
നല്ല സിനിമകള്‍ക്ക് ഭാഷയുടെ അതിര്‍വരമ്പുകളൊന്നും തടസം സൃഷ്ടിക്കുന്നില്ല. എന്നാല്‍ അത് ദൃശ്യപരമായി വിനിമയം ചെയ്യുന്നതായിരിക്കണമെന്ന് മാത്രം. സമീപകാലത്ത് സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ഏറെ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള മമ്മൂട്ടിയുടെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു ഭ്രമയുഗം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച ഒന്നായിരുന്നു. പിരീഡ് ഫോക് ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രം 2024 ലാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ കൂടുതലും ഹോളിവുഡ് സിനിമകള്‍ റെക്കമന്‍റ് ചെയ്യുന്ന ഇന്‍സ്റ്റഗ്രാമിലെ ഒരു ഇന്‍റര്‍നാഷണല്‍ മൂവി റെക്കമെന്‍റേഷന്‍ പേജില്‍ ഭ്രമയുഗവും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഫിലിമാറ്റിക് എന്നാണ് പേജിന്‍റെ പേര്. ഇതിന് 3.4 മില്യണില്‍ അധികം ഫോളോവേഴ്സുമുണ്ട്.
ഈ ചിത്രം ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഈ ചിത്രവും കാണണം എന്ന രീതിയില്‍ ചിത്രങ്ങള്‍ പരിചയപ്പെടുത്തുന്ന പുതിയ സിരീസിലാണ് ഭ്രമയുഗവും ഇടംപിടിച്ചിരിക്കുന്നത്. ദി ലൈറ്റ്‍ഹൗസ് എന്ന ചിത്രം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഭ്രമയുഗം കാണൂ എന്നാണ് പോസ്റ്റ്. രണ്ട് ചിത്രങ്ങളുടെയും പോസ്റ്ററുകളും ഒപ്പമുണ്ട്. റോബര്‍ട്ട് എഗ്ഗേഴ്സിന്‍റെ സംവിധാനത്തില്‍ 2019 ല്‍ പുറത്തെത്തിയ ചിത്രമായിരുന്നു ദി ലൈറ്റ്ഹൗസ്. ബ്ലാക്ക് കോമഡി/ സൈക്കോളജിക്കല്‍ ഹൊറര്‍ ഗണത്തില്‍ പെടുന്ന ചിത്രവുമായിരുന്നു ഇത്. അത്തവണത്തെ ഓസ്കറില്‍ മികച്ച ഛായാഗ്രഹണത്തിനുള്ള നോമിനേഷന്‍ ലഭിച്ച ചിത്രമാണ് ഇത്. പ്ലോട്ടുകളിലെ സമാനത അനുസരിച്ചല്ല ചിത്രങ്ങള്‍ താരതമ്യം ചെയ്തിരിക്കുന്നതെന്നും മറിച്ച് ഒരേ ജനിതകം പങ്കുവെക്കുന്ന ചിത്രങ്ങളാണ് ഇവയെന്നും ഫിലിമാറ്റിക് വ്യക്തമാക്കുന്നുണ്ട്. പോസ്റ്റില്‍ ഇന്ത്യന്‍ സിനിമാപ്രേമികളുടെ നിരവധി കമന്‍റുകളുമുണ്ട്.
അതേസമയം ഭ്രമയുഗം ലോസ് ഏഞ്ചല്‍സിലെ അക്കാമദി മ്യൂസിയം ഓഫ് മോഷന്‍ പിക്ചേഴ്സില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ മാസം 12 നാണ് പ്രദര്‍ശനം. കാട് കടലുമായി ചേരുന്നയിടം എന്ന പേരിട്ട പാക്കേജിന്‍റെ ഭാഗമായാണ് മമ്മൂട്ടി ചിത്രത്തിന്‍റെ പ്രദര്‍ശനം. ഒരു മാസം മുന്‍പ് എത്തിയ ഈ വാര്‍ത്ത സിനിമയുടെ അണിയറക്കാരും സിനിമാപ്രേമികളും ആവേശത്തോടെ സ്വീകരിച്ചിരുന്നു. യൈനോട്ട് സ്റ്റുഡിയോസ്, നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ