
കുടുംബാംഗങ്ങള്‍ക്കുള്‍പ്പെടെ കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് നടി പൗളി വല്‍സന്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു. പൗളിയുടെ ഭര്‍ത്താവായ വല്‍സന്‍ ഡയാലിസിസ് പേഷ്യന്‍റ് കൂടി ആയതിനാല്‍ ചികിത്സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നും ലോക്ക്ഡൗണ്‍ കാലം പൗളിക്ക് മുന്നില്‍ പ്രതിസന്ധിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. ഇക്കൂട്ടത്തില്‍ പൗളിയുടെ ഗൂഗിള്‍ പേ വിവരങ്ങളും ബാങ്ക് അക്കൗണ്ട് നമ്പരുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടു. എന്നാല്‍ ഇത്തരമൊരു സാമ്പത്തികാഭ്യര്‍ഥന താന്‍ നടത്തിയിട്ടില്ലെന്ന് പറയുകയാണ് പൗളി വല്‍സന്‍. കൊവിഡ് ബാധ വാസ്‍തവമാണെന്നും ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാവാത്ത രീതിയില്‍ ബുദ്ധിമുട്ട് നേരിട്ടുന്നില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയിലൂടെ സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ നടി പറയുന്നു.
പൗളി വല്‍സന്‍റെ വാക്കുകള്‍
എന്‍റെ പ്രിയപ്പെട്ടവരേ, എനിക്ക് കൊവിഡ് ആണ്. എന്‍റെ ഭര്‍ത്താവിനും കൊവിഡ് വന്നു. പുള്ളി ഡയാലിസിസ് പേഷ്യന്‍റ് ആയതുകൊണ്ട് കുറച്ച് സീരിയസ് ആയി. അദ്ദേഹം ആശുപത്രിയിലാണ്. ഐസിയുവില്‍ തന്നെയാണ്. ഞാന്‍ ആരോടും പത്ത് പൈസ പോലും ആ പേര് പറഞ്ഞ് ചോദിച്ചിട്ടില്ല. എനിക്ക് അതിന്‍റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം ഞാന്‍ ജോലി ചെയ്‍ത കാശ് തന്നെ എനിക്ക് കിട്ടിയിട്ടുണ്ടായിരുന്നില്ല. അസുഖമാണെന്നറിഞ്ഞ് ആ പണമെല്ലാം എന്‍റെ അക്കൗണ്ടിലേക്ക് വന്നു. പിന്നെ ഞാന്‍ ആരെയും ബുദ്ധിമുട്ടിക്കേണ്ട ആവശ്യം ഇല്ലല്ലോ. അതു മാത്രമല്ല, ഞാന്‍ ഒരിക്കലും ഒരാളോടും സഹായം ചോദിക്കുന്ന ആളല്ല. എന്നെ വ്യക്തിപരമായി സഹായിക്കാന്‍ ഒരുപാട് പേരുണ്ട്. ഇത് എങ്ങനെ വന്നെന്ന് എനിക്കറിയില്ല. സ്നേഹം കൊണ്ടായിരിക്കും ആളുകള്‍ പൈസ ഇങ്ങനെ തന്നുകൊണ്ടിരിക്കുന്നത്. അതിന്‍റെ ആവശ്യം ഇല്ല. എനിക്ക് പിരിവ് വേണ്ട. ഞാന്‍ നന്നായിട്ട് ജോലി ചെയ്യുന്നുണ്ട്. നന്നായിട്ട് പൈസയും കിട്ടുന്നുണ്ട്. മൂന്ന് സിനിമ ചെയ്‍തുകൊണ്ടിരിക്കുന്ന സമയത്താണ് ഈ അസുഖം വന്നത്. അതുകഴിഞ്ഞാല്‍ ആ പടം ചെയ്‍തു തീര്‍ക്കാനുള്ളതാണ്. അപ്പോഴും എനിക്ക് നല്ലൊരു തുക കിട്ടാനുണ്ട്. എന്‍റെ കഴിവിനനുസരിച്ചുള്ള വേഷങ്ങളും അതിനനുസരിച്ചുള്ള പ്രതിഫലവും എനിക്ക് കിട്ടുന്നുണ്ട്.
സിനിമക്കാര്‍ ആരും എന്നെ ബുദ്ധിമുട്ടിപ്പിച്ചിട്ടില്ല. അങ്ങനെ തെറ്റിദ്ധരിക്കരുത്. ഞാന്‍ പിരിവിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ചിലര്‍ പറയുന്നത്. നൂറും ഇരുനൂറുമൊക്കെയായി എന്‍റെ അക്കൗണ്ടിലേക്ക് പൈസ വന്നുകൊണ്ടിരിക്കുകയാണ്. എനിക്ക് അതില്‍ ഭയങ്കര ബുദ്ധിമുട്ടുണ്ട്. എന്‍റെ ഭര്‍ത്താവിനെ നോക്കേണ്ടത് എന്‍റെയും എന്‍റെ മക്കളുടെയും കടമയല്ലേ. എന്നെ വ്യക്തിപരമായി സഹായിച്ച ഒരാളുടെ കൈയില്‍ നിന്നും പുറത്തുപോയതാണ് ഗൂഗിള്‍ പേ നമ്പരും അക്കൗണ്ട് വിവരങ്ങളും. അറിയാതെ സംഭവിച്ചതാണ്. അവര്‍ക്കും അതൊരു ബുദ്ധിമുട്ട് ആയി. ദയവു ചെയ്‍ത് നിങ്ങളാരും എനിക്ക് ഇനി പൈസ അയക്കരുത്. ഗൂഗിള്‍ പേയിലൂടെ കിട്ടിയ മുഴുവന്‍ പൈസയും ഞാന്‍ തിരിച്ചയച്ചിട്ടുണ്ട്. ബാങ്ക് വഴി അയച്ച എല്ലാവരുടെയും വിവരങ്ങള്‍ കിട്ടുന്നില്ല. അങ്ങനെ അയച്ചവര്‍ എന്നെ അറിയിക്കുക. ആ പൈസ ഞാന്‍ തിരിച്ചുതരാം. ഈ കാലഘട്ടത്തില്‍ എല്ലാവര്‍ക്കും ഒരേപോലെ തന്നെയാണ് ബുദ്ധിമുട്ട്. ഇത് സത്യസന്ധമായ വാക്കാണ്. ഞാന്‍ ആരോടും അഞ്ച് പൈസ പോലും ചോദിച്ചിട്ടില്ല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ