Lata Mangeshkar : തുടക്കത്തില്‍ അഭിനയം, പിന്നീട് ഇന്ത്യയുടെ വാനമ്പാടിയായ ലതാ മങ്കേഷ്‍കര്‍

Web Desk   | Asianet News
Published : Feb 06, 2022, 10:37 AM ISTUpdated : Feb 06, 2022, 11:21 AM IST
Lata Mangeshkar : തുടക്കത്തില്‍ അഭിനയം, പിന്നീട് ഇന്ത്യയുടെ വാനമ്പാടിയായ ലതാ മങ്കേഷ്‍കര്‍

Synopsis

നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട് ലതാ മങ്കേഷ്‍കര്‍.

'മെലഡികളുടെ രാജ്ഞി', 'വോയ്‌സ് ഓഫ് ദ നേഷന്‍', 'വോയ്‌സ് ഓഫ് ദ മില്ലേനിയം', 'ഇന്ത്യയുടെ വാനമ്പാടി 'തുടങ്ങി നിരവധി വിശേഷണങ്ങൾ ഉണ്ട് ലതാ മങ്കേഷ്‍കർക്ക് (Lata Mangeshkar). ഏഴുപതിറ്റാണ്ടിലധികം നീണ്ട സംഗീതജീവിതത്തില്‍ ലതാ മങ്കേഷ്‌കര്‍ ശബ്‍ദം നല്‍കിയത് നാല്‍പതിനായിരത്തിലധികം ഗാനങ്ങള്‍ക്കാണ്. അഭിനയരംഗത്തേയ്ക്ക് കടന്നുവരാനാഗ്രഹിച്ച പെൺകുട്ടി രാജ്യത്തിന്റെ വാനമ്പാടിയായി ഉയർന്നതിനു പിന്നിൽ കരുത്തായത് സംഗീതത്തോടുള്ള അടങ്ങാത്ത അഭിരുചി തന്നെ. ഇന്ന് ലത മങ്കേഷ്‍കര്‍ യാത്രയാകുമ്പോള്‍ ഓര്‍മയില്‍ ഒരുപിടി മധുര ഗാനങ്ങള്‍ ബാക്കിയാകുന്നു.

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‍കറുടെയും ശേവന്തിയുടെയും ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിലാണ് ജനനം. ഹേമ എന്നായിരുന്നു പേര്. ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തിയാണ് ലത എന്ന പേരിലേക്ക് എത്തിയത്. സഹോദരി ആശാ ഭോസ്‌ലേയും ഇന്ത്യയുടെ പ്രിയ ഗായികയായി മാറി.

അഭിനയമായിരുന്നു ആദ്യ തട്ടകം. അഞ്ചാം വയസു മുതല്‍ ലത തന്റെ അച്ഛന്റെ സംഗീത നാടകങ്ങളില്‍ അഭിനയിച്ചു. ലത മങ്കേഷ്‍കറുടെ പതിമൂന്നാം വയസില്‍ അച്ഛൻ മരിച്ചു. ഇതോടെ കുടുംബത്തിനെ നോക്കാൻ ലത സിനിമാ അഭിനയം തുടങ്ങി. അത് പിന്നണി സംഗീതത്തിലേക്കും എത്തിച്ചു. 1942-ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചത്. സിനിമയില്‍ ഈ ഗാനമുണ്ടായിരുന്നില്ല. അതേവര്‍ഷം തന്നെ പാഹിലി മംഗള-ഗോർ എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും നടാലി ചൈത്രാചി നവാലായി എന്ന ഗാനമാലപിക്കുകയും ചെയ്‍തു. 1943 ലെ ഗജാബാഹു എന്ന ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂവാണ് ആദ്യ ഹിന്ദി ഗാനം.1948ല്‍ മജ്‍ബൂര്‍ എന്ന ചിത്രത്തിന് വേണ്ടി ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്‍ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാ മങ്കേഷ്‍കറെ പ്രശസ്‍തിയിലേക്ക് എത്തിച്ചത്. ഇന്ത്യൻ സിനിമയുടെ ഗാന വിഭാഗം അടക്കിവാഴുകയായിരുന്നു തുടര്‍ന്നങ്ങോട്ട് ലതാ മങ്കേഷ്‍കര്‍. പേരും പെരുമയ്‍ക്കുമൊപ്പം പ്രേക്ഷകപ്രീതിയും ഒരുപോലെ ലഭിച്ച ഒട്ടേറെ ഗാനങ്ങള്‍ ലതാ മങ്കേഷ്‍കറുടെ സ്വരമാധുരിയില്‍ പിറന്നു. ശബ്‍ദം മോശമെന്ന് പറഞ്ഞ് തിരസ്‍ക്കരിച്ചവരുടെ മുന്നില്‍ തലയുയര്‍ത്തി നിന്ന് ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു ലതാ മങ്കേഷ്‍കര്‍.

ഒരൊറ്റ ഗാനം മാത്രമായിരുന്നു മലയാളത്തില്‍ ആലപിച്ചതെങ്കിലും ലതാ മങ്കേഷ്‍കര്‍ സ്വന്തമെന്ന പോലെയായിരുന്നു മലയാളിക്ക്. 'കദളി.. ചെങ്കദളി' എന്ന ഒരൊറ്റ ഗാനം മതി ആ ശബ്‍ദം മലയാളികളുടെ കേള്‍വിയില്‍ ഓര്‍മയായി എത്താൻ. രാമു കാര്യാട്ടിന്റെ നെല്ലെന്ന ചിത്രത്തിന് സലില്‍ ചൗധരിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ലതാ മങ്കേഷ്‍കര്‍ ആ ഗാനം ആലപിച്ചത്.

അറുപതുകളിൽ 5 മറാഠി സിനിമകളുടെ സംഗീത സംവിധാനം നിർവഹിച്ച ലത ഒരിക്കൽ മികച്ച സംഗീത സംവിധാനത്തിനുള്ള മഹാരാഷ്‍ട്ര സർക്കാർ പുരസ്‍കാരവും നേടിയിട്ടുണ്ട്.

പ്രശസ്‍തമായ ഒട്ടുമിക്ക ചലച്ചിത്ര അവാര്‍ഡുകള്‍ ലതാ മങ്കേഷ്‍കറെ തേടിയെത്തി. 1969ല്‍ രാജ്യം പത്മഭൂഷൺ നല്‍കി ലതയെ ആദരിച്ചു. 1989ല്‍ ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌ ലഭിച്ചു.1999ല്‍ പത്മവിഭൂഷൺ. നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയ ലതയ്‍ക്ക് മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സംഗീത സംവിധായികയായും മികവ് കാട്ടിയ ലതാ മങ്കേഷ്‍കറെ 2001ല്‍ രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്‍നം നല്‍കി ആദരിച്ചിരുന്നു. എട്ട് പതിറ്റാണ്ടിനിപ്പുറവും കണ്ഠമിടറാതെ നദിപോലെ ഒഴുകിയ പ്രിയ ഗായിക മനോഹരമായ ഗാനങ്ങളിലൂടെ ജനങ്ങളിൽ എന്നും ജീവിക്കും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആ സിനിമ ഫ്ലോപ്പ് ആവണമെന്ന് പറയില്ല, എന്റെ പേരും വച്ച് പിആർ വർക്ക് വേണ്ട': രൂക്ഷ പ്രതികരണവുമായി ഭാഗ്യലക്ഷ്മി
ഐഎഫ്എഫ്കെ വൈബിൽ അനന്തപുരി; മേളയിൽ 82 രാജ്യങ്ങളിൽ നിന്നുള്ള 206 സിനിമകൾ