James Movie : 'അപ്പു'വിന്‍റെ അവസാന വരവ്, പുനീതിനെ കണ്ട് കണ്ണീരൊഴുക്കി ആരാധകര്‍; 'ജെയിംസ്' ആദ്യ പ്രതികരണങ്ങള്‍

Published : Mar 17, 2022, 09:56 AM IST
James Movie : 'അപ്പു'വിന്‍റെ അവസാന വരവ്, പുനീതിനെ കണ്ട് കണ്ണീരൊഴുക്കി ആരാധകര്‍; 'ജെയിംസ്' ആദ്യ പ്രതികരണങ്ങള്‍

Synopsis

ലോകമാകെ 4000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുന്നത്

പുനീത് രാജ്‍കുമാര്‍ (Puneeth Rajkumar) ആരാധകരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസമാണ് ഇന്ന്. മരിക്കുന്നതിനു മുന്‍പ് അദ്ദേഹം അഭിനയിച്ചു പൂര്‍ത്തിയാക്കിയ അവസാനചിത്രം ജെയിംസ് (James) തിയറ്ററുകളിലെത്തുന്ന ദിവസം. ഒരു കന്നഡ ചിത്രത്തിന് ഇതുവരെ ലഭിക്കുന്നതില്‍ ഏറ്റവും വലിയ തിയറ്റര്‍ കൗണ്ടുമായാണ് ചിത്രം എത്തിയിരിക്കുന്നത്. ആയതിനാല്‍ത്തന്നെ ഓപണിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് ഇട്ടേക്കും ചിത്രം. ഒരു കന്നഡ ചിത്രത്തിന്‍റെ ഏറ്റവും വലിയ ഓപണിംഗ് ആയ കെജിഎഫ് ചാപ്റ്റര്‍ 1നെയും ജെയിംസ് മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ (Audience response) വന്നുതുടങ്ങുകയാണ് ട്വിറ്ററില്‍.

പുനീത് രാജ്‍കുമാറിനെ അദ്ദേഹത്തിന്‍റെ എല്ലാ പ്രതാപത്തോടെയും ആഘോഷിക്കുന്ന ചിത്രമാണ് ജെയിംസ് എന്ന് ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല ട്വീറ്റ് ചെയ്‍തു. ഒരാള്‍ക്ക് ഇതിലും കൂടുതല്‍ ആവശ്യപ്പെടാനില്ല. ഗ്രാവിറ്റിയെ നിഷ്പ്രഭമാക്കുന്ന ആക്ഷന്‍ രംഗങ്ങള്‍, അദ്ദേഹത്തിന്‍റെ ഐതിഹാസികമായ നൃത്തച്ചുവടുകള്‍, ആരാധകര്‍ക്കും മറ്റ് വലിയ പ്രേക്ഷകവൃന്ദത്തിനുമുള്ള മാസ് ഡയലോഗുകള്‍. ആരാധകര്‍ അദ്ദേഹത്തിന്‍റെ ഓരോ രംഗങ്ങളും ആഘോഷിക്കുകയാണ്. അദ്ദേഹത്തെ സ്ക്രീനില്‍ കണ്ടുകൊണ്ടിരിക്കുന്നത് വൈകാരികമായ ഒരു അനുഭവമാണ്. കര്‍ണ്ണാടക മാത്രമല്ല, മുഴുവന്‍ ഇന്ത്യയും ഈ സിനിമ കാണണം, എന്നാണ് രമേശ് ബാലയുടെ ട്വീറ്റ്.

സൂര്യനേക്കാള്‍ തിളക്കമുള്ള അപ്പു സാര്‍. അപ്പു സാറിനെ പവര്‍ സ്റ്റാര്‍ എന്ന് വിളിച്ചിരുന്നത് എന്തുകൊണ്ടാണെന്ന് ആ സംഘട്ടന രംഗങ്ങള്‍ പറയും. വെല്‍ മേഡ് കമേര്‍സ്യല്‍ മൂവി, യുട്യൂബര്‍ അരുണ്‍ ട്വീറ്റ് ചെയ്‍തു. തിയറ്ററിനു മുന്നിലെ ആരാധകരുടെ ആവേശത്തിന്‍റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പുലര്‍ച്ചെ 1 മണിക്ക് തന്നെ പല പ്രധാന സെന്‍ററുകളിലും ഫാന്‍സ് ഷോകള്‍ തുടങ്ങിയിരുന്നു.

കര്‍ണ്ണാടകയില്‍ സാധാരണ വന്‍ താര ചിത്രങ്ങളൊക്കെ 300- 320 തിയറ്ററുകളിലാണ് റിലീസിനെത്തുന്നതെങ്കില്‍ ജെയിംസ് 380 തിയറ്ററുകളിലെ 450 സ്ക്രീനുകളിലാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. കര്‍ണ്ണാടകത്തില്‍ മാത്രം ആദ്യ ദിനം 2100 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന്. പുലര്‍ച്ചെ മാത്രം 200 പ്രദര്‍ശനങ്ങള്‍. അതായത് കര്‍ണാടകത്തില്‍ ആദ്യ ദിനം ചിത്രത്തിന്‍റെ 10 ലക്ഷം ടിക്കറ്റുകളാണ് വില്‍പ്പനയ്ക്കുള്ളത്. ഇതിന് ലഭിക്കാനിടയുള്ള പ്രേക്ഷക പ്രതികരണത്തെക്കുറിച്ചും സാന്‍ഡല്‍വുഡിന് സംശയങ്ങളില്ല. കാരണം ബംഗളൂരു നഗരത്തില്‍ മാത്രം 4 കോടി രൂപയുടെ അഡ്വാന്‍സ് ബുക്കിംഗ് ആണ് ഇന്നലെ രാത്രി വരെ നടന്നിരിക്കുന്നത്. ഇന്നത്തെ ബംഗളൂരു കളക്ഷന്‍ 5 കോടിയിലേക്ക് എത്താന്‍ സാധ്യതയുണ്ട്. മറ്റൊരു പ്രധാന സെന്‍ററായ മൈസൂരുവിലും മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. 110 ഷോകളിലെ 30,000 ടിക്കറ്റുകളാണ് വിറ്റുപോയത്. കര്‍ണ്ണാടകത്തിലെ ആകെ അഡ്വാന്‍സ് ബുക്കിംഗ് 7.50- 8 കോടി രൂപയുടേതാണെന്നാണ് കരുതപ്പെടുന്നത്.

ചേതന്‍ കുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയ ആനന്ദ്, അനു പ്രഭാകര്‍ മുഖര്‍ജി, ശ്രീകാന്ത് മേക, ശരത്ത് കുമാര്‍, ഹരീഷ് പേരടി, തിലക് ശേഖര്‍, മുകേഷ് ഋഷി, ആദിത്യ മേനോൻ, രംഗയാന രഘു, അവിനാശ്, സധു കോകില, ചിക്കണ്ണ, സുചേന്ദ്ര പ്രസാദ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'