'സിംഹം മാനിനെ ഓടിക്കുംപോലെ'; കുരുതിയിലെ 'വേട്ടമൃഗം' പാട്ടിന്‍റെ മൂഡിന് പൃഥ്വി പറഞ്ഞ ഉപമ

By Web TeamFirst Published Aug 15, 2021, 6:06 PM IST
Highlights

'കുരുതി എന്ന സിനിമയ്ക്കു വേണ്ടി മനു എന്നെ കാണാൻ വന്നപ്പോൾ രണ്ട് ഗാനം നമുക്ക് വേണമെന്ന് പറഞ്ഞു'

മലയാളത്തില്‍ നിന്നുള്ള സമീപകാല ഒടിടി റിലീസുകളെപ്പോലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് 'കുരുതി'യും സൃഷ്‍ടിച്ചത്. സിനിമയുടെ ഉള്ളടക്കമാണ് എതിര്‍ത്തും അനുകൂലിച്ചുമുള്ള അഭിപ്രായപ്രകടനങ്ങള്‍ക്ക് വഴിവച്ചതെങ്കില്‍ ചിത്രത്തിന്‍റെ സാങ്കേതിക വശങ്ങളെക്കുറിച്ച് ഭൂരിഭാഗം പ്രേക്ഷകര്‍ക്കും നല്ല അഭിപ്രായമായിരുന്നു. ജേക്സ് ബിജോയ് ആയിരുന്നു ചിത്രത്തിന്‍റെ സംഗീതം. ഇപ്പോഴിതാ ചിത്രത്തിലെ 'വേട്ടമൃഗം' എന്ന ഗാനത്തിന്‍റെ മൂഡിന് പൃഥ്വി നല്‍കിയ ഉദാഹരണത്തെക്കുറിച്ച് പ്രേക്ഷകരോട് പറയുകയാണ് ജേക്സ് ബിജോയ്. ആദ്യമയച്ച ട്രാക്ക് കേട്ടിട്ട് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പൃഥ്വിരാജ് അയച്ച വാട്‍സ്ആപ് സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ടും ജേക്സ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

ജേക്സ് ബിജോയ് പറയുന്നു

കുരുതി എന്ന സിനിമയ്ക്കു വേണ്ടി മനു എന്നെ കാണാൻ വന്നപ്പോൾ രണ്ട് ഗാനം നമുക്ക് വേണമെന്ന് പറഞ്ഞു. അതിലെ രണ്ടാമത്തേത് സിനിമയിലെ ഫൈനൽ ആക്റ്റ് വരുന്നതിന് മുൻപ് ആയതുകൊണ്ട് അഡ്രിനാലിൻ റഷ് വേണ്ട ഒരു സോംഗ് ആയിരിക്കണമെന്ന് മനു പറഞ്ഞിരുന്നു. ഞാൻ ഒരു ട്യൂൺ മനുവിന്  അയച്ചു കൊടുത്തു. നമുക്ക് ഒന്ന് നോക്കാം എന്നായിരുന്നു മനുവിന്‍റെ മറുപടി. കൂടെ വേറെ ഒരു ട്യൂൺ നോക്കുന്നോ എന്ന ഒരു അഭിപ്രായം കൂടെ പങ്കുവെച്ചു. എന്നിട്ട് നമുക്ക് പൃഥ്വിക്ക് കൂടെ അയച്ച് കൊടുക്കാം എന്ന് പറഞ്ഞു. കാരണം പൃഥ്വി പ്രൊഡ്യൂസർ ആണല്ലോ..!! അങ്ങനെ ഞങ്ങൾ പൃഥ്വിക്കു കൂടെ ട്രാക്ക് അയച്ച് കൊടുത്തു. പൃഥ്വി അത് കേട്ടിട്ട് പറഞ്ഞത് നമുക്ക് വേറെ ഒരു മൂഡ് പിടിക്കാം അതിന് മുൻപ് ഞാൻ ഇതിന്‍റെ ഒരു ഉപമ പറയട്ടെ എന്ന് പറഞ്ഞ് എനിക്ക് ഒരു ചെറിയ ടെക്സ്റ്റ് അയച്ച് തന്നു. അതിൽനിന്നാണ് വേട്ടമൃഗം എന്ന പാട്ട് ഉണ്ടായത്. ആ ടെക്സ്റ്റ്..

ഗാനത്തിന്‍റെ മൂഡ് വ്യക്തമാക്കാന്‍ പൃഥ്വിരാജ് പങ്കുവച്ച ഉപമ

"ഈ സംഗീതം നന്നായിട്ടുണ്ട്. പക്ഷേ ആഴ്ന്നുകിടക്കുന്ന നൈരാശ്യത്തിന്‍റെ ഒരു തലം ആ ട്യൂണിന് വേണമെന്നാണ് എനിക്ക്. മാനിനെ ഓടിക്കുന്ന സിംഹത്തിന്‍റെ ഒരു സ്ലോ മോഷന്‍ രംഗം ആലോചിക്കുക. ഒഴിവാക്കാനാവാത്തത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാം. പക്ഷേ മാന്‍ ചിലപ്പോള്‍ ഒരു കാട്ടിലേക്കോടി രക്ഷപെട്ടേക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നു. ചിലപ്പോള്‍ ആ സിംഹത്തിനും കാലിടറാം. മാനിന് പദ്ധതികളൊന്നുമില്ല, ആകെ അതിന് അറിയാവുന്നത് ഓടണം എന്ന് മാത്രമാണ്, പ്രകൃതി അനുവദിക്കുംവരെ ഓടണമെന്ന്. പിന്തുടര്‍ന്നോടുമ്പോള്‍ സിംഹം ആത്മവിശ്വാസത്തിലായിരിക്കും. മാനിനെ കീഴ്പ്പെടുത്താനാണ് അത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് അതിന് അറിയാം. അത് സംഭവിക്കുകയും ചെയ്യും. വളരെ ആഴത്തിലുള്ള ദു:ഖം, നൈരാശ്യം എന്നിവയ്ക്കരികിലേക്ക് ഈ കഥയെ ഒന്നു നിര്‍ത്തി നോക്കുക"

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!