'കത്തനാരാ'വാന്‍ ജയസൂര്യ; ഇന്ത്യന്‍ സിനിമയിലെ ആദ്യ വെര്‍ച്വല്‍ പ്രൊഡക്ഷന്‍, ഏഴ് ഭാഷകളില്‍ റിലീസ്

By Web TeamFirst Published Sep 25, 2021, 7:09 PM IST
Highlights

 ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം

ജയസൂര്യ കടമറ്റത്ത് കത്തനാരുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. 'ഹോം' സംവിധായകന്‍ റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ഇന്ത്യന്‍ സിനിമയിലെ ആദ്യ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ആണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. ഏഴ് ഭാഷകളിലാവും ചിത്രം തിയറ്ററുകളിലെത്തുക. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. 

 

വി സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്‍ണമൂര്‍ത്തി, രചന ആര്‍ രാമാനന്ദ്, ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ, സംഗീതവും പശ്ചാത്തല സംഗീതവും രാഹുല്‍ സുബ്രഹ്മണ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഹെഡ് സെന്തില്‍ നാഥന്‍, സിജിഐ ഹെഡ് വിഷ്‍ണു രാജ് എന്നിങ്ങനെയാണ് അണിയറക്കാര്‍.

 

ചിത്രത്തെക്കുറിച്ച് റോജിന്‍ തോമസ്

"ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായി ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിൽ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വെർച്വൽ പ്രൊഡക്ഷൻ ഉപയോഗിച്ചുകൊണ്ട് ചിത്രീകരിക്കുന്ന 'കത്തനാർ' പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ കത്തനാരിലൂടെ മലയാള സിനിമയിൽ കൊണ്ടുവരാൻ അവസരമുണ്ടായതിൽ ഞങ്ങൾ അതീവ കൃതാർത്ഥരാണ്. പൂർണ്ണമായും നമ്മുടെ നാട്ടിലെ തന്നെ സാങ്കേതിക പ്രവർത്തകരെ അണിനിരത്തി ഒരുക്കുന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമായിരിക്കും കത്തനാർ. ഏഴുഭാഷകളിൽ പുറത്തിറക്കുന്ന കത്തനാരിന്‍റെ  പ്രീപ്രൊഡക്ഷനും പ്രിൻസിപ്പൽ ഫോട്ടോഗ്രാഫിയും ഒരു വർഷം കൊണ്ട് പൂർത്തിയാവും."

 

വെര്‍ച്വല്‍ പ്രൊഡക്ഷനില്‍ ഒരുങ്ങുന്ന ഒരു ചിത്രം പൃഥ്വിരാജിന്‍റേതായി നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഇനിയും ആരംഭിച്ചിട്ടില്ല. നവാഗതനായ ഗോകുല്‍രാജ് ഭാസ്‍കറിന്‍റേതാണ് ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് അനൗണ്‍സ്‍മെന്‍റ് പോസ്റ്ററില്‍ ഉണ്ടായിരുന്നു. നിര്‍മ്മാണത്തിലും പൃഥ്വിരാജിന് പങ്കാളിത്തമുണ്ട്. മാജിക് ഫ്രെയിംസിനൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഇതിന്‍റെ നിര്‍മ്മാണം. 

click me!