എസ്പിബിക്ക് ഭാരതരത്ന നൽകണം; പ്രധാനമന്ത്രിക്ക് ജഗൻമോഹൻ റെഡ്ഡിയുടെ കത്ത്

By Web TeamFirst Published Sep 29, 2020, 10:31 AM IST
Highlights

സംഗീതമേഖലയ്ക്ക് നൽകിയ അനവധിയായ സംഭാവനകൾ പരിഗണിച്ച് എസ്പിബിക്ക് ഭാരതരത്ന നൽകണമെന്ന് പ്രധാനമന്ത്രിക്കുള്ള കത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. 

ഹൈദരാബാദ്: അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന പുരസ്കാരം നൽകി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. എസ്പിബിയുടെ വിയോഗം ഇന്ത്യയിലെ ആരാധകർക്കും സംഗീതപ്രേമികൾക്കും മാത്രമല്ല ലോകത്തിലെ തന്നെ സംഗീത കൂട്ടായ്മയ്ക്ക് വലിയ നഷ്ടമാണെന്നും ജഗൻമോഹൻ കത്തിൽ കുറിച്ചു. 

"അദ്ദേഹത്തിന്റെ അദ്ഭുതകരമായ നേട്ടങ്ങളുടെ അനന്തമായ കഥ സംഗീതത്തിന് അതീതമാണ്. സമാനതകളില്ലാത്ത കഴിവുകളാൽ ശ്രീ എസ്പി ബാലസുബ്രഹ്മണ്യം രചനകളെ ഗംഭീര തലത്തിലേക്ക് ഉയർത്തി. അദ്ദേഹത്തിന്റെ അകാല വേർപാട് ഇന്ത്യയിൽ താമസിക്കുന്ന ആരാധകർക്കും സെലിബ്രിറ്റികൾക്കും വളരെയധികം ദുരിതം സൃഷ്ടിക്കുക മാത്രമല്ല, അന്താരാഷ്ട്ര സംഗീത സാഹോദര്യത്തെയും ബാധിച്ചു", ജഗൻമോഹൻ റെഡ്ഡി കത്തിൽ കുറിക്കുന്നു. 

സംഗീതമേഖലയ്ക്ക് നൽകിയ അനവധിയായ സംഭാവനകൾ പരിഗണിച്ച് എസ്പിബിക്ക് ഭാരതരത്ന നൽകണമെന്ന് പ്രധാനമന്ത്രിക്കുള്ള കത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. സെപ്റ്റംബർ 25ന് ചെന്നൈയിലെ എംജിഎം ആശുപത്രിയിൽ വച്ചായിരുന്നു എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ അന്ത്യം. ഈ മാസം ഏഴാം തീയതി എസ്പിബി കൊവിഡ് മുക്തനായെങ്കിലും പ്രമേഹ സംബന്ധമായ പ്രശ്നങ്ങളാണ് ആരോഗ്യനില വഷളാക്കിയത്. വിദേശ ഡോക്ടർമാരുടെ ഉപദേശം അടക്കം തേടിയെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. 

അമ്പതുവർഷത്തോളം നീണ്ട ബാലസുബ്രഹ്മണ്യത്തിന്‍റെ സംഗീത ജീവിതം ലോക സംഗീത മേഖലയിൽ തന്നെ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു.  മാതൃഭാഷയായ തെലുങ്കിൽ മാത്രം നാൽപ്പതിനായിരത്തിലധികം ഗാനങ്ങൾ എസ്.പി.ബി ആലപിച്ചിട്ടുണ്ട്. ഇതുകൂടാതെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും അദ്ദേഹം നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് എസ്.പി ബാലസുബ്രഹ്മണ്യം ജനിച്ചത്. 

click me!