'ഇനി ഉത്തരം': ആദ്യ സിനിമ തന്നെ ക്രൈം തില്ലർ; പ്രതീക്ഷയോടെ രഞ്ജിത് - ഉണ്ണി

By Web TeamFirst Published Sep 30, 2022, 2:01 PM IST
Highlights

ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ അപർണ ബാലമുരളി മുഖ്യകഥാപാത്രമാകുന്ന ക്രൈം തില്ലർ സിനിമയാണ് 'ഇനി ഉത്തരം'. ഒക്ടോബർ ഏഴിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് രണ്ട് പുതിയ തിരക്കഥാകൃത്തുക്കളെ ലഭിക്കുകയാണ്; ഇരട്ട സഹോ​​ദരങ്ങളായ രഞ്ജിത്തും ഉണ്ണിയും

സഹോദരന്മാരായ രഞ്ജിത്തും ഉണ്ണിയും ഒരുമിച്ച് എഴുതിയ തിരക്കഥയാണ് 'ഇനി ഉത്തരം'. ക്രൈം തില്ലറുകൾ പുതുമയല്ലാത്ത മലയാളത്തിൽ ഒരു നടി മുഖ്യകഥാപാത്രമാകുന്ന സസ്പെൻസ് ത്രില്ലർ എന്നതാണ് അപർണ ബാലമുരളി നായികയാകുന്ന സിനിമയുടെ പ്രത്യേകത. 'ഇനി ഉത്തര'ത്തിലേക്ക് എങ്ങനെ എത്തിയെന്നും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ചും തിരക്കഥാകൃത്തുക്കൾ സംസാരിക്കുന്നു.

എന്താണ് 'ഇനി ഉത്തരം'എന്ന സിനിമ?

എന്താണ് 'ഇനി ഉത്തരം' എന്നത് ഒക്ടോബർ‌ ഏഴാം തീയതി പ്രേക്ഷകർ തീയേറ്ററിൽ അനുഭവിച്ചറിയാൻ പോകുകയാണ്. പക്ഷേ, ഒരുകാര്യം ഉറപ്പുപറയാം, 'ഇനി ഉത്തരം' ഒരു ത്രില്ലർ ആണ്. ഒരുകൂട്ടം പ്രതിഭാധനരായ അഭിനേതാക്കളും സാങ്കേതികവിദ​ഗ്ധരും അണിനിരക്കുന്ന സിനിമയാണിത്. വളരെ നന്നായി തന്നെ ചിത്രം അണിയിച്ചൊരുക്കിയിട്ടുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

'ഇനി ഉത്തര'ത്തിന്റെ ആശയത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?

വളരെ ആകസ്മികമായാണ് ഈ ആശയത്തിലേക്ക് എത്തിയത്. ഒരു സന്ധ്യക്ക് ചായ കുടിച്ചുകൊണ്ടിരിക്കുന്നതിന് ഇടയ്ക്ക് അനിയൻ അഭിനന്ദ് ചോദിച്ച ഒരു ചോദ്യത്തിൽ നിന്നാണ് ഇനിയുത്തരത്തിന്റെ ആശയം വന്നത്. പിന്നീട് അത് വളർന്ന് ഒരു കഥയായിട്ട്, സിനിമയായിട്ട് മാറുകയായിരുന്നു.

'ഇനി ഉത്തരം' എന്ന പേര് തന്നെ ചിത്രത്തിന്റെ പ്രമേയത്തെ സൂചിപ്പിക്കുന്ന ഒന്നാണെന്ന് തോന്നുന്നു? അങ്ങനെയാണോ?

'ഇനി ഉത്തരം' എന്ന ടൈറ്റിൽ ഈ സിനിമയുടെ പ്രമേയവുമായി വളരെ അടുത്ത് ബന്ധപ്പെട്ട് നിൽക്കുന്നതാണ്. കാരണം, ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുണ്ടാകും. ആ ചോ​ദ്യങ്ങളുടെ ഉത്തരത്തിലേക്കുള്ള യാത്രയായിരിക്കും ഈ സിനിമ. അതുകൊണ്ട് തന്നെയാണ് ഈ ടൈറ്റിൽ തെരഞ്ഞെടുക്കാൻ കാരണം.

ദേശീയ അവാർഡ് ജേതാവായ അപർണ ബാലമുരളിയടക്കമുള്ള അഭിനേതാക്കളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. എഴുതുമ്പോൾ അഭിനേതാക്കളെ മുന്നിൽ കണ്ടിരുന്നോ?

ഇല്ല. എഴുതുമ്പോൾ അഭിനേതാക്കൾ മുന്നിൽക്കണ്ടിരുന്നില്ല. എഴുതുന്ന ആ പ്രോസസിൽ മാത്രമേ ശ്രദ്ധിച്ചുള്ളൂ. എഴുതിവന്നപ്പോൾ വളരെ അഭിനയസാധ്യതയുള്ള ഒരു കഥാപാത്രം ആയി അത് മാറി. അത് അഭിനയിച്ച് ഫലിപ്പിക്കാൻ വളരെ പ്രതിഭയുള്ള ഒരു നടി തന്നെ വേണമായിരുന്നു. അങ്ങനെയാണ് അപർണ ബാലമുരളി ഞങ്ങളുടെ മുന്നിൽ വരുന്നത്.

അപർണാ ബാലമുരളിക്ക് ഏറെ പ്രകടന സാധ്യതകൾ ഉള്ള കഥാപാത്രമാണെന്ന് ട്രെയിലർ കാണുമ്പോൾ വ്യക്തമാകുന്നുണ്ട്. അപർണ വീണ്ടും വിസ്‍മയിപ്പിക്കുമോ?

തീർച്ചയായും! ട്രെയിലറിൽ കാണുന്നത് പോലെ തന്നെ അപർണ ബാലമുരളിക്ക് ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് 'ഇനി ഉത്തര'ത്തിലെത്.

ആദ്യത്തേത് തന്നെ ഒരു ത്രില്ലർ സിനിമ ആകാൻ കാരണം?

എന്തുകൊണ്ട് ത്രില്ലർ എന്ന് ചോദിച്ചാൽ, തീർച്ചയായും ത്രില്ലർ സിനിമകൾക്ക് കിട്ടുന്ന പ്രേക്ഷക പിന്തുണ തന്നെയാണ് കാരണം. മലയാളത്തിൽ ആയിക്കോട്ടെ ഇന്ത്യൻ ഭാഷകളിലായിക്കോട്ടെ, ത്രില്ലർ സിനിമകൾക്ക് എപ്പോഴും സ്വീകാര്യതയുണ്ട്. അത് തന്നെയാണ് ത്രില്ലർ എഴുതാൻ കാരണം.

ഒരു ത്രില്ലർ സിനിമ എഴുതുക എന്നത് ഇക്കാലത്ത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. ചെറിയ പിഴവുകൾ പോലും സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ ചർച്ചയാകും, സിനിമയെ ബാധിക്കും. എന്തൊക്കെയായിരുന്നു എഴുത്തിലെ വെല്ലുവിളികൾ?

ഒരു ത്രില്ലർ സിനിമ എഴുതുന്നത് തീർച്ചയായും വെല്ലുവിളി നിറഞ്ഞതാണ്. കാരണം, ഒരു ത്രില്ലർ സിനിമ കാണുന്ന പ്രേക്ഷകൻ ഇരിക്കുന്നത് ഒരു  ഡിറ്റക്ടീവിന്റെ മനസ്സുമായിട്ടാണ്. പ്രേക്ഷകൻ സിനിമയുടെ ഓരോ ഘട്ടം കഴിയുമ്പോഴും വളരെ ക്യൂരിയസായിട്ട് അതിന്റെ ഓരോ കാര്യങ്ങളും സൂക്ഷ്മമായിട്ട് വീക്ഷിച്ചുകൊണ്ടിരിക്കും. ഒരു ഇമോഷണൽ സിനിമ കാണുന്ന പ്രേക്ഷകന്റെ മനസ്സല്ല, ഒരു സസ്പെൻസ് ത്രില്ലർ കാണുന്നയാൾക്കുള്ളത്. അതുകൊണ്ട് തന്നെ അതിന്റെ പിഴവുകൾ എല്ലാം തീർത്ത് എഴുതുക വളരെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. ഇതൊരു പോലീസ് സ്റ്റോറി ആയതിനാൽ ഒരുപാട് റഫറൻസുകൾ എടുക്കേണ്ടി വന്നിട്ടുണ്ട്. ഒരുപാട് പോലീസ് സുഹൃത്തുക്കളുമായി സംസാരിച്ച് തന്നെയാണ് ഈ കഥ പൂർണരൂപത്തിൽ എത്തിക്കുന്നത്.

ഇഷ്‍ടപ്പെട്ട ത്രില്ലർ സിനിമകൾ എതൊക്കെയാണ്? അവ പ്രചോദനമായിട്ടുണ്ടോ?

അങ്ങനെ പേരെടുത്ത് പറയാൻ കുറച്ച് ബുദ്ധിമുട്ടാണ്, കാരണം ഒരുപാട് സിനിമകൾ ഇഷ്ടമാണ്. മലയാളത്തിൽ കെ.ജി ജോർജിന്റെ സിനിമകൾ, ജീത്തു ജോസഫിന്റെ സിനിമകൾ ഇഷ്ടമാണ്. പ്രചോദനത്തെക്കുറിച്ച് ചോദിച്ചാൽ  നമ്മൾ കാണുന്ന എല്ലാ സിനിമകളും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രചോദിപ്പിക്കാറുണ്ട്. പക്ഷേ, അതൊന്നും സിനിമയിലേക്ക് വരാതിരിക്കാനും അനുകരണമാകാതിരിക്കാനും ഞങ്ങൾ ബോധപൂർവ്വം ശ്രമിക്കാറുണ്ട്.

റൊമാന്റിക് ട്രാക്കും ചിത്രത്തിനുണ്ടെന്ന് ട്രെയിലർ കാണുമ്പോൾ തോന്നുന്നു?

തീർച്ചയായും ഒരു റൊമാന്റിക് ട്രാക്കും സിനിമക്കുണ്ട്. ഹിഷാം അബ്​​ദുൾ വഹാബ് സം​ഗീത സംവിധാനം ചെയ്ത ഒരു മനോഹരമായ പാട്ടും ഈ സിനിമയിലുണ്ട്.

'ഇനി ഉത്തരം' പ്രേക്ഷകന് മികച്ച സിനിമാ അനുഭവം ആയി മാറുക എങ്ങനെയൊക്കെയാണ്?  തിയറ്ററിൽ എന്തൊക്കെ പ്രതീക്ഷിക്കാം? 

പ്രേക്ഷകന് ഒരു മികച്ച സിനിമാ അനുഭവം തന്നെയാകും 'ഇനി ഉത്തരം'. ഓരോ നിമിഷവും ത്രിൽ അടിപ്പിക്കുന്ന നിരവധി മുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ട്. മലയാളത്തിലെ പ്രതിഭാധനരായ ടെക്നീഷ്യന്മാരും അഭിനേതാക്കളും ഈ സിനിമയിലുണ്ട്. ഞങ്ങൾക്ക് ഉറപ്പിച്ചു പറയാൻ പറ്റും തീയേറ്ററിൽ ഒരു മികച്ച അനുഭവമായിരിക്കും 'ഇനി ഉത്തരം'
 

click me!