
30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാർക്കറ്റിന് തുടക്കമായി. ഡിസംബർ 14 മുതൽ 16 വരെ തിരുവനന്തപുരം സൗത്ത് പാർക്ക് ഹോട്ടലിലാണ് ഫിലിം മാർക്കറ്റ് വേദി ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ ഫിലിം മാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. രാജൻ ഖൊബ്രഗഡെയും ക്യൂറേറ്റർ ലീന ഖൊബ്രഗഡെയും ചേർന്ന് ഭദ്രദീപം തെളിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൃഷ്ടാക്കൾ ഒത്തുചേരുന്ന കേരള ഫിലിം മാർക്കറ്റ് സാംസ്കാരിക അതിരുകൾ മറികടന്ന് സംവാദവും സഹകരണവും വളർത്തുന്ന സജീവമായ സർഗാത്മക വേദിയാണെന്ന് ഡോ. രാജൻ ഖോബ്രഗഡേ അഭിപ്രായപ്പെട്ടു. ലീന ഖൊബ്രഗഡെയുടെ നേതൃത്വത്തിലുള്ള ക്യൂറേറ്റേഴ്‌സ് പിക്ക് വിഭാഗത്തെയും ലൈബ്രറിയെയും അദ്ദേഹം അഭിനന്ദിച്ചു. പ്രാദേശിക സിനിമയെ ആഗോള വേദിയിലേക്ക് ഉയർത്തുന്ന ഫിലിം മാർക്കറ്റ് മലയാള സിനിമയ്ക്ക് കൂടുതൽ കരുത്ത് പകരും.
ലീന ഖോബ്രഗഡേയുടെ പത്ത് സിനിമകൾ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എഫ്.ഡി.സി. ചെയർമാൻ കെ. മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ സംവിധായകൻ ടി.വി. ചന്ദ്രൻ മുഖ്യാതിഥിയായി. കെഎസ് എഫ് ഡി സി മാനേജിംഗ് ഡയറക്ടർ പ്രിയദർശൻ പി എസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, സെക്രട്ടറി സി അജോയ്, നടൻ ഇർഷാദ്, കെ എസ് എഫ് ഡി സി ബോർഡ് അംഗം ജീത്തു കൊളയാട്, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സിനിമാ പ്രവർത്തകരുടെയും വ്യവസായ പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ, മലയാള സിനിമയ്ക്കും മറ്റ് പ്രാദേശിക സിനിമകൾക്കും അന്താരാഷ്ട്ര വാണിജ്യ സാധ്യതകൾ തുറക്കുകയും ആഗോള സിനിമാ വിപണിയിൽ കേരളത്തിന്റെ സാന്നിധ്യം ഉറപ്പാക്കുകയുമാണ് കേരള ഫിലിം മാർക്കറ്റിന്റെ ലക്ഷ്യം. പ്രോജക്ട് മാർക്കറ്റ്, വീഡിയോ ലൈബ്രറി, ഇൻഡസ്ട്രി വോയിസസ്, പിച്ച്ബോക്സ് തുടങ്ങിയ വിപുലമായ വിഭാഗങ്ങളാണ് മൂന്നാം പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.12 പ്രോജക്റ്റുകളും ക്യൂറേറ്റേഴ്‌സ് പിക്ക് വിഭാഗത്തിൽ 13 സിനിമകളും ഇതിൽ ഉൾപ്പെടും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ