
വിഖ്യാത സംവിധായകന്‍ കെ ജി ജോര്‍ജ് മറവിരോഗം ബാധിച്ച് ഒരു വൃദ്ധസദനത്തിലാണെന്ന തരത്തില്‍ ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രചരണം വ്യാജം. ജോര്‍ജിന്റെ സുഹൃത്തും പ്രമുഖ തിരക്കഥാകൃത്തുമായ ജോണ്‍ പോളും കെ ജി ജോര്‍ജിനെക്കുറിച്ച് ഡോക്യുമെന്ററി ഒരുക്കുന്ന തരുണ്‍ ഭാസ്‌കരനും പ്രതീഷ് വിജയനും ഇതേക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തി. കെ ജി ജോര്‍ജ് നിലവില്‍ കാക്കനാട്ടുള്ള ഒരു ഫിസിയോതെറാപ്പി സെന്ററില്‍ ചികിത്സയിലാണെന്നും വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും ഡോക്യുമെന്ററിയുടെ സംവിധായകന്‍ തരുണ്‍ ഭാസ്‌കരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെ ജി ജോര്‍ജിനോട് നേരിട്ട് സിനിമ ചര്‍ച്ച ചെയ്യുന്നതിന്റെ വീഡിയോയും ഇരുവരും പുറത്തുവിട്ടിട്ടുണ്ട്.
തരുണ്‍ ഭാസ്‌കരന്റെ ഫേസ്ബുക്ക് കുറിപ്പ്
മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍ ആയ കെ ജി ജോര്‍ജ് സാറിനെക്കുറിച്ച് രണ്ടുദിവസമായി വാട്‌സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്ന ഒരു വ്യാജ വാര്‍ത്ത ആണ് ഈ പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചത്. Film Studies കാലഘട്ടത്തില്‍ ജോര്‍ജ് സാറിന്റെ ക്ലാസ്സില്‍ രണ്ട് വര്‍ഷം അദ്ദേഹത്തിന്റെ student ആയി പഠിച്ച സമയം മുതല്‍ മനസ്സില്‍ കുറിച്ചിട്ട ഒരു ആഗ്രഹം ആണ് അദ്ദേഹത്തിന്റെ സിനിമ ജീവിതത്തെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി. സാറിന്റെ തന്നെ മറ്റൊരു സ്റ്റുഡന്റ് ആയ Pratheesh vijayan എഴുതി എന്റെ ആദ്യ സംവിധാന സംരംഭം ആയ ഈ documentary കഴിഞ്ഞ എട്ട് വര്‍ഷമായി പലപ്പോഴായി ചിത്രീകരിച്ച് അവസാനഘട്ടത്തില്‍ ആണ്. ഇതിന്റെ ഭാഗമായി ജോര്‍ജ് സാറിനോട് വളരെയധികം അടുത്ത് ഇടപഴകാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പറയട്ടെ വ്യാജ വാര്‍ത്തകള്‍ക്ക് ചെവി കൊടുക്കാതിരിക്കുക. ജോര്‍ജ് സാര്‍ നിലവില്‍ കാക്കനാട് ഒരു ഫിസിയോ തെറാപ്പി സെന്ററില്‍ ചികിത്സയില്‍ ആണ്. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണ്. വാര്‍ത്ത പ്രചരിച്ച പോലെ ആരും തിരിഞ്ഞു നോക്കാതെ അല്‍ഷിമേഴ്സ് വന്ന് വൃദ്ധസദനത്തില്‍ ആണ് എന്നൊക്കെ പറയുന്ന സൈബര്‍ മനോരോഗികള്‍ക്കായി ആയി ഇന്നലെ (5/10/19) എടുത്ത ചിത്രം കൂടി ഇതിനോടൊപ്പം പോസ്റ്റ് ചെയ്യുന്നു.
ഈ വിഷയത്തില്‍ പ്രതികരണവുമായി തിരക്കഥാകൃത്ത് ജോണ്‍ പോളും വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചു. 'വ്യാജപ്രചരണം കണ്ട് സത്യാവസ്ഥ അറിയാന്‍ ഒരുപാട് പേര്‍ എന്നെ വിളിച്ചിരുന്നു. അവരോടൊക്കെ അത് പച്ചക്കള്ളമാണെന്നും അത്തരമൊരു ദുരന്താവസ്ഥയിലല്ല ജോര്‍ജ് എന്നും ഞാന്‍ പറഞ്ഞു. ജോര്‍ജ് ഇപ്പോഴുള്ള ഫിസിയോതെറാപ്പി കേന്ദ്രം ഒരു വൃദ്ധസദനമല്ല. മാസം എഴുപതിനായിരത്തോളം രൂപ ചിലവുള്ള സ്ഥലമാണ് അത്. അദ്ദേഹത്തിന്റെ മകളാണ് അതിനുവേണ്ട മുന്‍കൈ എടുത്തത്. രണ്ട് ദിവസം മുന്‍പ് ഏതാണ്ട് സമാനമായിട്ടാണ് മധുസാര്‍ ദിവംഗതനായി എന്നൊരു വ്യാജവാര്‍ത്തയും പ്രചരിക്കപ്പെട്ടത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കിട്ടുന്ന ഗൂഢമായ ആഹ്ലാദം എന്തുതന്നെ ആയാലും അത് പൈശാചികമാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ