Jersey Postponed : ഭീഷണിയായി 'കെജിഎഫ് 2', 'ബീസ്റ്റ്'; റിലീസ് അഞ്ചാമതും നീട്ടി ഷാഹിദ് കപൂറിന്‍റെ 'ജേഴ്സി'

Published : Apr 11, 2022, 12:02 PM ISTUpdated : Apr 11, 2022, 12:45 PM IST
Jersey Postponed : ഭീഷണിയായി 'കെജിഎഫ് 2', 'ബീസ്റ്റ്'; റിലീസ് അഞ്ചാമതും നീട്ടി ഷാഹിദ് കപൂറിന്‍റെ 'ജേഴ്സി'

Synopsis

പ്രോജക്റ്റ് പ്രഖ്യാപന സമയത്ത് 2020 ഓഗസ്റ്റില്‍ തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം

തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഇന്ത്യയൊട്ടാകെയുള്ള വിപണി വളര്‍ത്തുന്നതില്‍ ഒരു നാഴികക്കല്ല് ആയിരുന്നു എസ് എസ് രാജമൗലിയുടെ ബാഹുബലി. ഒരു ബോളിവുഡ് ഇതര ചിത്രത്തിന് രാജ്യത്തിനകത്തും പുറത്തും ഇത്രയും വിപണന സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ സിനിമാ വ്യവസായത്തെ ബോധ്യപ്പെടുത്തിയത് ബാഹുബലിയാണ്. പിന്നാലെയെത്തിയ ബാഹുബലി 2, കെജിഎഫ്, പുഷ്‍പ, രാജമൗലിയുടെ തന്നെ ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങള്‍ ബാഹുബലി 1ന്‍റെ വിജയം ഒരു ഒറ്റത്തവണ വിജയം ആയിരുന്നില്ലെന്ന് തെളിയിച്ചു. അതിനാല്‍ത്തന്നെ തെന്നിന്ത്യന്‍ ബിഗ് പ്രോജക്റ്റുകളെ ബോളിവുഡ് നിലവില്‍ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ബോളിവുഡ് ചിത്രങ്ങളുടെ റിലീസ് തീയതികള്‍ തീരുമാനിക്കേണ്ടി വരുമ്പോള്‍ പ്രധാന തെന്നിന്ത്യന്‍ റിലീസുകള്‍ ആ സമയത്ത് എത്തുന്നുണ്ടോ എന്നത് ഗൗരവത്തിലെടുക്കാന്‍ അവിടുത്തെ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു ബോളിവുഡ് ചിത്രം കൂടി അക്കാരണത്താല്‍ റിലീസ് നീട്ടിവച്ചിരിക്കുകയാണ്. ഷാഹിദ് കപൂര്‍ നായകനായ സ്പോര്‍ട്സ് ഡ്രാമ ചിത്രം ജേഴ്സിയാണ് (Jersey Movie) നിലവിലെ റിലീസ് തീയതി നീട്ടിയിരിക്കുന്നത്. ഇത് അഞ്ചാമത്തെ തവണയാണ് ഈ ചിത്രത്തിന്‍റെ റിലീസ് മാറ്റിവെക്കുന്നത്.

ഏപ്രില്‍ 14ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം ഏപ്രില്‍ 22ലേക്കാണ് മാറ്റിയിരിക്കുന്നത്. ഇതിന്‍റെ കാരണം നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും രണ്ട് പ്രധാന തെന്നിന്ത്യന്‍ റിലീസുകളുമായി ഉണ്ടാവുന്ന മത്സരം ഒഴിവാക്കാനാണ് ഇതെന്നാണ് സിനിമാലോകത്തിന്‍റെ നിരീക്ഷണം. ഇന്ത്യ മുഴുവന്‍ കാത്തിരിപ്പ് ഉയര്‍ത്തിയ കന്നഡ ചിത്രം കെജിഎഫ് 2 (KGF Chapter 2) ന്‍റെ റിലീസ് തീയതി ഏപ്രില്‍ 14ന് ആണ്. വിജയ് നായകാവുന്ന തമിഴ് ചിത്രം ബീസ്റ്റിന്‍റെ (Beast) റിലീസ് തൊട്ടു തലേദിവസവുമാണ്, ഏപ്രില്‍ 13ന്. തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകള്‍ സമീപകാലത്ത് മികച്ച ബോക്സ് ഓഫീസ് വിജയം നേടുന്നുണ്ട്. പുഷ്‍പ, വലിമൈ, ആര്‍ആര്‍ആര്‍ എന്നിവയുടെ ഹിന്ദി പതിപ്പുകളൊക്കെ ഇത്തരത്തില്‍ മികച്ച വിജയം നേടിയിരുന്നു.

തെലുങ്ക് സംവിധായകന്‍ ഗൗതം തിണ്ണനുറിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ജേഴ്സി. നാനിയെ നായകനാക്കി ഗൗതം 2019ല്‍ തെലുങ്കില്‍ ഒരുക്കിയ ഇതേപേരുള്ള ചിത്രത്തിന്‍റെ റീമേക്ക് ആണ് ചിത്രം. ജീവിതത്തില്‍ വിജയം നേടാന്‍ കഴിയാതെപോയ ഒരു ക്രിക്കറ്ററുടെ വേഷത്തിലാണ് ഷാഹിദ് എത്തുന്നത്. ഒരു ജെഴ്സി വേണമെന്ന മകന്‍റെ ആഗ്രഹം സാധിക്കാന്‍ തന്നെ കഷ്‍ടപ്പെടേണ്ട അവസ്ഥയിലാണ് അര്‍ജുന്‍ റായ്‍ചന്ദ് എന്ന നായക കഥാപാത്രം.

പ്രോജക്റ്റ് പ്രഖ്യാപന സമയത്ത് 2020 ഓഗസ്റ്റില്‍ തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം തന്നെ നീണ്ടുപോയി. മൃണാള്‍ താക്കൂര്‍ ആണ് നായിക. റോണിത് കംറ, ഷരദ് കേല്‍ക്കര്‍, പങ്കജ് കപൂര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദില്‍ രാജു, എസ് നാഗ വംശി, അമന്‍ ഗില്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം അനില്‍ മെഹ്‍ത, എഡിറ്റിംഗ് നവീന്‍ നൂലി, പശ്ചാത്തല സംഗീതം അനിരുദ്ധ് രവിചന്ദര്‍, സ്പോര്‍ട്‍സ് കൊറിയോഗ്രഫര്‍ റോബ് മില്ലര്‍, ആക്ഷന്‍ ഡയറക്ടര്‍ മനോഹര്‍ വര്‍മ്മ. കബീര്‍ സിംഗിന്‍റെ വന്‍ വിജയത്തിനു ശേഷം ഷാഹിദിന്‍റേതായി റിലീസ് ചെയ്യപ്പെടുന്ന ചിത്രവുമാണിത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'കോടതി വിധിയെ മാനിക്കുന്നു, നമ്മളെല്ലാവരും അവൾക്കൊപ്പം തന്നെ': നടി സരയു
'ഈഗ്ൾസ് ഓഫ് ദി റിപ്പബ്ലിക്ക്' മുതൽ 'നിർമാല്യം' വരെ; ഐ.എഫ്.എഫ്.കെയിൽ ഇന്ന് 72 ചിത്രങ്ങൾ