'മോഹന്‍ലാല്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു'; 'അമ്മ' പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ദേവന്‍

Published : Jul 30, 2025, 12:49 PM ISTUpdated : Jul 30, 2025, 12:57 PM IST
i want mohanlal to be amma president devan says he will contest in election now

Synopsis

പത്രിക പിൻവലിക്കാനുള്ള അവസാന തിയതി നാളെ

താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്ന് നടന്‍ ദേവന്‍. മോഹന്‍ലാല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും അതില്ലെന്നു കണ്ടാണ് താന്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ദേവന്‍ പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്മയിൽ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായത് ചെറിയ പ്രശ്നങ്ങളാണെന്നും അമ്മ ഏറെ തെറ്റിദ്ധരിക്കപ്പെട്ട സംഘടനയാണെന്നും ദേവന്‍ പറഞ്ഞു. “തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ മാധ്യങ്ങളെ കാണരുത് എന്ന് അമ്മയ്ക്കുള്ളിൽ ആരോ പറഞ്ഞു. അങ്ങനെ ആർക്കെങ്കിലും പറയാൻ സാധിക്കുമോ. എനിക്ക് പറയാൻ ഉള്ളത് ജനങ്ങളോട് പറയുക എന്നത് എന്റെ അവകാശമല്ലേ. സംഘടന തുടങ്ങിയ കാലം മുതല്‍ ഇങ്ങോട്ട് ആകെ 248 കോടി രൂപയോളം സമാഹരിച്ചിട്ടുണ്ട്. അതിൽ ഇപ്പോൾ അവശേഷിക്കുന്നത് ആകെ 8 കോടി രൂപയാണ്. ബാക്കി തുകയെല്ലാം പാവപ്പെട്ട നടീനടമാർക്ക് വേണ്ടി ചെലവിട്ടതാണ്”. സംഘടനയിലേക്ക് ഫണ്ട് വരണമെങ്കില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ തലപ്പത്ത് വരണമെന്നും മോഹന്‍ലാല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷയാണ് തനിക്കുണ്ടായിരുന്നതെന്നും ദേവന്‍ പറഞ്ഞു.

“ഏറെക്കുറെ എല്ലാ അംഗങ്ങളുമായും ബന്ധപ്പെട്ടു. ജയിക്കും എന്ന് തന്നെയാണ് വിശ്വാസം. ഒരു മൈനസ് മാർക്കും ഇല്ലാത്ത ആൾ ദേവൻ ആണെന്ന് നടീനടന്മാർ എല്ലാവരും പറഞ്ഞു. ആരോപണ വിധേയരായവർ മത്സരിക്കുന്നുണ്ടെങ്കില്‍ അംഗങ്ങൾ അവരെ വോട്ട് ചെയ്ത് തോൽപ്പിക്കണം. വേണ്ടാത്തവരെ പുറത്താക്കാൻ കൂടി വേണ്ടിയാണ് തെരഞ്ഞെടുപ്പ്. സംഘടനയില്‍ സ്ത്രീ സമത്വം ഉണ്ടാവണം. അത് സ്ത്രീകളുടെ അവകാശമാണ്. പുരുഷൻ നൽകുന്ന ഔദാര്യമാകരുത്”. ശ്വേത മേനോന് വേണ്ടി ജഗദീഷ് മത്സരത്തിൽ നിന്ന് പിന്മാറിയാൽ അത് ഔദാര്യമാകുമെന്നും ദേവന്‍ പറഞ്ഞു.

അതേസമയം പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരം ദേവനും ശ്വേത മേനോനും തമ്മില്‍ ആയിരിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ജഗദീഷിനും രവീന്ദ്രനും പിന്നാലെ അനൂപ് ചന്ദ്രനും ജയൻ ചേർത്തലയും പത്രിക പിൻവലിച്ചേക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി നാളെയാണ്. പത്രിക പിന്‍വലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും.

ആരോപണ വിധേയനായ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതല്‍ താരങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും മത്സര തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍കുകയാണ് ബാബുരാജ്. ഓഗസ്റ്റ് 15 നാണ് തെരഞ്ഞെടുപ്പ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി
'മിസ് യൂ ലെജന്‍ഡ്'; യുട്യൂബില്‍ ആ ശ്രീനിവാസന്‍ സിനിമകളെല്ലാം വീണ്ടും കണ്ട് മലയാളികള്‍