Happy Birthday Jayaram : കലാഭവന്‍റെ വീഡിയോ കാസറ്റില്‍ നിന്ന് പത്മരാജന്‍ കണ്ടെത്തിയ നായകന്‍

By Web TeamFirst Published Dec 10, 2021, 1:10 AM IST
Highlights

ജയറാമിന് ഇന്ന് 56-ാം പിറന്നാള്‍

തന്‍റെ കഥാപാത്രങ്ങളായി പുതുമുഖങ്ങളെ അവതരിപ്പിക്കാന്‍ കൗതുകം സൂക്ഷിക്കാറുള്ള സംവിധായകനായിരുന്നു പി പത്മരാജന്‍. അദ്ദേഹത്തിന്‍റെ സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നെ മലയാള സിനിമയുടെ മുഖങ്ങളായി മാറിയവര്‍ നിരവധിയുണ്ട്. അക്കൂട്ടത്തില്‍ മുന്‍നിരക്കാരനാണ് ജയറാം (Jayaram). പുതുമുഖങ്ങളെ നായകന്മാരായി അവതരിപ്പിക്കാന്‍ മലയാള സിനിമ മടിച്ചുനിന്നൊരു കാലത്ത് പത്മരാജന്‍ എന്ന ജീനിയസിന്‍റെ ചിത്രത്തിലൂടെ നായകനായി അരങ്ങേറാന്‍ ഭാഗ്യമുണ്ടായ നടനാണ് ജയറാം. ഇതേ പേരിലുള്ള സ്വന്തം കഥയെ ആസ്‍പദമാക്കി 1988ല്‍ പത്മരാജന്‍ സംവിധാനം ചെയ്‍ത 'അപരനി'ല്‍ ജയറാം കാസ്റ്റ് ചെയ്യപ്പെടാന്‍ ഇടയാക്കിയത് കൊച്ചിന്‍ കലാഭവന്‍റെ ഒരു വീഡിയോ കാസറ്റ് ആയിരുന്നു.

മലയാള സിനിമയുടെ എണ്‍പതുകളുടെ അവസാനം മോഹന്‍ലാലും മമ്മൂട്ടിയും കത്തിക്കയറി വരുന്ന കാലമാണ്. ഇരുവര്‍ക്കും കൈനിറയെ സിനിമകളും പലതും വമ്പന്‍ വിജയങ്ങളും. നായകനായി മറ്റൊരു ചോയ്‍സിനെക്കുറിച്ച് പലരും ആലോചിക്കുന്നുതന്നെയില്ല. ആ സമയത്താണ് ഒരു പുതുമുഖ നായകനെ അവതരിപ്പിക്കാന്‍ പത്മരാജന് നിര്‍മ്മാതാവായ ഹരി പോത്തന്‍ ധൈര്യം കൊടുക്കുന്നത്. ആ സമയത്ത് താന്‍ ചെയ്യാന്‍ ആലോചിച്ചിരുന്ന 'അപരന്‍' എന്ന സിനിമയ്ക്ക് ഒരു പുതുമുഖ നായകനാണ് അനുയോജ്യമെന്നത് പത്മരാജനും തിരിച്ചറിഞ്ഞ കാര്യമായിരുന്നു. നിര്‍മ്മാതാവ് പിന്തുണച്ചതോടെ അദ്ദേഹം നായകനുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.

 

തിരുവനന്തപുരത്ത് താമസിച്ചിരുന്ന പത്മരാജന്‍ നഗരത്തിലെ കോളെജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ് കാര്യമായി അന്വേഷിച്ചത്. യൂണിവേഴ്സിറ്റി കോളെജ് അടക്കമുള്ള കലാലയങ്ങളുടെ ഗേറ്റില്‍ സ്വന്തം ഫിയറ്റ് കാര്‍ ഓടിച്ച് വൈകുന്നേരങ്ങളില്‍ അദ്ദേഹം എത്തുമായിരുന്നു. ചില മുഖങ്ങള്‍ കണ്ണില്‍ പതിയുമ്പോള്‍ അവരെ വിളിച്ച് സ്വന്തം താമസസ്ഥലത്ത് കൊണ്ടുപോയി സ്ക്രീന്‍ ടെസ്റ്റും നടത്തിയിരുന്നു. പക്ഷേ മനസിലെ കഥാപാത്രത്തിന് ചേരുന്ന ഒരാളെ കിട്ടുന്നതേയില്ല. അങ്ങനെ ആറ് മാസം പിന്നിട്ടു. കാസ്റ്റിംഗ് ശരിയാവാത്തതിന്‍റെ നിരാശയില്‍ കഴിയുന്ന കാലത്താണ് കലാഭവന്‍റെ ഒരു ദുബൈ പ്രോഗ്രാമിന്‍റെ വീഡിയോ കാസറ്റ് മകന്‍ അനന്തപദ്‍മനാഭന്‍ വീട്ടില്‍ കൊണ്ടുവരുന്നത്. അച്ഛന്‍ നായകനെ തിരയുകയാണെന്ന് അറിഞ്ഞിരുന്ന മകന്‍റെ കണ്ണിലാണ് ജയറാമിന്‍റെ മുഖം ആദ്യം ഉടക്കിയത്. മകന്‍റെ നിര്‍ബന്ധപ്രകാരം മിമിക്രി എന്ന കലയോട് താല്‍പര്യമില്ലാതിരുന്ന പത്മരാജന്‍ പ്രോഗ്രാം കാണുകയായിരുന്നു. ആദ്യ കാഴ്ചയില്‍ത്തന്നെ ജയറാമിനെ അദ്ദേഹത്തിന് ബോധിച്ചു. സുഹൃത്തും എഴുത്തുകാരനുമായി മലയാറ്റൂര്‍ രാമകൃഷ്‍ണന്‍റെ അനന്തിരവനാണെന്ന് അറിഞ്ഞതോടെ ജയറാമിനെ വേഗത്തില്‍ വിളിച്ചുവരുത്തി അദ്ദേഹം സ്ക്രീന്‍ ടെസ്റ്റ് നടത്തുകയും അപരനിലേക്ക് കാസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രേക്ഷകശ്രദ്ധ നേടിയ അപരന്‍ സാമ്പത്തിക വിജയവുമായിരുന്നു. പത്മരാജന്‍റെ തൊട്ടടുത്ത സിനിമയിലും ജയറാമായിരുന്നു നായകന്‍. 'മൂന്നാംപക്കം' ആയിരുന്നു ചിത്രം. തൊട്ടടുത്ത വര്‍ഷം അദ്ദേഹത്തിന്‍റെ 'ഇന്നലെ' എന്ന ചിത്രത്തിലും ജയറാം അഭിനയിച്ചു. 'ഞാന്‍ ഗന്ധര്‍വ്വന്‍' ഇറങ്ങിയ സമയത്ത് തന്നെ നായകനാക്കി മറ്റൊരു സിനിമയുടെ ആശയവും പത്മരാജന്‍ അവതരിപ്പിച്ചിരുന്നുവെന്ന് ജയറാം പിന്നീട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പത്മരാജന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ ആ പ്രോജക്റ്റ് നടക്കാതെപോയി. താന്‍ അവതരിപ്പിച്ച പത്മരാജന്‍ കഥാപാത്രങ്ങള്‍ക്കു കിട്ടിയ സ്വീകാര്യത എന്തായിരുന്നുവെന്നതിന് ജയറാമിന്‍റെ ആദ്യകാല ഫിലിമോഗ്രഫി തന്നെ തെളിവ്. 

click me!