
സിനിമകളുടെ ഭാഷാപരമായ അതിരുകള്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ മാറ്റിമറിച്ച കാലമാണ് ഇത്. സിനിമാമേഖലയ്ക്ക് വലിയ സാധ്യതയാണ് ഇത് തുറന്നുകൊടുത്തത്. ഏത് ഭാഷയില്‍ ഇറങ്ങിയ സിനിമയും സബ് ടൈറ്റിലോടെയും പലപ്പോഴും സ്വന്തം ഭാഷയിലെ മൊഴിമാറ്റത്തോടെയും കാണാനുള്ള അവസരം ഇന്ന് പ്രേക്ഷകര്‍ക്കുണ്ട്. ഒപ്പം തിയറ്ററുകളിലെയും പാന്‍ ഇന്ത്യന്‍ റീച്ചിന് തുണയ്ക്കുമെന്ന കാരണത്താല്‍ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ മറുഭാഷാ ചിത്രങ്ങളെ കാര്യമായി പരിഗണിക്കാറുണ്ട്. എന്നാല്‍ ഭാഷ അറിയാത്തതിനാല്‍ മറുഭാഷകളിലെ അഭിനയം ബുദ്ധിമുട്ടാണെന്ന് പറയുന്നവരുമുണ്ട്. ഇപ്പോഴിതാ പ്രശസ്ത ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയുടെ പുതിയ അഭിമുഖം ശ്രദ്ധ നേടുകയാണ്.
1999 മുതല്‍ സിനിമയിലുള്ള നവാസുദ്ദീന്‍ സിദ്ദിഖി രണ്ട് തെന്നിന്ത്യന്‍ സിനിമകളിലാണ് ഇതുവരെ അഭിനയിച്ചത്. തമിഴില്‍ രജനികാന്ത് ചിത്രം പേട്ടയും തെലുങ്കില്‍ വെങ്കടേഷ് ചിത്രം സൈന്ധവും. ഈ സിനിമകളിലെ അഭിനയത്തില്‍ താന്‍ ഭാഷാപരമായ തടസങ്ങള്‍ നേരിട്ടിരുന്നെന്നും മികച്ച പ്രതിഫലം ലഭിച്ചതുകൊണ്ട് മാത്രമാണ് അഭിനയിക്കാന്‍ തയ്യാറായതെന്നും നവാസുദ്ദീന്‍ പറയുന്നു. "രമണ്‍ രാഘവ് (ഹിന്ദി ചിത്രം) പോലെ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആ കഥാപാത്രത്തിന്‍റെ വികാരങ്ങള്‍ എന്‍റെ പൂര്‍ണ്ണമായ നിയന്ത്രണത്തിലാണ്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യുമ്പോള്‍ അതിലെനിക്ക് ഉറപ്പ് പോരാ. മികച്ച പ്രതിഫലം ലഭിച്ചതുകൊണ്ടാണ് ആ ചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചത്."
"കാണികളെ പറ്റിക്കലാണ് ശരിക്കും അത്. അവര്‍ക്ക് അത് മനസിലാവണമെന്നില്ല. പക്ഷേ എനിക്ക് അതറിയാം. ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കുന്നത് പോലെയാണ് ഞാന്‍ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നത്. പരസ്യത്തിലെ ഉത്പന്നത്തോട് ഒരുതരം വൈകാരിക അടുപ്പവും എനിക്ക് ഉണ്ടാവില്ല. പണം കിട്ടുമെന്ന് മാത്രം", നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നു.
ALSO READ : പ്രേക്ഷകശ്രദ്ധ നേടി 'പഞ്ചായത്ത് ജെട്ടി' ടീസര്‍; നേടിയത് ഒരു മില്യണ്‍ കാഴ്ചകള്‍