
വില്യം ഷേക്സ്പിയറിന്‍റെ ദുരന്ത നാടകമായ 'ഒഥല്ലോ'യെ ആസ്‍പദമാക്കി വന്ന മലയാള ചിത്രപമായിരുന്നു ജയരാജിന്‍റെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ കളിയാട്ടം. ഇപ്പോഴിതാ ഇതേ പ്രമേയ പരിസരത്തില്‍ നിന്ന് മറ്റൊരു മലയാള ചിത്രം കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഫാ. വര്‍ഗീസ് ലാല്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന് 'ഋ' (Iru) എന്നാണ് പേരിട്ടിരിക്കുന്നത്. നടനും സംവിധായകനുമായ സിദ്ധാര്‍ഥ ശിവയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും എഡിറ്റിംഗും.
ഒരു വൈദികന്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാളചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. പ്രണയത്തോടൊപ്പം നിറത്തിന്‍റെ രാഷ്ട്രീയം പ്രമേയമാക്കുന്ന ചിത്രം മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലാണ് പൂര്‍ണ്ണമായി ചിത്രീകരിച്ചത്. എം ജി യൂണിവേഴ്സിറ്റി സ്‍കൂള്‍ ഓഫ് ലെറ്റേഴ്സിലെ അധ്യാപകന്‍ ഡോ. ജോസ് കെ മാനുവലിന്‍റേതാണ് ചിത്രത്തിന്‍റെ രചന. വിശാല്‍ ജോണ്‍സണിന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്.
ഷേക്സ്പിയര്‍ ആര്‍ട്‍സിന്‍റെ ബാനറില്‍ ഡോ. ഗിരീഷ് കുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, രാജീവ് രാജന്‍, നയന എല്‍സ, ഡെയിന്‍ ഡേവിസ്, വിദ്യ, അഞ്ജലി നായര്‍, മണികണ്ഠന്‍ പട്ടാമ്പി, കോട്ടയം പ്രദീപ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. ഈയിടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.