നന്ദി അറിയിച്ച് ഗൊദാര്‍ദ്; ചലച്ചിത്രമേളയ്ക്ക് ഔദ്യോഗിക തുടക്കം

Published : Feb 10, 2021, 10:21 PM IST
നന്ദി അറിയിച്ച് ഗൊദാര്‍ദ്; ചലച്ചിത്രമേളയ്ക്ക് ഔദ്യോഗിക തുടക്കം

Synopsis

വീഡിയോയിലൂടെ മേളയ്ക്ക് ആശംസകളുമായെത്തിയ ഗൊദാര്‍ദ് തന്നെ ക്ഷണിച്ചതിനും തന്‍റെ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സംഘാടകര്‍ക്ക് നന്ദി അറിയിച്ചു

തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഔദ്യോഗിക തുടക്കം. പൊലിമയോടെ നടക്കേണ്ട  ഇരുപത്തിയഞ്ചാം പതിപ്പിന്‍റെ ഉദ്ഘാടനം കർശന കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയാണ് മേള ഉദ്‍ഘാടനം ചെയ്‍തത്. കാൽ നൂറ്റാണ്ട് പിന്നിട്ട മേളയുടെ പ്രതീകമായി 25 തിരികൾ ഉദ്ഘാടവേദിയില്‍ തെളിയിച്ചു. 

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഴാങ് ലുക് ഗൊദാര്‍ദിനുവേണ്ടി അടൂര്‍ ഗോപാലകൃഷ്ണന്‍ ഏറ്റുവാങ്ങി. വീഡിയോയിലൂടെ മേളയ്ക്ക് ആശംസകളുമായെത്തിയ ഗൊദാര്‍ദ് തന്നെ ക്ഷണിച്ചതിനും തന്‍റെ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സംഘാടകര്‍ക്ക് നന്ദി അറിയിച്ചു. ഇംഗ്ലീഷില്‍ ചുരുക്കം വാചകങ്ങളില്‍ പ്രസംഗം അവസാനിപ്പിച്ച ഗൊദാര്‍ദ് തനിക്ക് ഇംഗ്ലീഷിലുള്ള സ്വാധീനക്കുറവിന് ക്ഷമയും ചോദിച്ചു. പ്രസംഗത്തിനുശേഷം കൈയില്‍ കരുതിയിരുന്ന ചുരുട്ടിന് തീ കൊളുത്തി കാണികളെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്താണ് അദ്ദേഹം വീഡിയോ അവസാനിപ്പിച്ചത്. ആരവത്തോടെയാണ് നിശാഗന്ധിയിലെ കാണികള്‍ ഇതിഹാസ സംവിധായകന്‍റെ വാക്കുകള്‍ സ്വീകരിച്ചത്.

മേളയുടെ വേദി മാറ്റുന്നത് സംബന്ധിച്ച വിവാദങ്ങൾക്ക് വേദിയിൽ മന്ത്രി എ കെ ബാലൻ മറുപടിയുമായെത്തി. നാലിടങ്ങളിലായി നടത്തുന്നത് കോവിഡ് സാഹചര്യം കണക്കിലെടുത്താണെന്ന് അദ്ദേഹം പറഞ്ഞു. ബോസ്നിയൻ വംശഹത്യയുടെ കഥപറയുന്ന, ജാസ്‍മില സബാനിക് സംവിധാനം ചെയ്ത ക്വോവാഡിസ് ഐഡയായിരുന്നു മേളയുടെ ഉദ്ഘാടന ചിത്രം. 

ആറ് സ്ക്രീനുകളിലായി 24 പ്രദര്‍ശനങ്ങളാണ് മേളയുടെ രണ്ടാംദിനമായ നാളെ. ഡോണ്‍ പാലത്തറയുടെ 1956 മധ്യതിരുവിതാംകൂര്‍, ഗൗരവ് മദന്‍റെ 12 ഇന്‍റു 12 അണ്‍ടൈറ്റില്‍ഡ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി, കിം കി ഡുക്കിന്‍റെ സ്പ്രിംഗ് സമ്മര്‍ ഫോള്‍ വിന്‍റര്‍ ആന്‍ഡ് സ്പ്രിംഗ് തുടങ്ങിയവ നാളെ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളാണ്.
 

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ