
മുംബൈ: സുപ്രസിദ്ധ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് പത്മപാണി പുരസ്കാരം. അജന്ത എല്ലോറ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരമാണിത്. 11-ാമത് അജന്ത എല്ലോറ ചലച്ചിത്രോത്സവം ജനുവരി 28 മുതല്‍ ഫെബ്രുവരി 1 വരെ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലാണ് നടക്കുക. എആഎഫ്എഫ് ഓര്‍ഗസൈനിംഗ് കമ്മിറ്റി ചെയര്‍മാന്‍ നന്ദ്കിഷോര്‍ കഗ്ലിവാള്‍, ചീഫ് മെന്‍റര്‍ അങ്കുഷ്റാവു കദം, ഓണണറി ചെയര്‍മാനും സംവിധായകനുമായ അശുതോഷ് ഗൊവാരിക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പത്മപാണി പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്.
ഈ വര്‍ഷത്തെ പത്മപാണി അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയില്‍ അശുതോഷ് ഗൊവാരിക്കറെ കൂടാതെ പ്രശസ്ത നിരൂപക ലതിക പദ്ഗാവോങ്കര്‍, സുനില്‍ സുക്തന്‍കര്‍, ചന്ദ്രകാന്ത് കുല്‍ക്കര്‍ണി എന്നിവരും ഉണ്ടായിരുന്നു. അവാര്‍ഡ് ശില്‍പത്തിനൊപ്പം പ്രശസ്തിപത്രവും രണ്ട് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം. ഛത്രപതി സംഭാജി നഗറിലെ എംജിഎം ക്യാമ്പസിലെ രുക്മിണി ഓഡിറ്റോറിയത്തില്‍ ജനുവരി 28 ന് വൈകിട്ട് 5.30 ന് ആരംഭിക്കുന്ന ചലച്ചിത്രോത്സവ ഉദ്ഘാടന പരിപാടിയിലാണ് ഇളയരാജയ്ക്ക് പുരസ്കാരം സമ്മാനിക്കുക. ദേശീയ, അന്തര്‍ദേശീയ കലാകാരന്മാരും മറ്റ് തുറകളില്‍ നിന്നുള്ള പ്രമുഖരുമടക്കം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. പ്രൊസോണ്‍ മാളിലെ പിവിആര്‍ ഐനോക്സ് തിയറ്ററിലാണ് ചലച്ചിത്രോത്സവം നടക്കുക.
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും പ്രശസ്തരായ സംഗീത സംവിധായകരില്‍ ഒരാളാണ് ഇളയരാജ. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീത യാത്രയില്‍ 1500 ല്‍ അധികം ചിത്രങ്ങള്‍ക്കു വേണ്ടി 7000 ല്‍ അധികം ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, മറാഠി ഭാഷകളിലെല്ലാം അദ്ദേഹം ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. ശാസ്ത്രീയ സംഗീത ധാരയെ നാടോടി സംഗീതവുമായി ഫലപ്രദമായി ചേര്‍ക്കാന്‍ സാധിച്ചതാണ് ഇളയരാജയുടെ മികവ്. ഒപ്പം പാശ്ചാത്യ സിഫണികളുടെ അച്ചടക്കവും തന്‍റെ കോമ്പോസിഷനുകളില്‍ അദ്ദേഹം കൊണ്ടുവന്നു. പുതിയ ചിത്രങ്ങളില്‍ പഴയ കാലഘട്ടങ്ങളുടെ ആവിഷ്കരണത്തില്‍ സംവിധായകര്‍ പലപ്പോഴും ആശ്രയിക്കുന്നത് ഇളയരാജയുടെ ഗാനങ്ങളാണ്. ആ ഈണങ്ങള്‍ എത്രത്തോളം ജനസ്വാധീനം ഉണ്ടാക്കിയിട്ടുണ്ട് എന്നതിന്‍റെ വലിയ തെളിവാണ് അത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ