
മലയാളികള്‍ക്ക് പുറത്തും ആരാധകരെ നേടിയ ചിത്രമായിരുന്നു പ്രേമലു. ചിത്രത്തിനെ നായികാ നായകന്മാരായ മമിത ബൈജുവിനും നസ്‍ലെനുമൊക്കെ വലിയ ബ്രേക്കും നല്‍കി ചിത്രം. പ്രേമലുവിന്‍റെ വിജയാഘോഷ വേദിയില്‍ വച്ചാണ് നിര്‍മ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. എന്നാല്‍ ആ പ്രോജക്റ്റിന്‍റെ അപ്ഡേറ്റുകളൊന്നും പിന്നീട് എത്തിയില്ല. ചിത്രം ഡ്രോപ്പ് ആയെന്നും പ്രചരണം ഉണ്ടായിരുന്നു. ചില സാങ്കേതിക തടസങ്ങള്‍ ഈ പ്രോജക്റ്റുമായി ബന്ധപ്പെട്ട് ഉണ്ടെന്നും ചിത്രം കുറച്ചുകൂടി വൈകുമെന്നും ദിലീഷ് പോത്തന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ ചിത്രം ഡ്രോപ്പ് ആയി എന്ന രീതിയിലാണ് അദ്ദേഹത്തിന്‍റെ പുതിയ പ്രതികരണം.
യുട്യൂബ് ചാനലായ ഓണ്‍ എയര്‍ കേരളയോടുള്ള പ്രതികരണത്തിലാണ് ദിലീഷ് പോത്തന്‍ ഇക്കാര്യം പറഞ്ഞത്. പ്രേമലു 2 ഡ്രോപ്പ് ആയി എന്ന് കേള്‍ക്കുന്നല്ലോ എന്ന ചോദ്യത്തിന് ദിലീഷ് പോത്തന്‍റെ പ്രതികരണം ഇങ്ങനെ- അങ്ങനെ ഒരു ആലോചനകളിലൊക്കെയാണ്. അതിന് പകരമാണ് ബദ്ലഹേം കുടുംബ യൂണിറ്റ് മീറ്ററിലേക്ക് കയറി വന്നിരിക്കുന്നത്, ദിലീഷ് പോത്തന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് ബദ്‍ലഹേം കുടുംബ യൂണിറ്റ് എന്ന തങ്ങളുടെ അടുത്ത ചിത്രം ഭാവന സ്റ്റുഡിയോസ് പ്രഖ്യാപിച്ചത്. പ്രേമലു അടക്കമുള്ള ജനപ്രിയ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷകപ്രീതി നേടിയ സംവിധായകന്‍ ഗിരീഷ് എ ഡിയുടെ ചിത്രത്തില്‍ നായകനാവുന്നത് നിവിന്‍ പോളിയാണ്. മമിത ബൈജുവാണ് നായിക.
പ്രേമലുവിന് ശേഷം മമിത ബൈജു നായികയാവുന്ന ഗിരീഷ് എ ഡി ചിത്രം എന്നതും ശ്രദ്ധേയമാണ്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഭാവന സ്റ്റുഡിയോസിന്‍റെ ആറാമത്തെ നിര്‍മ്മാണ സംരംഭമാണ് ബത്‍ലഹേം കുടുംബ യൂണിറ്റ്. 'കുമ്പളങ്ങി നൈറ്റ്സ്' മുതല്‍ 'പ്രേമലു' വരെ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയവയാണ്. റൊമാന്‍റിക് കോമഡി ചിത്രമാണ് ഇത്. ഗിരീഷ് എ ഡിക്ക് ഒപ്പം കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അജ്മല്‍ സാജു, സംഗീതം വിഷ്ണു വിജയ്, എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്, ഡിസ്ട്രിബ്യൂഷന്‍ ഭാവന റിലീസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ