രാജ്യാന്തര ചലച്ചിത്രമേള ഇത്തവണയും നടക്കുമെന്ന് ഗോവ മുഖ്യമന്ത്രി; എതിര്‍പ്പുയര്‍ത്തി കോണ്‍ഗ്രസ്

By Web TeamFirst Published Aug 13, 2020, 5:46 PM IST
Highlights

ഈ വര്‍ഷത്തെ ഐഎഫ്എഫ്ഐയുടെ പോസ്റ്റര്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പുറത്തിറക്കിയിരുന്നുവെങ്കിലും ഇത്തവണത്തെ മേളയെക്കുറിച്ച് മറ്റു വിശദീകരണങ്ങളൊന്നും നല്‍കിയിരുന്നില്ല. 

ഗോവയില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്ഐ) യ്ക്ക് ഈ വര്‍ഷവും മുടക്കമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെയുള്ള സിനിമാ തീയേറ്ററുകള്‍ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചലച്ചിത്രോത്സവം ഇത്തവണ നടക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതെ എന്നായിരുന്നു പ്രമോദ് സാവന്തിന്‍റെ മറുപടി.

ഈ വര്‍ഷത്തെ ഐഎഫ്എഫ്ഐയുടെ പോസ്റ്റര്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പുറത്തിറക്കിയിരുന്നുവെങ്കിലും ഇത്തവണത്തെ മേളയെക്കുറിച്ച് മറ്റു വിശദീകരണങ്ങളൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ പനോരമ, അന്തര്‍ദേശീയ വിഭാഗങ്ങളിലേക്ക് സിനിമകള്‍ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് വാര്‍ത്താവിതരണ മന്ത്രാലയം ചൊവ്വാഴ്ച പുറപ്പെടുവിച്ചിട്ടുണ്ട്. ചലച്ചിത്രമേളയുടെ നടത്തിപ്പിനെക്കുറിച്ച് കേന്ദ്ര മന്ത്രാലയവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് മേളയുടെ സഹ നടത്തിപ്പുകാരായ എന്‍റര്‍ടെയ്ന്‍‍മെന്‍റ് സൊസൈറ്റി ഓഫ് ഗോവ അധികൃതര്‍ അറിയിച്ചിരുന്നു.

അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ മേള നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. "കൊവിഡ് 19 സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതി മോശമാണെന്ന് മുഖ്യമന്ത്രി സമ്മതിച്ച കാര്യവുമാണ്. ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ആഥിത്യം വഹിക്കാനുള്ള സമയമല്ല ഇത്. ആയതിനാല്‍ ഇന്ത്യയുടെ 51-ാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ആതിഥ്യം വഹിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു", പ്രതിപക്ഷനേതാവ് ദിഗംബര്‍ കാമത്ത് ആവശ്യപ്പെട്ടു. അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ കാന്‍സ് ഉള്‍പ്പെടെ ലോകത്തിലെ പല പ്രധാന ചലച്ചിത്രമേളകളും ഈ വര്‍ഷം ഒഴിവാക്കപ്പെട്ടിരുന്നു. മറ്റുപല ചലച്ചിത്രോത്സവങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും സംഘടിപ്പിക്കപ്പെട്ടിരുന്നു.

click me!