
സ്വാഭാവികമായ ഒരു പാറക്കുളം. അതില്‍ എന്തെല്ലാം ജീവജാലങ്ങളുണ്ടാകും?. തവളയോ പാമ്പോ ചിലപ്പോള്‍ കുറച്ച് മീനുകളോ വാല്‍വാക്രികളോ എന്നൊക്കെയാകും ഒറ്റ ചിന്തയിലുള്ള മറുപടി. എന്നാല്‍ അങ്ങനെയല്ല 'കടലോളം' വിസ്‍മയിപ്പിക്കുന്ന കാഴ്‍ചകള്‍ ഒരു ചെറു പാറക്കുളത്തിലുമുണ്ടെന്ന് പറഞ്ഞാല്‍ അതിശോക്തിയാകില്ല. പക്ഷേ നോക്കിനോക്കി ഇരിക്കണം. അങ്ങനെ ജയേഷ് പാടിച്ചാല്‍ എന്ന ഫോട്ടോഗ്രാഫര്‍ കണ്ട വിസ്‍മയക്കാഴ്‍ചകള്‍ ഇതാ പ്രേക്ഷകരിലേക്കും എത്തുന്നു.
കേരള രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയടക്കമുള്ള (ഐഡിഎസ്എസ്എഫ്‍കെ) വിവിധ ചലച്ചിത്രോത്സവങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ഡോക്യുമെന്ററി പള്ളം: ഒരു ജീവാഭയം സംവിധായകൻ ജയരാജിന്റെ റൂട്ട്‍സ് എന്ന ഒടിടി പ്ലാറ്റ്‍ഫോമില്‍ ജൂണ്‍ അഞ്ചിന് റിലീസ് ചെയ്യും. മലയോര പ്രദേശത്തെ ഇടനാടൻ ചെങ്കല്‍ കുന്നിലെ സ്വാഭാവിക പാറക്കുളത്തെയാണ് 'പള്ളം' എന്ന് പറയുന്നത്. അവിടത്തെ ജൈവവൈവിധ്യ വിസ്‍മയ കാഴ്‍ചകള്‍ പകര്‍ത്തിയ ജയേഷ് പാടിച്ചാലിന്റെ ഡോക്യുമെന്ററിയുടെ ട്രെയിലര്‍ ആണ് ഇപോള്‍ പുറത്തുവിട്ടിരിക്കുന്നത്. അരിയിട്ടപാറയിലെ ജൈവവൈവിധ്യങ്ങളുടെ ഋതുഭേദങ്ങളാണ് ജയേഷ് പാടിച്ചാല്‍ തന്റെ ക്യാമറയിലൂടെ എത്തിക്കുന്നത്. അരിയിട്ടപാറയിലെ ചെറിയൊരു സ്വാഭാവിക കുളത്തിലെ ജീവന്റെ തുടിപ്പ് മുതല്‍ ദേശാടന പക്ഷികള്‍ വരെ ജയേഷ് പാടിച്ചാലിന്റെ ക്യാമറയ്‍ക്ക് മുന്നില്‍ സ്വയം പോസ് ചെയ്‍തതുപോലെ കാണാം 'പള്ളത്തില്‍'.
അരിയിട്ടപാറയിലെ ജൈവവൈവിധ്യങ്ങളെ മനസറിഞ്ഞ് ആസ്വദിച്ചാണ് ജയേഷ് പാടിച്ചാല്‍ ക്യാമറയിലാക്കിയിരിക്കുന്നത്. മനസ് നിറയുന്നതും ആശങ്കപ്പെടുത്തുന്നതുമായ പരിസ്ഥിതി കാഴ്‍ചകള്‍ ലോകത്തെയും കാണിക്കണമെന്ന ആഗ്രഹമാണ് പള്ളം എന്ന ഡോക്യുമെന്ററിക്ക് കാരണമെന്ന് ജയേഷ് പാടിച്ചാല്‍ പറയുന്നു.
തവളകളുടെ വ്യത്യസ്‍തമായ കാഴ്‍ചകള്‍, മുങ്ങാംകോഴികള്‍ മുട്ടയിട്ട് അടയിരുന്ന് കുഞ്ഞായി പറക്കമുറ്റന്നതുവരെയുള്ളത്, പുഴയില്‍ നിന്നും തോട്ടില്‍ നിന്നും അരിയിട്ടപാറയിലേക്ക് കയറിവരുന്ന മത്സ്യങ്ങള്‍, വിവിധ പക്ഷികള്‍ അങ്ങനെ കാഴ്‍ചകള്‍ ഏറെയാണ് പള്ളത്തില്‍. പള്ളം നേരിട്ടുകാണാൻ കൊതിപ്പിക്കുന്ന ദൃശ്യക്കാഴ്‍ചകള്‍. പക്ഷേ മനസറിവോടെ പരിസ്ഥിതിയെ ഉള്ളംചേര്‍ക്കാനുള്ള തീവ്രമായ ആഗ്രഹത്തോടെ ചുറ്റുപാടുകളിലേക്ക് കണ്ണുകള്‍ തുറന്നുപിടിക്കണം ഇതൊക്കെ കാണാൻ എന്ന് ജയേഷ് പാടിച്ചാല്‍ ക്യാമറയിലൂടെ പറയുന്നു.
പള്ളത്തിലെ ദൃശ്യക്കാഴ്‍ചകള്‍ കണ്ട് അരയിട്ട പാറ കയറുന്നവര്‍ക്ക് ഡോക്യുമെന്ററി കാഴ്‍ചകളുടെ പൊലിമയ്‍ക്കായി കണ്ണുതുറന്നു കാത്തിരിക്കണമെന്ന് ചുരുക്കം. അവിടെയാണ് ജയേഷ് പാടിച്ചാല്‍ എന്ന പരിസ്ഥിതി സ്‍നേഹിയും ഫോട്ടോഗ്രാഫറും അഭിനന്ദനം അര്‍ഹിക്കുന്നതും. വര്‍ഷങ്ങളോളമാണ് പള്ളം എന്ന ഡോക്യുമെന്ററിക്കായി ജയേഷ് പാടിച്ചാല്‍ അരിയിട്ടപാറയില്‍ ചുറ്റിത്തിരിഞ്ഞത്.
പള്ളത്തിന് മികച്ച സംവിധായകനുള്ള ലോഹിതദാസ് പുരസ്‍കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ ജയേഷ് പാടിച്ചാലിനെ തേടിയെത്തിയിട്ടുണ്ട്. സംവിധാനവും ഛായാഗ്രാഹണവും ജയേഷ് പാടിച്ചാല്‍ നിര്‍വഹിച്ച ഡോക്യുമെന്ററിയുടെ രചനയും വിവരണവും ഡോ. ഇ ഉണ്ണികൃഷ്‍ണനാണ്. മനോജ് കെ സേതുവാണ് എഡിറ്റിംഗ്. അജയ് ശേഖര്‍, അജു അമ്പാട്ട് എന്നിവര്‍ സംഗീതം ചെയ്‍തിരിക്കുന്നു. അനൂപ് വൈറ്റ്‍ലാൻഡാണ് റെക്കോര്‍ഡിംഗ്. സോണി ആര്‍ കെയാണ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ്. കെ രാമചന്ദ്രനാണ് സബ്‍ടൈറ്റില്‍. ക്രിയേറ്റീവ് സപോര്‍ടീവ്- ഡോ. സുധീഷ് പയ്യന്നൂര്‍. സാങ്കേതിക സഹായം- മുഹമ്മദാ ജുനൈദ്, ഷാനി പാടിച്ചാല്‍, പോസ്റ്റര്‍- ശരത് ലാല്‍, രാഹുല്‍ രാമകൃഷ്‍ണൻ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ