
മലയാളികളും ഇതര ഭാഷക്കാരും ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ് ദൃശ്യം 3. ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി കൂടിയാണ്. ചിത്രം മികച്ചൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്ന് നേരത്തെ പുറത്തുവന്ന ട്രെയിലർ അടക്കമുള്ളവയിൽ നിന്നും സൂചന ലഭിച്ചിരുന്നു. അതിന്റെ ആവേശത്തിലാണ് മോഹൻലാൽ ആരാധകരും. ഏവരും ഒന്നടങ്കം കാത്തിരിക്കുന്ന ഈ ചിത്രം തിയറ്ററിൽ എത്താൻ ഇനി 3 ദിവസം മാത്രമാണ് ബാക്കി.
മെയ് 21ന് ആണ് ദൃശ്യം 3 തിയറ്ററുകളിൽ എത്തുക. മോഹൻലാലിന്റെ ജന്മദിനം കൂടിയാണ് അന്ന് എന്ന പ്രത്യേകതയും ഉണ്ട്. തന്‍റെ കുടുംബത്തിലേക്ക് വിളിക്കാതെ വന്ന അതിഥിയെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജോര്‍ജുകുട്ടിയും കുടുംബവും പൊലീസ് പിടിയിലാവുമോ അതോ നാലാം ക്ലാസുകാരന്‍റെ കൂര്‍മബുദ്ധി കൊണ്ട് വീണ്ടും രക്ഷപ്പെടുമോ എന്നറിയാനായാണ് ഏവരും കാത്തിരിക്കുന്നത്. മൂന്നാം ഭാഗം അല്പം ഇമോഷണലും ജോര്‍ജുകുട്ടിയ്ക്ക് പേടിയും നല്‍കുന്നുണ്ടെന്ന സൂചന ട്രെയിലര്‍ നൽകിയിരുന്നു.
യു/എ 13+ സർട്ടിഫിക്കറ്റാണ് ദൃശ്യം 3യ്ക്ക് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 2 ന് ആഗോള റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ മെയ് 21 ലേക്ക് നീട്ടുകയായിരുന്നു. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിൽ ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും. ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ദൃശ്യം 3 മലയാളം ഒറിജിനലിന്‍റെ ആഗോള തിയട്രിക്കല്‍, ഡിജിറ്റല്‍ റൈറ്റുകള്‍ വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ