
ഒരുകാലത്ത് മലയാളത്തിലെ പ്രധാനപ്പെട്ട നായികമാരിൽ ഒരാളായിരുന്നു കാവ്യ മാധവൻ. ബാലതാരമായി സിനിമയിലെത്തി നായികയായി തിളങ്ങിയ കാവ്യക്ക് നിരവധി മികച്ച സിനിമകളുടെ ഭാഗമാവാൻ സാധിച്ചിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത് 1998 ൽ പുറത്തറിങ്ങിയ 'ചന്ദ്രനുദിക്കുന്ന ദിക്കിൽ' എന്ന ചിത്രത്തിലൂടെയാണ് നായികയായി സിനിമയിൽ സജീവമാവുന്നത്. 2016 വരെ മലയാള സിനിമയിൽ സജീവമായിരുന്ന കാവ്യ ദിലീപുമായുമുള്ള വിവാഹത്തിന് ശേഷം സിനിമയിൽ അഭിനയിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ ആരാധകർക്കിടയിലും മലയാള സിനിമ പ്രേക്ഷകർക്കിടയിലും ഇതൊരു ചർച്ചാ വിഷയമായിരുന്നു. എന്നാൽ ദിലീപ് കാരണമാണ് താൻ സിനിമയിൽ സജീവമാവാത്തത് എന്നുള്ള ആഖ്യാനങ്ങൾക്ക് ഇപ്പോൾ മറുപടി പറഞ്ഞിരിക്കുകയാണ് കാവ്യ മാധവൻ.
"ഒരിക്കലും ദിലീപേട്ടനല്ല എന്നെ വീട്ടില്‍ നിര്‍ത്തിയത്. എന്റെ അഭിപ്രായം തന്നെ ആയിരുന്നു. എനിക്ക് മോളെ നോക്കി ആ ഒരു കാലഘട്ടം നേരിട്ട് അനുഭവിക്കണം എന്നുണ്ടായിരുന്നു. അതിനുവേണ്ടിയാണ് ഇടവേള എടുത്തത്." എന്നാണ് അടുത്തിടെ ഒരു പരിപാടിക്കിടെ കാവ്യ മാധവൻ പറഞ്ഞത്. കാവ്യ ഫാൻസ് പേജ് ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. "ദിലീപ് കാവ്യയെയും വീട്ടിലിരുത്തി എന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണിത്. ഒന്നും അറിയാതെ കമന്റ് ബോക്‌സില്‍ വന്ന് വന്ന് പലതും വിളിച്ച് പറയുന്നവരോട് ഒന്നേ പറയാനൊള്ളൂ, അത് അവളുടെ മാത്രം തീരുമാനമായിരുന്നു. അതിനെ ബഹുമാനിക്കുക. എല്ലാവര്‍ക്കും അവരുടേതായ ഇഷ്ടങ്ങളും കാഴ്ചപ്പാടും ഉണ്ടാവും. ഒരു തിരിച്ചുവരവ് ഞങ്ങളും പ്രതീക്ഷിക്കുന്നുണ്ട്? കാവ്യ ഇവള്‍ക്കൊപ്പം എന്നും ഞങ്ങള്‍ ഉണ്ടാവും എന്നും കൂടി ഓര്‍മിപ്പിക്കുന്നു." അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
അടൂർ ഗോപലാകൃഷ്ണൻ ദിലീപിനെയും കാവ്യയെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത് 'പിന്നെയും' എന്ന ചിത്രത്തിലായിരുന്നു കാവ്യ അവസാനാമായി അഭിനയിച്ചത്. ആ വർഷം നവംബറിൽ തന്നെ ഇരുവരുടെയും വിവാഹം കഴിയുകയും ചെയ്തു. കമൽ സംവിധാനം ചെയ്ത പെരുമഴക്കാലം, ഗദ്ധാമ എന്നീ ചിത്രങ്ങളിലൂടെ രണ്ട് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നടി കൂടിയാണ് കാവ്യ മാധവൻ.