ഓസ്‍കര്‍: ജല്ലിക്കട്ട് ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രി

By Web TeamFirst Published Nov 25, 2020, 3:50 PM IST
Highlights

ഓസ്‍കറിന് ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രിയായി ജല്ലിക്കട്ട്.

ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഇത്തവണ മലയാളത്തില്‍ നിന്ന്. ജല്ലിക്കട്ടാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‍കറില്‍ മത്സരിക്കുക. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്‍തത്. രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കട്ട്.  തിയറ്ററിലും മികച്ച പ്രതികരണം നേടിയിരുന്നു ചിത്രം. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്‍പദമാക്കിയായിരുന്നു ചിത്രം.


എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ജല്ലിക്കട്ടിന്റെ തിരക്കഥയെഴുതിയത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. പ്രശാന്ത് പിള്ളയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ. 2019 ഒക്ടോബര്‍ നാലിനാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിച്ചത്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. 2019ലെ ടൊറന്റോ അന്താരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ട് പ്രദര്‍ശിപ്പിച്ചിരുന്നു.

ഗോവ അന്തരാഷ്‍ട്ര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇത്തവണത്തെ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി സ്വന്തമാക്കിയിരുന്നു.

മികച്ച സൗണ്ട് മിക്സിംഗിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജല്ലിക്കട്ടിലൂടെ കണ്ണൻ ഗണപതിയും സ്വന്തമാക്കി.

 

click me!