ്‍തംബര്‍ 30നാണ് ചിത്രത്തിന്റെ റിലീസ്. നൂറിലധികം രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇത് റെക്കോര്‍ഡാണ്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഹിന്ദിയിലും ഒരു വേറിട്ട സിനിമകാഴ്ച ആയിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലര്‍ തരുന്നത്. ഹിന്ദിയില്‍ 'വിക്രമും' 'വേദ'യുമായി എത്തുന്നത് സെയ്‍ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ്.  പ്രത്യേകിച്ച് ഹൃത്വിക് റോഷന് പ്രകടനത്തില്‍ ഏറെ സാധ്യതകളുള്ള കഥാപാത്രമായി 'വേദ' മാറിയിട്ടുണ്ട് എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.

ഹിന്ദിയില്‍ തിരക്കഥ എഴുതിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍. ടി സീരീസ്, റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫ്രൈഡേ ഫിലിം‍വര്‍ക്ക്സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിച്ചാര്‍ഡ് കെവിൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കുന്നത് വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവരാണ്.

നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട തമിഴ് ചിത്രമായിരുന്നു 'വിക്രം വേദ'. വൻ ബജറ്റുകളില്‍ എത്തിയ ചിത്രങ്ങള്‍ ബോളിവുഡില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ 'വിക്രം വേദ'യുടെ റീമേക്കില്‍ ഒരു രക്ഷകനെ തേടുന്നുണ്ട് ആരാധകര്‍. ടീസറും ട്രെയിലറും ബോളിവുഡ് സിനിമാ ആരാധകരുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ബോളിവുഡ് ചിത്രം ബ്രഹ്‍മാസ്‍ത്ര മികച്ച കളക്ഷൻ നേടുന്നുണ്ട്.

Read More : ഗൗതം മേനോൻ- ചിമ്പു ടീം ഗംഭീരമാക്കി, 'വെന്തു തനിന്തതു കാട്' കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍

click me!