'ഹിറ്റ് വറുതി'യില്‍ ബോളിവുഡ്; രണ്‍വീര്‍ സിംഗ് ചിത്രത്തിനും ആദ്യദിനം നെഗറ്റീവ് റിവ്യൂ

Published : May 13, 2022, 05:58 PM IST
'ഹിറ്റ് വറുതി'യില്‍ ബോളിവുഡ്; രണ്‍വീര്‍ സിംഗ് ചിത്രത്തിനും ആദ്യദിനം നെഗറ്റീവ് റിവ്യൂ

Synopsis

ബോളിവുഡ് ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ കയറിപ്പറ്റാന്‍ തന്നെ പാടുപെടുമ്പോള്‍ തെലുങ്ക് ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകള്‍ തന്നെ 200 കോടി ക്ലബ്ബിലും അതിനു മുകളിലുമൊക്കെ കയറുന്നുണ്ട്

കൊവിഡ് കാലം ഏറ്റവും മോശമായി ബാധിച്ച ഇന്ത്യയിലെ ചലച്ചിത്ര വ്യവസായം ബോളിവുഡ് (Bollywood) ആയിരിക്കും. കൊവിഡിനു മുന്‍പ് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ചലച്ചിത്ര വ്യവസായമായിരുന്ന ബോളിവുഡിന് ഇന്ന് ആ പദവിയില്ല. മറിച്ച് തെലുങ്ക് വ്യവസായമാണ് ആ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ബോളിവുഡ് ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ കയറിപ്പറ്റാന്‍ തന്നെ പാടുപെടുമ്പോള്‍ തെലുങ്ക് ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകള്‍ തന്നെ 200 കോടി ക്ലബ്ബിലും അതിനു മുകളിലുമൊക്കെ കയറുന്നുണ്ട്. കന്നഡ ചിത്രം കെജിഎഫ് 2ന്‍റെ (KGF 2) ഹിന്ദി പതിപ്പ് 400 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. വലിയ പ്രതീക്ഷയോടെ എത്തിക്കൊണ്ടിരിക്കുന്ന ബോളിവുഡ് താരചിത്രങ്ങളൊക്കെ ഒന്നിനുപിന്നാലെ ഒന്നെന്ന നിലയില്‍ ബോക്സ് ഓഫീസില്‍ വീഴുന്ന കാഴ്ചയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഇന്ന് തിയറ്ററുകളിലെത്തിയ ഒരു താരചിത്രത്തിനും ആദ്യദിനം നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിക്കുന്നത്.

ബോളിവുഡില്‍ ഈ സീസണിലെ പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു രണ്‍വീര്‍ സിംഗ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജയേഷ്‍ഭായി ജോര്‍ദാര്‍ (Jayeshbhai Jordaar). നവാഗതനായ ദിവ്യാംഗ് ഥക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള ചിത്രമാണ്. ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച തിയറ്റര്‍ കൌണ്ടും ലഭിച്ചിരുന്നു. ഇന്ത്യയില്‍ 2250 സ്ക്രീനുകളും വിദേശ മാര്‍ക്കറ്റുകളില്‍ 1250 സ്ക്രീനുകളും. പക്ഷേ റിലീസ്‍ദിനത്തില്‍ മോശം അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെക്കുറിച്ച് പ്രചരിക്കുന്നത്.

ട്രേഡ് അനലിസ്റ്റുകളും പ്രേക്ഷകരില്‍ ഭൂരിഭാഗവും ചിത്രത്തെ ഒരുപോലെ തള്ളിപ്പറയുകയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് മോശം ചിത്രമെന്നാണ് ജയേഷ്ഭായിയെക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്. കൊടുത്തിരിക്കുന്ന റേറ്റിംഗ് അഞ്ചില്‍ ഒന്നര. ടൈറ്റില്‍ കഥാപാത്രമായി രണ്‍വീര്‍ സിംഗ് തിളങ്ങിയെങ്കിലും അമച്വറിഷ് അവതരണം ചിത്രത്തെ പിന്നോട്ടടിച്ചതായി അദ്ദേഹം പറയുന്നു. ട്രേഡ് അനലിസ്റ്റ് ആയ സുമിത് കദേലും ഒന്നര സ്റ്റാര്‍ ആണ് ചിത്രത്തിന് കൊടുത്തിരിക്കുന്നത്. വിനോദമോ നര്‍മ്മമോ ഇല്ലാത്ത ചിത്രം വിരസമാണെന്ന് അദ്ദേഹം പറയുന്നു.

 നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ പെണ്‍ ഭ്രൂണഹത്യ എന്ന ഗൌരവമുള്ള വിഷയമാണ് ചിത്രം പറയുന്നത്. ഗുജറാത്ത് ആണ് സിനിമയുടെ പശ്ചാത്തലം. ഭാര്യയും ഒരു മകളും അടങ്ങുന്നതാണ് ജയേഷ് ഭായിയുടെ കുടുംബം. ഭാര്യ രണ്ടാമത് ഗര്‍ഭിണിയാണ്. ഗ്രാമമുഖ്യനായ അച്ഛന്‍ രാംലാല്‍ പട്ടേലിന് ഇതൊരു ആണ്‍കുട്ടി ആവണമെന്നാണ് ആഗ്രഹം. കുടുംബത്തിനുള്ള അധികാരത്തിന് ഒരു അനന്തരാവകാശി വേണമെന്ന ആഗ്രഹത്താലാണ് ഇത്. ഈ സാഹചര്യം ജയേഷ് ഭായിക്ക് ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട്. രാംലാല്‍ പട്ടേലിനെ ബൊമാന്‍ ഇറാനി അവതരിപ്പിക്കുമ്പോള്‍ ജയേഷ്ഭായിയുടെ ഭാര്യ മുദ്ര പട്ടേലിനെ അവതരിപ്പിച്ചിരിക്കുന്നത് ശാലിനി പാണ്ഡേ ആണ്. അര്‍ജ്ജുന്‍ റെഡ്ഡിയിലൂടെ ശ്രദ്ധ നേടിയ ശാലിനിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. ഒരിടവേളയ്ക്കു ശേഷമാണ് രണ്‍വീര്‍ സിംഗ് സാധാരണക്കാരനായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്ത്രീവിരുദ്ധതയും ലിംഗ വിവേചനവുമൊക്കെ ചര്‍ച്ചയ്ക്കു വെക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് യാഷ് രാജ് ഫിലിംസ് ആണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ