John Luther Movie : ജോണ്‍ ലൂഥര്‍ ഗള്‍ഫ് റിലീസ് ജൂണ്‍ 2ന്

Published : May 31, 2022, 11:33 PM IST
John Luther Movie : ജോണ്‍ ലൂഥര്‍ ഗള്‍ഫ് റിലീസ് ജൂണ്‍ 2ന്

Synopsis

കേരളത്തില്‍ 150 സ്ക്രീനുകളില്‍ മെയ് 27നാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്

ജയസൂര്യയെ (Jayasurya) നായകനാക്കി നവാഗതനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ജോണ്‍ ലൂഥറിന്‍റെ (John Luther) ഗള്‍ഫ് റിലീസ് ജൂണ്‍ 2ന്. ജയസൂര്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രം സ്വീകരിച്ച കേരളത്തിലെ പ്രേക്ഷകര്‍ക്ക് ജയസൂര്യ നേരത്തെ നന്ദി അറിയിച്ചിരുന്നു.

അങ്ങനെ ഒരു പുതിയ സംവിധായകന്‍ കൂടി മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ്. അഭിജിത്ത് ജോസഫ്. ജോണ്‍ ലൂഥര്‍ ഒരുപാട് പേര് കണ്ടിട്ട് എനിക്ക് മെസേജുകളിലൂടെയും കോളുകളിലൂടെയുമൊക്കെ അറിയിച്ചു, പടം ഇഷ്ടമായി എന്നു പറഞ്ഞിട്ട്. എല്ലാവര്‍ക്കും നന്ദി. കാണാത്ത ഒരുപാടധികം ആളുകളുണ്ടാവും. തീര്‍ച്ഛയായിട്ടും സിനിമ കാണുക. ഇതൊരു മഹത്തരമായ സിനിമ എന്നൊന്നും അവകാശപ്പെടുന്നില്ല. ഞങ്ങളുടെ ഒരു കുട്ടി ശ്രമമാണ്. എല്ലാവര്‍ക്കും ഇഷ്ടമായി എന്നറിഞ്ഞതില്‍ വലിയ സന്തോഷം. അഭിജിത്തില്‍ നിന്നും ഇനിയും ഒരുപാടൊരുപാട് സിനിമകള്‍ സംഭവിക്കട്ടെ. ഇതുപോലെ പുതിയ സംവിധായകര്‍ ഇനിയും കടന്നുവരട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത ഒരു വീഡിയോയിലൂടെ ജയസൂര്യ പറഞ്ഞിരുന്നു.

കേരളത്തില്‍ 150 സ്ക്രീനുകളില്‍ മെയ് 27നാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഒരു കേസന്വേഷണത്തിനിടെ ഏല്‍ക്കുന്ന പരിക്കില്‍ നിന്ന് കേള്‍വിത്തകരാറ് സംഭവിക്കുകയാണ് ജയസൂര്യ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്. ജയസൂര്യയുടെ എക്കാലത്തെയും വേറിട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ജോണ്‍ ലൂഥര്‍. ഇതിനോട് പടവെട്ടി അയാള്‍ അന്തിമ വിജയം നേടുമോ എന്നതിലേക്ക് പ്രേക്ഷകരുടെ ആകാംക്ഷയെ ക്ഷണിക്കുകയാണ് ചിത്രത്തില്‍ സംവിധായകന്‍. ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്‍മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാഗമണ്‍ ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. 

ALSO READ : റിയാസിനെ കൈയേറ്റം ചെയ്‍ത് റോബിന്‍; ബിഗ് ബോസില്‍ നിയമലംഘനം

അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്. സഹനിര്‍മ്മാണം ക്രിസ്റ്റീന തോമസ്, സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍, കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ് നവീൻ മുരളി, സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, ആക്ഷന്‍ ഫീനിക്സ് പ്രഭു, പരസ്യകല ആനന്ദ് രാജേന്ദ്രന്‍, വിതരണം സെഞ്ച്വറി റിലീസ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

PREV
Read more Articles on
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ