നിര്‍മ്മാണച്ചെലവ് 1800 കോടി, കൊവിഡില്‍ നഷ്ടം 370 കോടി; ജെയിംസ് ബോണ്ട് ചിത്രവും ഒടിടി വില്‍പ്പനയ്ക്ക്?

By Web TeamFirst Published Oct 28, 2020, 9:20 PM IST
Highlights

അതേസമയം നിരവധി പ്രൊമോഷണല്‍ പാര്‍ട്‍നര്‍ഷിപ്പുകള്‍ക്കായുള്ള കരാറുകള്‍ ഒടിടി വില്‍പ്പനയില്‍ നിന്ന് നിര്‍മ്മാതാക്കളെ മാറ്റിച്ചിന്തിപ്പിക്കുന്ന പ്രധാന ഘടകമാണ്. ലാന്‍ഡ് റോവര്‍, ഒമേഗ വാച്ചസ്, ഹെയ്‍നിക്കന്‍ തുടങ്ങി പല ലോകപ്രശസ്ത ബ്രാന്‍ഡുകളും പുതിയ ബോണ്ട് ചിത്രത്തിലൂടെ പ്രൊമോഷന്‍ ചെയ്തിട്ടുണ്ട്. 

കാലമെത്ര ചെന്നാലും ജെയിംസ് ബോണ്ട് സിനിമകള്‍ക്ക് ഹോളിവുഡ് വിപണിയിലുള്ള സ്ഥാനത്തിന് മങ്ങലൊന്നുമില്ല. എന്നാല്‍ സിരീസിലെ ഏറ്റവും പുതിയ ചിത്രം 'നോ ടൈം റ്റു ഡൈ' നിര്‍മ്മാതാക്കളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. വില്ലന്‍ കൊവിഡ് തന്നെ. 1800 കോടി രൂപയ്ക്കുമേല്‍ (250 മില്യണ്‍ ഡോളര്‍) നിര്‍മ്മാണച്ചെലവുള്ള ചിത്രം ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തേണ്ടതായിരുന്നു. പക്ഷേ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്നതായിരുന്നു കൊറോണ വൈറസ് ലോകത്ത് സൃഷ്ടിച്ച അനിശ്ചിതാവസ്ഥ. റിലീസ് പലകുറി മാറ്റിവെക്കേണ്ടിവന്നതിനാല്‍ എംജിഎം സ്റ്റുഡിയോ ഇതിനകം നേരിട്ട നഷ്ടം 370 കോടി രൂപയോളമാണ് (30-50 മില്യണ്‍ ഡോളര്‍). അടുത്ത വര്‍ഷത്തേക്ക് റിലീസ് മാറ്റി എന്നതാണ് നിര്‍മ്മാതാക്കളുടെ ഔദ്യോഗിക പ്രഖ്യാപനമെങ്കിലും ഡയറക്ട് ഒടിടി റിലീസ് സാധ്യതയെക്കുറിച്ച് അവര്‍ ഗൗരവത്തില്‍ ആലോചിച്ചിട്ടുണ്ടെന്നും ആ വഴിക്കുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുന്നുവെന്നുമാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

എന്നാല്‍ തങ്ങള്‍ ഏറ്റവുമധികം പ്രതീക്ഷ പുലര്‍ത്തുന്ന ചിത്രത്തിന് എംജിഎം വിലയിട്ടിരിക്കുന്നത് വളരെ ഉയര്‍ന്ന തുകയാണെന്ന് 'വെറൈറ്റി' റിപ്പോര്‍ട്ട് ചെയ്യുന്നു. 4450 കോടി രൂപയാണ് (600 മില്യണ്‍ ഡോളര്‍) എംജിഎം 'നോ ടൈം റ്റു ഡൈ'ക്ക് പ്രതീക്ഷിക്കുന്ന മിനിമം വിലയെന്നാണ് റിപ്പോര്‍ട്ട്. നെറ്റ്ഫ്ളിക്സും ആപ്പിളും പോലെയുള്ള, വന്‍ തുക മുടക്കി ഹോളിവുഡ് പ്രോഡക്ടുകള്‍ വാങ്ങുന്ന മുന്‍നിര ഒടിടി പ്ലാറ്റ്ഫോമുകളെ സംബന്ധിച്ചുപോലും വളരെ ഉയര്‍ന്ന തുകയാണ് ഇത്. 

അതേസമയം നിരവധി പ്രൊമോഷണല്‍ പാര്‍ട്‍നര്‍ഷിപ്പുകള്‍ക്കായുള്ള കരാറുകള്‍ ഒടിടി വില്‍പ്പനയില്‍ നിന്ന് നിര്‍മ്മാതാക്കളെ മാറ്റിച്ചിന്തിപ്പിക്കുന്ന പ്രധാന ഘടകമാണ്. ലാന്‍ഡ് റോവര്‍, ഒമേഗ വാച്ചസ്, ഹെയ്‍നിക്കന്‍ തുടങ്ങി പല ലോകപ്രശസ്ത ബ്രാന്‍ഡുകളും പുതിയ ബോണ്ട് ചിത്രത്തിലൂടെ പ്രൊമോഷന്‍ ചെയ്തിട്ടുണ്ട്. അവര്‍ക്കൊക്കെ ചിത്രത്തിന്‍റെ തീയേറ്റര്‍ റിലീസിനോടാവും താല്‍പര്യം. ചിത്രത്തിന്‍റെ ആഗോള വിതരണാവകാശമുള്ള യൂണിവേഴ്സല്‍ പിക്ചേഴ്സുമായുള്ള കരാറും ഒടിടി റിലീസില്‍ നിന്ന് നിര്‍മ്മാതാക്കളെ പിന്തിരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. 600 മില്യണ്‍ പോലെ ഒരു ഉയര്‍ന്ന തുകയ്ക്ക് ഒടിടി വില്‍പ്പന ചര്‍ച്ചകള്‍ നടന്നുവെന്നും പുരോഗമിക്കുന്നുവെന്നുമൊക്കെയാണ് മാധ്യമറിപ്പോര്‍ട്ടുകളെങ്കിലും അതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ് എംജിഎം സ്റ്റുഡിയോയുടെ ഔദ്യോഗിക പ്രതികരണം. ചിത്രം ഏപ്രില്‍ 2021ലേക്ക് മാറ്റിവച്ചിരിക്കുകയാണെന്നും കാണികള്‍ക്ക് തീയേറ്റര്‍ അനുഭവം തന്നെ നല്‍കണമെന്നുള്ളതുകൊണ്ടാണ് ആ തീരുമാനം എടുത്തതെന്നും എംജിഎം പ്രതിനിധി 'വെറൈറ്റി'യോട് പ്രതികരിച്ചു. 

click me!