രണ്ട് മാസമായി ജോലിയില്ല, അതിജീവനത്തിന് പഴങ്ങള്‍ വിറ്റ് സിനിമാ താരം

By Web TeamFirst Published May 21, 2020, 3:03 PM IST
Highlights

കഴിഞ്ഞ രണ്ട് മാസമായി ജോലിയില്ലാതായതോടെ സൗത്ത് ദില്ലിയിലെ തെരുവുകളില്‍ പഴങ്ങള്‍ വില്‍ക്കുകയാണ് ദിവാകര്‍. 

ദില്ലി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകം  ലോക്ക്ഡൗണ്‍ ആയതോടെ ദശലക്ഷക്കണക്കിന് പേര്‍ക്കാണ് തൊഴിലില്ലാതായത്. 2020 ഏപ്രില്‍ ഇന്ത്യയില്‍ മാത്രം 20 നും 39 നും ഇടയില്‍ പ്രായമുള്ള ആറ് കോടി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇതോടെ എന്തെങ്കിലും ജോലി ചെയ്ത് ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമത്തിലാണ് ആളുകള്‍. 

ബോളിവുഡ് നടന്‍ സൊളാങ്കി ദിവാകറും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുകയാണ്. കഴിഞ്ഞ രണ്ട് മാസമായി ജോലിയില്ലാതായതോടെ സൗത്ത് ദില്ലിയിലെ തെരുവുകളില്‍ പഴങ്ങള്‍ വില്‍ക്കുകയാണ് ദിവാകര്‍. ഹവാ, ഹല്‍ക്കാ, കദ്വി ഹവാ, തിത്ലി, ഡ്രീം ഗേള്‍, സോഞ്ചിരിയ എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച നടനാണ് ദിവാകര്‍.  

ആഗ്രയിലെ വളരെ സാധാരണ കുടുംബത്തില്‍ ജനിച്ച ദിവാകര്‍ 1995 ല്‍ ദില്ലിയിലേക്ക് താമസം മാറുകയായിരുന്നു. ആദ്യ കാലങ്ങളില്‍ വീട്ടുജോലി ചെയ്താണ് ജീവിച്ചിരുന്നത്. പിന്നീട് പഴങ്ങള്‍ വില്‍ക്കാന്‍ തുടങ്ങിയ ഒരുപാട് നാളത്തെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ നാടകങ്ങളിലും സിനിമകളിലും ചെറിയ വേഷങ്ങള്‍ ലഭിച്ചുതുടങ്ങി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസുകള്‍ മുടങ്ങിയതോടെ സിനിമയിലെ അവസരവും നഷ്‍ടമായി.

ഇപ്പോള്‍ കുടുംബം പോറ്റാന്‍ മറ്റുവഴിയില്ലാതെ ജീവിതത്തില്‍ വീണ്ടും പഴക്കച്ചവടക്കാരന്‍റെ വേഷമണിയുകയാണ് സൊളാങ്കി ദിവാകര്‍. ''ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയതോടെ എനിക്ക് വാടക നല്‍കാനും കുടുംബത്തിലെ ആവശ്യങ്ങള്‍ക്കും പണം വേണ്ടി വന്നു. അതോടെ വീണ്ടും പഴങ്ങള്‍ വില്‍ക്കാനിറങ്ങി'' - ദിവാകര്‍ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

click me!