ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിൽ ആദായനികുതി പരിശോധന

By Web TeamFirst Published Nov 26, 2021, 3:07 PM IST
Highlights

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിരവധി മലയാള സിനിമകൾ സമീപകാലത്ത് ഒടിടി റിലീസ് നടത്തിയിരുന്നു.


കൊച്ചി: മലയാള സിനിമ നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ (antony perumbavoor), ആൻ്റോ ജോസഫ് (anto joseph), ലിസ്റ്റിൻ സ്റ്റീഫൻ (listin stephan) എന്നിവരുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് (IT Raid) നടത്തുന്നു. ആദായനികുതി വകുപ്പിൻ്റെ ടിഡിഎസ് വിഭാഗമാണ് നിർമ്മാതാക്കളുടെ ഓഫീസുകളിൽ പരിശോധന നടത്തുന്നത്. ഇവർ നിർമ്മിച്ച വിവിധ ചിത്രങ്ങൾ ഒ.ടി ടി പ്ലാറ്റ് ഫോമുകൾക്ക് വിറ്റതുമായി ബന്ധപ്പെട്ട രേഖകളും മറ്റു വിവരങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുവെന്നാണ് സൂചന. 

ആൻ്റണി പെരുമ്പാവൂരിൻ്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് ഫിലിംസിൻ്റെ ഓഫീസ്, ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസ്, ആൻ്റോജോസഫിൻ്റെ ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി രേഖകൾ പരിശോധിക്കുന്നത്. ഒടിടി ഇടപാടുകളിലും മറ്റും കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. നിർമ്മാതാക്കളുടെ സമീപകാലത്തെ വരുമാനവും ഇടപാടുകളും നികുതി ഇടപാടുകളും പരിശോധന പരിധിയിലുണ്ടെന്നാണ് ആദായനികുതി വകുപ്പ് നൽകുന്ന സൂചന. 

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സമീപകാലത്ത് മലയാള സിനിമകളൊന്നും തന്നെ തീയേറ്ററുകളിലേക്ക് എത്തിയിട്ടില്ല. എന്നാൽ നിരവധി സിനിമകൾ ഒടിടി ആയി റിലീസ് നടത്തിയിരുന്നു. ഒടിടി റിലീസ് കൂടാതെ, സാറ്റലൈറ്റ് റൈറ്റിലൂടേയും മ്യൂസിക് റൈറ്റ്സിലൂടേയും നിർമ്മാതാക്കൾ വരുമാനം നേടുന്നുണ്ട്. ഇങ്ങനെ പല രീതിയിൽ ലഭിക്കുന്ന വരുമാനത്തിന് നികുതിയടച്ചോ എന്ന് കൂടി ആദായനികുതി വകുപ്പ് സൂചന നൽകുന്നുണ്ട്. റെയ്ഡ് പൂർണമായും നിർമ്മാതാക്കളുടെ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്. ആരുടേയും വീട്ടിലേക്ക് ഉദ്യോഗസ്ഥർ എത്തിയിട്ടില്ല. 

ചിത്രീകരണം പൂർത്തിയാക്കിയ 120-ഓളം മലയാള സിനിമകൾ റിലീസിനായി തയ്യാറായി നിൽക്കുന്നുണ്ട്. തീയേറ്ററുകൾ പതിയെ സാധാരണ നിലയിലേക്ക് വരുന്നുണ്ടെങ്കിലും പല സിനിമകളും ഒടിടി റിലീസിലേക്ക് പോയേക്കും എന്ന സൂചനയുണ്ട്. 

 

click me!